പൊന്‍കുന്നം (കോട്ടയം): റബ്ബറില്‍ ഉണ്ടാകുന്ന ഇലരോഗങ്ങളെ പ്രതിരോധിക്കാന്‍ ക്രൗണ്‍ ബഡ്ഡിങ് പ്രോത്സാഹിപ്പിച്ച് റബ്ബര്‍ ബോര്‍ഡ്. കാലാവസ്ഥാ വ്യതിയാനവും തുടര്‍ച്ചയായ മഴയും കാരണം ഇലരോഗങ്ങള്‍ കൂടുന്ന സാഹചര്യത്തിലാണിത്.
ഇലകള്‍ രോഗം ബാധിച്ച് നശിക്കുന്നത് വലിയതോതിലുള്ള ഉത്പാദന നഷ്ടത്തിനിടയാക്കുന്നു. റബ്ബറിനെ ബാധിക്കുന്ന രോഗങ്ങള്‍ക്കെതിരെ ഫലപ്രദമായ പ്രതിരോധ മാര്‍ഗ്ഗങ്ങള്‍ റബ്ബര്‍ ബോര്‍ഡ് കണ്ടുപിടിച്ചിട്ടുണ്ട്. എന്നാല്‍ കാലാവസ്ഥാ മാറ്റങ്ങള്‍ അവ നടപ്പാക്കുന്നതില്‍ പ്രായോഗിക ബുദ്ധിമുട്ടുകളുണ്ടാക്കുന്നു. ഈ സാഹചര്യത്തിലാണ് ക്രൗണ്‍ ബഡ്ഡിങ് പ്രോത്സാഹിപ്പിക്കുന്നത്.
റബ്ബര്‍ ബോര്‍ഡ് ശിപാര്‍ശ ചെയ്തിട്ടുള്ള ഉയര്‍ന്ന ഉത്പാദന ശേഷിയുള്ള റബ്ബറിനത്തിന്റെ തൈത്തണ്ടില്‍ രണ്ടര-മൂന്നു മീറ്റര്‍ ഉയരത്തില്‍ ഇലരോഗങ്ങളെ ചെറുക്കാന്‍ ശേഷിയുള്ള മറ്റൊരിനം ബഡ്ഡ് ചെയ്ത് പിടിപ്പിക്കുന്നതാണ് ക്രൗണ്‍ ബഡ്ഡിങ്. ഇങ്ങനെ ചെയ്യുമ്പോള്‍ റബ്ബര്‍ മരത്തിന്റെ ടാപ്പ് ചെയ്യാനുദ്ദേശിക്കുന്ന തായ്ത്തടി ഉത്പാദനശേഷി കൂടിയ ഇനത്തിന്റെയും, ശാഖകളും ഇലകളും രോഗപ്രതിരോധ ശേഷിയുള്ള മറ്റൊരു ഇനത്തിന്റേതുമാകും. ഇത്തരം മരങ്ങളിലെ ഇലകള്‍ രോഗത്തെ പ്രതിരോധിക്കുന്നതായും കണ്ടെത്തിയിട്ടുണ്ട്. തായ്ത്തടി ഉത്പാദനശേഷി കൂടിയ ഇനത്തിന്റേതായതിനാല് മെച്ചപ്പെട്ട ആദായവും ലഭിക്കും.
ഇന്ത്യന്‍ റബ്ബര്‍ ഗവേഷണകേന്ദ്രത്തില്‍ 1970ലാണ് ഇതുമായി ബന്ധപ്പെട്ട പരീക്ഷണങ്ങള്‍ ആരംഭിച്ചത്. ക്രൗണ്‍ ബഡ്ഡിങ് നടത്തിയ തോട്ടത്തില്‍ ഇലകൊഴിച്ചില്‍ വളരെ കുറവാണെന്ന് കണ്ടെത്തി. റബ്ബര്‍ പാലിന്റെ ഗുണത്തിലും വ്യത്യാസമില്ല. മരുന്ന് തളിക്കേണ്ടതായി വന്നിട്ടില്ലെന്നുള്ളതാണ് മറ്റൊരു പ്രത്യേകത. ഇല കൊഴിയാത്തതുകൊണ്ട് വേനല്‍ക്കാലത്ത് ടാപ്പിങ് നിര്‍ത്തേണ്ട സാഹചര്യവുമില്ല. കപ്പ് തൈകളില്‍ ക്രൗണ്‍ ബഡ്ഡിങ് നടത്തുന്നതിനുള്ള പരീക്ഷണങ്ങള്‍ ഇന്ത്യന്‍ റബ്ബര്‍ ഗവേഷണ കേന്ദ്രത്തില്‍ പുരോഗമിക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: