മണികണ്ഠന് കുറുപ്പത്ത്
കാഞ്ഞാണി (തൃശ്ശൂര്‍): ഓടിത്തേഞ്ഞ് പഞ്ചറായി പെരുവഴിയില്‍ ആയാലും സുരേഷ് ബാബുവിന്റെ കൈയിലെത്തിയാല്‍ ഏതു ടയറിനും ഒരു പുതുജന്മം ഉറപ്പ്. ടയറുകളില്‍ വിത്തു പാകി വിളവെടുത്ത് നൂതന കാര്‍ഷിക സംസ്കാരത്തിന് മാതൃകയാവുകയാണ് താന്ന്യം സ്വദേശി താനപ്പറമ്പില്‍ സുരേഷ് ബാബു.
ഗള്‍ഫിലെ ജോലി ഉപേക്ഷിച്ച് 11 വര്‍ഷം മുന്‍പാണ് സുരേഷ് ബാബു നാട്ടില്‍ തിരിച്ചെത്തിയത്. ആ സമയത്ത് പച്ചമുളക് കൃഷി ചെയ്തായിരുന്നു തുടക്കം. മണ്ണിലെ ബാക്ടീരിയയുടെ ആധിക്യം മൂലം പച്ചമുളകെല്ലാം നശിച്ചു. അപ്പോഴാണ് ഇതിന് പ്രതിവിധിയായി മണ്ണില്‍ നേരിട്ടല്ലാതെ കൃഷി ചെയ്യുന്ന വിദ്യയെ കുറിച്ച് സുരേഷ് ബാബു ആലോചിക്കുന്നത്. താന്ന്യം കൃഷി ഓഫീസറായിരുന്ന ഡോ. വിവന്സിയോട് വിഷയം അവതരിപ്പിച്ചു. അങ്ങനെ ടയര്‍ ഗാര്‍ഡനിങ്ങ് എന്ന വിദ്യയിലേക്ക് എത്തുകയായിരുന്നു. സ്കൂട്ടറിന്റെ മുതല്‍ മണ്ണുമാന്തിയുടെ ടയര്‍ വരെ കൃഷിക്കായി ഉപയോഗിക്കുന്നുണ്ട് 65 കാരനായ സുരേഷ് ബാബു.
കഴിഞ്ഞ പ്രളയകാലത്ത് സുരേഷ് ബാബുവിന്റെ പറമ്പിലെ നിരവധി ചെടികള്‍ നശിച്ചെങ്കിലും ടയര്‍ പോട്ടുകള്‍ക്ക് കേടുപാടുണ്ടായില്ല. ഇദ്ദേഹത്തിന്റെ വീട്ടില്‍ ചെന്നാല്‍ പ്രളയകാലത്തെ അതിജീവിച്ച നിരവധി ടയര്‍ പോട്ടുകള്‍ കാണാം. പച്ചമുളക്, വെള്ളരി, പയര്‍, കയ്പക്ക, തക്കാളി, പുതിന തുടങ്ങി അലങ്കാര ചെടികള്‍ വരെ ഇവിടെ ടയറില്‍ കൃഷി ചെയ്യുന്നുണ്ട്. വൈഗ 2018 ലെ സമേതി അവാര്‍ഡ് സുരേഷ് ബാബുവിന് ലഭിച്ചിരുന്നു.
അടുക്കള മാലിന്യം വളമാക്കാന്‍ ടയറോബിന് മൂന്നു ടയറുകള്‍ ഉപയോഗിച്ച് വീട്ടിലെ അടുക്കള മാലിന്യത്തെ വളമാക്കുന്ന വിദ്യയാണ് ടയറോബിന്. വശങ്ങളില് ദ്വാരമിട്ട ടയറുകളുടെ മൂന്നു തട്ടില്‍ ഓരോന്നിലായി മാലിന്യങ്ങള്‍ നിക്ഷേപിക്കാം. ഓരോ തട്ടും നിറയുന്ന മുറയ്ക്ക് താ ഴേക്ക് മാറ്റുന്നതാണ് രീതി. മൂന്നാമത്തെ തട്ട് നിറയുമ്പോഴേക്കും ആദ്യത്തെ തട്ടിലെ വളമായി മാറിയിരിക്കും.
ടയര്‍ ഗാര്‍ഡനിങ് പഴയ ടയറുകള്‍ വാങ്ങി താമരയുടെയും മറ്റും രൂപത്തില്‍ ഭംഗിയായി വെട്ടിയെടുത്ത് നൈലോണ്‍ വല കൊണ്ട് കൂട്ടി ഉറപ്പിക്കും. ഈ ടയര്‍ പോട്ടുകളില്‍ ചകിരിച്ചോറും മണ്ണിര കമ്പോസ്റ്റും ചാണകപ്പൊടിയും നിറച്ച ശേഷമാണ് ചെടി നടുക. ജലം ആവശ്യത്തിനു മാത്രം നല്‍കണം. മണ്ണിന്റെ ഗുണമേന്മ നോക്കാതെ നൂറു ശതമാനം വിളവ് ടയര്‍ പോട്ടുകള്‍ വഴി ലഭിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: