തൊടുപുഴ: നഗരവാസികള്‍ക്ക് ആശങ്കയ്ക്കൊപ്പം കൗതുകവുമായി തൊടുപുഴയിലെത്തിയ കുരങ്ങ്. ഹനുമാന് കുരങ്ങ് എന്ന പേരില്‍ അറിയപ്പെടുന്ന കുരങ്ങിനെയാണ് ഇന്നലെ പകല്‍ നഗരത്തില്‍ കണ്ടെത്തിയത്. ഇടുക്കി റോഡില്‍ മാര്‍തോമ പള്ളിക്ക് പിന്‍ഭാഗത്തെ വീടുകളുടെ മുകളിലും മരങ്ങളിലും ചാടി നടക്കുന്ന നിലയിലാണ് കുരങ്ങിനെ സമീപവാസികള്‍ കണ്ടത്.
ഇതിനുശേഷം കുരങ്ങ് റോഡ് കുറുകെ കടന്ന് പുഴയോരത്ത് എത്തി. പിന്നീട് വൈകിട്ടോടെ ഇവിടെയുള്ള ഒരു കെട്ടിടത്തിന്റെ മുകളില്‍ സ്ഥാപിച്ചിരിക്കുന്ന സ്വകാര്യ മൊബൈല്‍ ടവറില്‍ കയറി. വിവരം അറിയിച്ചതിനെ തുടര്‍ന്ന് വനപാലകര്‍ കുരങ്ങിനെ പിടികൂടാന്‍ ശ്രമം ആരംഭിച്ചു. വനമേഖലയില്‍ നിന്ന് ലോറിയുടെ മുകളില്‍ കയറി നഗരത്തില്‍ എത്തപ്പെട്ടതാകാം ഇതെന്നാണ് വനപാലകരുടെ നിഗമനം.
ഏതാനും ദിവസം മുന്‍പ് മൂവാറ്റുപുഴ റോഡില്‍ കദളിക്കാട് ഭാഗത്തും കുരങ്ങിനെ കണ്ടതായി വനപാലകര്‍ പറഞ്ഞു. അതേ സമയം ആളുകളുമായി അത്രം അടുപ്പം പുലര്‍ത്താത്ത അപൂര്‍വമായി കാണാന്‍ കഴിയുന്ന ഹനുമാന് കുരങ്ങ് കാഴ്ചക്കാര്‍ക്ക് ഏറെ കൗതുകമായിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: