ബെംഗളൂരു: കര്‍ണാടകയില്‍ ഹിജാബ് വിവാദം കത്തിപ്പടരുന്നതിനിടെ വിവിധ സ്കൂളുകളില്‍ കുട്ടികള്‍ ക്ലാസ്മുറികളില്‍ നിസ്കരിച്ചത് വിവാദമായി. സംഭവത്തില്‍ അന്വേഷണത്തിന് വിദ്യാഭ്യാസ വകുപ്പ് ഉത്തരവിട്ടു.
മംഗലാപുരം കഡബ താലൂക്കിലെ അങ്കത്തഡ്കയിലുള്ള സര്‍ക്കാര്‍ ഹയര്‍ പ്രൈമറി സ്കൂളിലെ ക്ലാസ്മുറിയില്‍ ഏതാനും വിദ്യാര്‍ഥികള്‍ നിസ്കരിക്കുന്നതിന്റെ വീഡിയോ സമൂഹ മാധ്യമങ്ങളില്‍ പ്രചരിച്ചു. അഞ്ചും ഏഴും ക്ലാസുകളില്‍ പഠിക്കുന്ന വിദ്യാര്‍ഥികള്‍ വെള്ളിയാഴ്ച ക്ലാസ്മുറിയില്‍ കൂട്ടപ്രാര്‍ഥന നടത്തിയിരുന്നു.
മംഗളൂരു ബ്ലോക്ക് എജ്യൂക്കേഷന്‍ ഓഫീസര്‍ കഡബ സ്കൂള്‍ അധികൃതരോട് വിശദീകരണം തേടി. വീഡിയോ ക്ലിപ്പിങ് വ്യാപകമായി പ്രചരിച്ചതോടെ വിദ്യാഭ്യാസ വകുപ്പിലെ ഉദ്യോഗസ്ഥരും ബെല്ലാരെ പോലീസും സ്ഥലം സന്ദര്‍ശിച്ചു. വെള്ളിയാഴ്ചത്തെ നിസ്കാരം ശ്രദ്ധയില്‍പ്പെട്ടിട്ടില്ലെന്നും മേലില്‍ ഇത്തരം പ്രവര്‍ത്തനങ്ങള്‍ നടത്തരുതെന്ന് വിദ്യാര്‍ഥികളോട് നിര്‍ദേശിച്ചിട്ടുണ്ടെന്നും പ്രിന്‍സിപ്പല്‍ ജലജ പറഞ്ഞു.
വെള്ളിയാഴ്ച പ്രാര്‍ഥനയ്ക്ക് പള്ളികളില്‍ പോകാന്‍ അനുമതി തേടി ഏതാനും വിദ്യാര്‍ഥികളുടെ രക്ഷിതാക്കള്‍ എത്തിയിരുന്നു. സ്കൂളില്‍ നിസ്കരിക്കാന്‍ അനുമതി നല്‍കിയിരുന്നില്ല. അധ്യാപകര്‍ ഭക്ഷണം കഴിക്കാന്‍ പോയ സമയം വിദ്യാര്‍ഥികള്‍ ക്ലാസ്മുറിയുടെ വാതില്‍ അടച്ച് നിസ്കരിക്കുകയായിരുന്നുവെന്ന് പ്രിന്‍സിപ്പല്‍ പറഞ്ഞു. ക്ലസ്റ്റര്‍ റിസോഴ്സ് പേഴ്സണോട് സ്കൂള്‍ സന്ദര്‍ശിച്ച് വിവരങ്ങള്‍ ശേഖരിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ നിര്‍ദേശിച്ചതായി ബിഇഒ സി. ലോകേഷ് പറഞ്ഞു.
ബാഗല്‍കോട്ടിലെ ഇല്‍കുളിലുള്ള സര്‍ക്കാര്‍ സ്കൂളിലും ആറ് വിദ്യാര്‍ഥികള്‍ നിസ്കരിച്ചു. ആറ് പേര് ഒന്നിച്ച് വരാന്തയിലിരുന്നാണ് നിസ്കാരം നടത്തിയത്. ഇതിന്റെ വീഡിയോ പ്രചരിച്ചതോടെ പ്രതിഷേധവുമായി നിരവധി പേര് രംഗത്തെത്തി. സ്കൂള്‍ കാമ്പസില്‍ നിസ്കരിക്കരുതെന്ന് പ്രിന്‍സിപ്പല്‍ നല്കിയ പ്രത്യേക നിര്‍ദേശം വകവയ്ക്കാതെയായിരുന്നു ഇത്. സംഭവത്തിലും സ്കൂള്‍ മാനേജ്മെന്റിനോട് ബ്ലോക്ക് വിദ്യാഭ്യാസ ഓഫീസര്‍ റിപ്പോര്‍ട്ട് തേടി.
അടുത്തിടെ ക്ലാസ്മുറിയില്‍ നിസ്കരിക്കാന്‍ അനുവദിച്ച ബെംഗളൂരുവിലെ ബാലെ ചങ്കപ്പ സര്‍ക്കാര്‍ ഹയര്‍ പ്രൈമറി സ്കൂള്‍ പ്രിന്‍സിപ്പലിനെ സസ്പെന്‍ഡ് ചെയ്തിരുന്നു. ഇരുപതോളം വിദ്യാര്‍ഥിനികള്‍ക്കാണ് ക്ലാസില്‍ നിസ്കരിക്കാന്‍ അനുവാദം നല്‍കിയത്. സമാനമായ സംഭവം കോലാര്‍ ജില്ലയിലും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ മതാചാരങ്ങളും പ്രാര്‍ഥനകളും നടത്താനുള്ള സ്ഥലമല്ലെന്നും ഇത്തരം സംഭവങ്ങള്‍ക്കെതിരേ കര്‍ശന നടപടി സ്വീകരിക്കുമെന്നും കര്‍ണാടക വിദ്യാഭ്യാസ മന്ത്രി ബി.സി. നാഗേഷ് വ്യക്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: