ഉത്തരായനം പാര്‍ത്തുകിടക്കുന്ന സ്വന്തം പുത്രന്റെ അഭിപ്രായം കേള്‍ക്കാന്‍ ഗംഗാദേവി അവിടെ അവന്റെയടുത്തേക്കായി ഹംസരൂപികളായ മുനികളെ പറഞ്ഞുവിട്ടു. മാനസസരോവരവാസികളായ ആ ഹംസങ്ങള്‍ പെട്ടെന്ന് ഭീഷ്മസന്നിധിയില്‍ പറന്നെത്തി. അവര്‍ ശരതല്പത്തില്‍ക്കിടക്കുന്ന ഭീഷ്മനാകുന്ന കുരുമുഖ്യനെ കണ്ടു വലംവെച്ചു. ഭീഷ്മനെയും തെക്കുഭാഗത്തായി സൂര്യനെയും കണ്ടിട്ട് ആ താപസര്‍ പരസ്പരം പറഞ്ഞു, ”ദക്ഷിണായനകാലത്ത് ഈ ഭീഷ്മന്‍ മരിക്കുമോ?”എന്നു പറഞ്ഞിട്ട് തെക്കോട്ടു നോക്കി ഹംസരൂപങ്ങള്‍ പറന്നുപോയി.
അതുകേട്ടിട്ട് ഭീഷ്മന്‍ പറഞ്ഞു, ”ഹംസമുഖ്യരേ! ദക്ഷിണായനകാലത്ത് ഈ ഭീഷ്മന്‍ പോകില്ല. ഉത്തരായനവും പാര്‍ത്ത് ഞാന്‍ പ്രാണന്‍ താങ്ങിനിര്‍ത്തും. എന്റെ ഇഷ്ടംപോലെ പ്രാണത്യാഗം ചെയ്യാവുന്നതുകൊണ്ട് ഞാന്‍ ഉത്തരായനത്തില്‍ മരിക്കാന്‍ പ്രാണനേന്തും. മഹാത്മാവാകുന്ന എന്റെ അച്ഛന്‍ സ്വച്ഛന്ദമൃത്യുവാകെന്നു എനിക്കേകിയ വരവും സത്യമായിവരും. ഉന്മേഷം ദൃഢമായി നില്‍ക്കെ ഞാന്‍ പ്രാണനേന്തുന്നുണ്ട്.”എന്നു പറഞ്ഞുകൊണ്ട് ആ ശരശയ്യയില്‍ കിടപ്പായി. ആ വീര്യവാന്‍ യോഗവും പൂണ്ടു മഹിതോപനിഷത്തു ജപിച്ചുകൊണ്ട് സ്വര്‍ഗാരോഹണത്തിന് അനുകൂലകാലവും പാര്‍ത്തു കിടന്നു. ഇരുപക്ഷത്തെയും സൈന്യങ്ങളെ ക്രമത്തില്‍ പിന്‍വലിച്ചു. പാണ്ഡവര്‍ ചട്ടയൂരി ഭീഷ്മന്റെ സമീപമെത്തി. ഇരുസൈന്യത്തിലെയും യോദ്ധന്മാര്‍ ആ മഹാനെ ഉപാസിച്ചു. പാണ്ഡവന്മാരും കുരുക്കളും അഭിവാദ്യം ചെയ്തു നിന്നു. ഭീഷ്മന്‍ എല്ലാവരോടുമായി പറഞ്ഞു, ”സ്വാഗതം മഹാരഥന്മാരേ! നിങ്ങളെക്കാണുന്നതുകൊണ്ട് ഞാന്‍ ദേവതുല്യരായി ആനന്ദിക്കുന്നു. എന്റെ തല തൂങ്ങുന്നു. അതുകൊണ്ട് ഒരു തലയണ വേണ”മെന്നു പറഞ്ഞപ്പോള്‍ രാജാക്കന്മാര്‍ മൃദുലമായ തലയണകളെത്തിച്ചു. അതുകണ്ടു ചിരിച്ചുകൊണ്ട് ആ പിതാമഹന്‍ പറഞ്ഞു, ”ഇതൊന്നും വീരശയ്യക്കു ചേര്‍ന്നതല്ല നരേന്ദ്രരേ!” സര്‍വലോകമഹാരഥനായ ഭീഷ്മന്‍ പിന്നീട് പാണ്ഡവനായ അര്‍ജുനനെ നോക്കിപ്പറഞ്ഞു, ”മഹാബാഹുവായ ധനഞ്ജയ! എന്റെ തല തൂങ്ങുന്നുണ്ണീ! ചേര്‍ന്നതായിക്കാണുന്ന ഒരു തലയണ നീ എനിക്കു തരൂ.”
ഗാണ്ഡീവം കുലച്ച് പിതാമഹനെ കൂപ്പിയിട്ട് കണ്ണീര്‍ നിറഞ്ഞുകൊണ്ട് അവനിങ്ങനെ പറഞ്ഞു, ”കുരുശ്രേഷ്ഠ! കല്പിച്ചാലും. സര്‍വശസ്ത്രധരോത്തമാ ഞാന്‍ അങ്ങയുടെ ദാസനാണ്. വേണ്ടതെന്തെന്നു പറയൂ പിതാമഹാ!”അവനോട് പിതാമഹന്‍ പറഞ്ഞു, ”ഉണ്ണീ! എന്റെ തൂങ്ങുന്ന തലയോട് ഒരു തലയണചേര്‍ത്താലും. കിടക്കയ്‌ക്കൊത്ത തലയണ. വീര! വേഗം തരണേ. നീ ബുദ്ധിസത്വഗുണാഢ്യനാണ്. ക്ഷത്രധര്‍മ്മമറിയുന്നവനാണ്. സര്‍വ്വവില്ലാളികളിലും ഉത്തമനാണ്.”
”അവ്വണ്ണമാകട്ടെ,” എന്നേറ്റ അര്‍ജുനന്‍ ഗാണ്ഡീവമേന്തി മന്ത്രിച്ചുകൊണ്ട് മൊട്ടുഴിഞ്ഞ മൂന്നു കൂര്‍ത്തശരങ്ങളെ മഹാത്മാവായ ഭീഷ്മന്റെ തലയ്‌ക്കുനേര്‍ക്കെയ്തു. അവ ശിരസ്സിനെ താങ്ങിനിര്‍ത്തി. സന്തുഷ്ടനായ ഭീഷ്മന്‍ സവ്യസാചിയെ പുകഴ്‌ത്തി. ദേഹത്തേറ്റ അസ്ത്രങ്ങള്‍ പറിച്ചെടുക്കാന്‍ വിദഗ്ധരായ വൈദ്യന്മാര്‍ വന്നുചേര്‍ന്നു. അവരെ കണ്ടിട്ട് ഭീഷ്മന്‍ ”അവരെ ബഹുമാനിച്ചു പണം കൊടുത്തു വിട്ടേക്കൂ” എന്നു പറഞ്ഞു. ”ഞാന്‍ ഈ നിലയില്‍ കിടക്കെ വൈദ്യരെക്കൊണ്ടെന്തു കാര്യം? ക്ഷത്രധര്‍മ്മത്തോടെ പരസത്ഗ്ഗതി ഞാന്‍ നേടിയിരിക്കുന്നു. ശരതല്പത്തില്‍ വീണ എന്നെ അമ്പുകൊണ്ടുതന്നെ ദഹിപ്പിക്കണം.”
അവന്റെ വാക്കുകേട്ടു ദുര്യോധനന്‍ യോഗമാംവണ്ണം വൈദ്യരെ പൂജിച്ചു പറഞ്ഞയച്ചു. പാണ്ഡവരും കുരുക്കളും ഒന്നിച്ചുചെന്ന് പിതാമഹനെ മൂന്നുവട്ടം തലകുമ്പിട്ടു, മൂന്നുവട്ടം വലംവെച്ചു. യുധിഷ്ഠിരനോട് കൃഷ്ണന്‍ പറഞ്ഞു, ”ഭാഗ്യംകൊണ്ട് നാം ജയിക്കുന്നു കൗരവ്യ! ഭാഗ്യംകൊണ്ട് ഭീഷ്മന്‍ വീണുപോയി.” അതുകേട്ട ധര്‍മ്മപുത്രന്‍ കൃഷ്ണനോട് ഇങ്ങനെ പറഞ്ഞു, ”നീ കനിഞ്ഞാല്‍ വിജയമാണ്; നീ കോപിച്ചാല്‍ മടക്കവുമാണ്. കൃഷ്ണാ! നീ ഞങ്ങള്‍ക്ക് ഗതിയും അഭയവുമാണ്. പോരില്‍ നീ നിത്യവും രക്ഷചെയ്തു നന്മയോടെ നില്‍ക്കുകില്‍ അവര്‍ക്ക് ജയമെന്നത് ആശ്ചര്യമല്ലല്ലോ. നിന്നെക്കുറിച്ച് ഇത് ആശ്ചര്യകരവുമല്ലെന്നെനിക്കറിയാം.” കൃഷ്ണന്‍ ധര്‍മ്മപുത്രരെ നോക്കി ചിരിച്ചു. ദേഹം മുഴുവനും അസ്ത്രമേറ്റ് ഭീഷ്മന്‍ വേദനകൊണ്ട് വിവശനായി. ”എനിക്കു വെള്ളം തരൂ,”എന്നു പറഞ്ഞപ്പോള്‍ കൂടിനിന്ന രാജാക്കന്മാര്‍ ഓരോ പാനീയങ്ങളും ഭോജനങ്ങളുമെത്തിച്ചു. ”മനുഷ്യവര്‍ഗത്തെവിട്ട് ഈ ശരശയ്യയിലാണു ഞാന്‍. ഉത്തരായനം പാര്‍ത്തുകിടക്കുന്നവനാണു ഞാന്‍.”എന്നു ചൊല്ലി ശാന്തനായ അവന്‍ രാജാക്കളെ നിരസിച്ചു.
എനിക്ക് അര്‍ജുനനെ കാണണമെന്നു വിളിച്ചു പറഞ്ഞു. അപ്പോള്‍ ഭീഷ്മന്റെ അടുക്കലെത്തി ധനഞ്ജയന്‍ കാല്‍ക്കല്‍ കൂപ്പി, ഒതുങ്ങി തൊഴുതുകൊണ്ട് എന്താണു വേണ്ടതെന്നു ചോദിച്ചു. ഭീഷ്മന്‍ അഭിവാദ്യംചെയ്തു നില്‍ക്കുന്ന പാര്‍ത്ഥനെ കണ്ടിട്ട് പറഞ്ഞു, ”എന്റെ ദേഹം നിന്റെ അമ്പുകളേറ്റതുകൊണ്ട് ചുട്ടുപൊള്ളുന്നു. മര്‍മ്മങ്ങള്‍ വേദനിക്കുന്നു. മുഖവും വരളുന്നു. വേദനയെടുക്കുന്ന എനിക്ക് വെള്ളം തരൂ അര്‍ജുനാ! വേണ്ടവിധം വെള്ളം തരാന്‍ നിനക്കാകും പാര്‍ത്ഥാ!” ആവാമെന്നു പറഞ്ഞിട്ട് അര്‍ജുനന്‍ തേരില്‍ക്കേറി ഗാണ്ഡീവം കുലച്ചിട്ട് ബലമായി ആ വില്ലിട്ടുലച്ചു. ഇടിവെട്ടുംവണ്ണമുള്ള ചെറുഞാണൊലികേട്ട് സര്‍വഭൂതങ്ങളും രാജാക്കന്മാരും നടുങ്ങി. ആ തേരാളിസത്തമന്‍ കിടക്കും സര്‍വശസ്ത്രജ്ഞനെ പ്രദക്ഷിണംവെച്ച് ജ്വലിക്കുന്ന അമ്പെടുത്തത് പാണ്ഡവന്‍ പര്‍ജന്യാസ്ത്രത്തോടുചേര്‍ത്ത് തൊടുത്തു. ഭീഷ്മന്റെ വലംഭാഗം ഭൂമി പിളര്‍ന്നു തെളിഞ്ഞ ശുദ്ധജലധാരയുണ്ടായി. കുളിര്‍ത്ത് അമൃതംപോലെയും സുഗന്ധമുള്ളതുമായ ജലംകൊണ്ടു ഭീഷ്മനെ തൃപ്തനാക്കി. ഭൂമീശരെല്ലാം വിസ്മയപ്പെട്ടു നിന്നു.
(തുടരും)
പ്രതികരിക്കാൻ ഇവിടെ എഴുതുക: