ഉത്തര്‍പ്രദേശ് കൂടി കശ്മീരോ ബംഗാളോ കേരളമോ ആയാല്‍ പിന്നെ ഭാരതം എന്ന സങ്കല്‍പ്പം പോലും ഉണ്ടാകില്ല. അതുകൊണ്ടാണ് യു.പി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് വോട്ട് ചെയ്യുന്നതിന് മുന്‍പ് ജനങ്ങള്‍ക്ക് മുന്നറിയിപ്പ് നല്‍കിയത്. അദ്ദേഹം അങ്ങനെ പറഞ്ഞതിന് പിന്നില്‍ എന്തെങ്കിലും വസ്തുതയുണ്ടോ? യോഗിയെ മര്യാദ പഠിപ്പിക്കാന്‍ ഇറങ്ങുന്നതിന് മുന്‍പ് കേരളത്തിന്റെ ഭരണാധികാരികള്‍ ഇക്കാര്യം പരിശോധിക്കേണ്ടേ?
താരതമ്യം ചെയ്യപ്പെടുന്നത് എപ്പോഴും സമാന സ്വഭാവമുള്ള കാര്യങ്ങളാണ്. സച്ചിന്‍ തെണ്ടുല്‍ക്കറെ മറഡോണയുമായി താരതമ്യം ചെയ്യാത്തത് പോലെ മെസിയെ ജസി ഓവന്‍സുമായും താരതമ്യം ചെയ്യാന്‍ സാധ്യമല്ല. ഇവിടെ യോഗി എടുത്തു പറഞ്ഞ കശ്മീരിനും ബംഗാളിനും കേരളത്തിനും സമാനമായുള്ളത് തീവ്രവാദ ശക്തികളുടെ സാനിധ്യമാണ്. ന്യൂനപക്ഷ പ്രീണനത്തിന്റെ ഭാഗമായി കേരളം അതിവേഗം കശ്മീരായി മാറുന്നു എന്നത് വി എസ് അച്യുതാനന്ദനും എ കെ ആന്റണിയും ഉള്‍പ്പടെയുള്ളവര്‍ ചൂണ്ടിക്കാണിച്ചിട്ടുള്ളതാണ്. ന്യൂനപക്ഷ പ്രീണനത്തിന്റെ ഭയാനകമായ മുഖം കഴിഞ്ഞ തിരഞ്ഞെടുപ്പിന് ശേഷം ബംഗാളില്‍ കണ്ടതുമാണ്. രാജ്യത്ത് ഏറ്റവും കൂടുതല്‍ യുവാക്കള്‍ തീവ്രവാദ ക്യാമ്പുകളിലേക്ക് ആകര്‍ഷിക്കപ്പെടുന്നത് കേരളത്തില്‍ നിന്നാണെന്ന കാര്യം ആര്‍ക്കും അറിയാത്തതല്ല. കേരളം തീവ്രവാദത്തിന്റെ നഴ്‌സറിയായി മാറിക്കഴിഞ്ഞിരിക്കുന്നുവെന്നും ലോകത്ത് ഭീകരവാദ പ്രവര്‍ത്തനമുള്ളിടത്തെല്ലാം മലയാളി സാനിധ്യം ഉണ്ടെന്നുമുള്ള വസ്തുത നമുക്കാര്‍ക്കും നിഷേധിക്കാനുമാകില്ല. അതു കൊണ്ടു തന്നെ യോഗി ആദിത്യനാഥ് നല്‍കിയ മുന്നറിയിപ്പ് തീവ്രവാദ പ്രവര്‍ത്തനത്തിലുള്ള സമാനതയാണെന്ന് വ്യക്തമാകും.
കേരളത്തെ ഉപദേശിക്കാന്‍ യോഗിക്കെന്ത് യോഗ്യത എന്നാണ് ചിലരുടെ ചോദ്യം.കേരളം ഉത്തര്‍പ്രദേശിനെക്കാള്‍ മുന്നിലായതിനാല്‍ നമ്മെ ആരും ഉപദേശിക്കണ്ടാ എന്നതാണ് ന്യായം. കേരള പല കാര്യങ്ങളിലും യുപിയേക്കാള്‍ മുന്നിലാണ് എന്നത് വസ്തുതയാണ്. അവിടെയും താരതമ്യ നിയമം ബാധകമാണ്. വിവിധ വികസന സൂചികകള്‍ പരിശോധിക്കുമ്പോള്‍ കേരളത്തേയും യുപിയേയും ഒരേ തട്ടിലല്ല വിദഗ്‌ദ്ധര്‍ പരിഗണിക്കുന്നത് എന്ന് മനസിലാക്കണം. ഇന്ത്യന്‍ സംസ്ഥാനങ്ങളെ മൂന്ന് തട്ടുകളിലായി തിരിച്ചാണ് വികസന സൂചികകള്‍ താരതമ്യം ചെയ്യുന്നത്. ചെറിയ സംസ്ഥാനങ്ങള്‍, വലിയ സംസ്ഥാനങ്ങള്‍, വടക്ക്കിഴക്ക് സംസ്ഥാനങ്ങള്‍ എന്നിങ്ങനെ. അതില്‍ കേരളം ചെറു സംസ്ഥാന പട്ടികയിലും യുപി വലിയ സംസ്ഥാന പട്ടികയിലുമാണ് വരിക. കാരണം കേരളത്തിന്റെ ആകെ വിസ്തീര്‍ണ്ണം 38,863 സ്‌ക്വയര്‍ കിലോമീറ്ററും യുപിയുടേത് 2,43,286 സ്‌ക്വയര്‍ കിലോമീറ്ററുമാണ്. ഇന്ത്യയുടെ 1.18% സ്ഥലമാണ് കേരളം.അതേ സമയം രാജ്യത്തിന്റെ 7.5 % സ്ഥലവും ഉത്തര്‍പ്രദേശാണ്. മലയാളികള്‍ ആകെ ജനസംഖ്യയുടെ 3.43% ആണുള്ളതെങ്കില്‍ രാജ്യത്തെ ആറിലൊന്ന് ജനങ്ങളും (16.55 %) ഉത്തര്‍പ്രദേശിലാണ് അധിവസിക്കുന്നത്. ഏത് അളവുകോല്‍ വെച്ചു നോക്കിയാലും അജഗജാന്തരം ഉണ്ടെന്ന് വ്യക്തം. ഇരു സംസ്ഥാനങ്ങളും തമ്മില്‍ സമാനതകളില്ലാത്തതിനാല്‍ തന്നെ താരതമ്യവും സാധ്യമല്ലെന്ന് ചുരുക്കം.
ഇനി ചില കണക്കുകള്‍…
സ്വാതന്ത്ര്യം നേടിയതിന് ശേഷം രാജ്യത്ത് ആദ്യ കണക്കെടുപ്പ് നടന്നത് 1951 ലാണ്. ആദ്യ സെന്‍സസ് വിവരങ്ങള്‍ അനുസരിച്ച്
രാജ്യത്ത് വെറും 18.3 ശതമാനം ആള്‍ക്കാര്‍ മാത്രം സാക്ഷരരായിരുന്നപ്പോള്‍ കേരളത്തിലെ സാക്ഷരതാ നിരക്ക് 47.18% ആയിരുന്നു. അതേ സമയം ഉത്തര്‍ പ്രദേശിലേത് വെറും 12 ശതമാനവും. 2020 ലെ കണക്ക് അനുസരിച്ച് കേരളത്തില്‍ 96% സാക്ഷരത ഉള്ളപ്പോള്‍ യുപിയില്‍ 73% സാക്ഷരതയുണ്ട്.
1951 ല്‍ രാജ്യത്തെ ശിശുമരണ നിരക്ക് ആയിരത്തിന് 146.73 ആയിരുന്നു എങ്കില്‍ കേരളത്തില്‍ അത് 20 ല്‍ താഴെയായിരുന്നു. 2021 ല്‍ രാജ്യത്തെ ശിശു മരണനിരക്ക് 29 ലേക്ക് കൂപ്പു കുത്തിയപ്പോള്‍ കേരളത്തിന് അത് 6 ആക്കാന്‍ കഴിഞ്ഞു.
1951 ല്‍ രാജ്യത്തെ ആയുര്‍ ദൈര്‍ഘ്യം വെറും 32 വയസായിരുന്നു
എങ്കില്‍ കേരളത്തില്‍ അത് അക്കാലത്ത് തന്നെ 46 വയസിന് മുകളില്‍ ആയിരുന്നു.
ചുരുക്കി പറഞ്ഞാല്‍ സാക്ഷരത, ശിശുമരണ നിരക്ക്, ആയുര്‍ദൈര്‍ഘ്യം എന്നിവയിലെല്ലാം കേരളം രാജ്യ ശരാശരിയേക്കാള്‍ മുന്നിലും യുപി വളരെ പിന്നിലുമായിരുന്നു. 2021 ല്‍ കേരളം അനുഭവിക്കുന്ന നേട്ടങ്ങള്‍ വളരെ നേരത്തെ തന്നെ നമുക്കുണ്ടായിരുന്നതിന്റെ തുടര്‍ച്ചയായിരുന്നു എന്ന് വ്യക്തം. അന്നത്തെ മികവിനനുസരിച്ചുള്ള മുന്നേറ്റം കേരളത്തിനുണ്ടായോ എന്നത് പഠന വിഷയമാണ്.
ഉത്തര്‍പ്രദേശിനെ 40 വര്‍ഷത്തോളം ഭരിച്ച കോണ്‍ഗ്രസ്, 11 വര്‍ഷം ഭരിച്ച സമാജ് വാദി പാര്‍ട്ടി, 6 വര്‍ഷം ഭരിച്ച ബഹുജന്‍ സമാജ് വാദി പാര്‍ട്ടി എന്നിവരുടെ കെടുകാര്യസ്ഥത കൂടി ചര്‍ച്ച ചെയ്യേണ്ടതാണ്. ഉത്തര്‍ പ്രദേശില്‍ ഇന്നും പല കണക്കിലും പിന്നാക്കം നില്‍ക്കുന്നുവെങ്കില്‍ ഈ മൂന്ന് പാര്‍ട്ടികളാണ് ഉത്തരവാദികള്‍. ഇവരുടെ അഴിമതിയും കെടുകാര്യസ്ഥതയും തകര്‍ത്തെറിഞ്ഞ ഉത്തര്‍പ്രദേശിനെ അതിവേഗം വികസന പാതയിലേക്ക് കൈപിടിച്ചുയര്‍ത്തിയ മുഖ്യമന്ത്രിയാണ് യോഗി ആദിത്യ നാഥ് എന്ന് കണക്കുകള്‍ പരിശോധിച്ചാല്‍ മനസിലാകും.
യോഗി ഭരണത്തിലെത്തുമ്പോള്‍ യുപിയിലെ ശിശു മരണ നിരക്ക് ആയിരത്തിന് 63 ആയിരുന്നു എങ്കില്‍ ഇന്ന് അത് 41 ആണ്.
2016 വരെ 12 മെഡിക്കല്‍ കോളേജുകള്‍ മാത്രമാണ് സംസ്ഥാനത്ത് ഉണ്ടായിരുന്നതെങ്കില്‍ ഇന്ന് അത് 52 ആയി ഉയര്‍ന്നു. 75 ജില്ലകളിലും ഓരോ മെഡിക്കല്‍ കോളേജ് എന്ന ലക്ഷ്യത്തിലേക്ക് സംസ്ഥാനം അതി വേഗം നടന്നടുക്കുകയും ചെയ്യുന്നു.
2016 വരെ 1900 മെഡിക്കല്‍ സീറ്റുകളാണ് യുപിയില്‍ ഉണ്ടായിരുന്നതെങ്കില്‍ കഴിഞ്ഞ 5 വര്‍ഷം കൊണ്ട് പുതിയ 2000 സീറ്റുകള്‍ കൂടി അനുവദിച്ചു.
2017 ല്‍ 18 % ആയിരുന്ന തൊഴിലില്ലായ്മ 2022 ല്‍ വെറും 3% ആയി
വര്‍ഗ്ഗീയ കലാപങ്ങളുടെ നാടായിരുന്ന യുപിയില്‍ സമാധാനം കൊണ്ടു വന്നത് യോഗിയാണ്. ബി.എസ്.പി ഭരിച്ച 200712 കാലത്ത് 364 കലാപങ്ങളാണ് നടന്നത്. എസ്. പി ഭരിച്ച 20122017 കാലത്ത് 700ല്‍ അധികം വര്‍ഗ്ഗീയ കലാപങ്ങള്‍ യുപിയില്‍ അരങ്ങേറി. എന്നാല്‍ യോഗി ഭരിച്ച 5 വര്‍ഷം യുപിയില്‍ വര്‍ഗ്ഗീയ കലാപം സംഭവിച്ചതേയില്ല.
2017 ല്‍ രാജ്യത്തെ 6ാമത്തെ സമ്പദ് വ്യവസ്ഥയായിരുന്ന യു.പി ഇന്ന് 2 ാം സ്ഥാനത്താണ്.
പ്രതിശീര്‍ഷ വരുമാനം 45,000ത്തില്‍ നിന്ന് 94,000 ആയി ഉയര്‍ന്നു.
2017 ല്‍ 2 ലക്ഷം കോടിയുടെ ബജറ്റ് ആയിരുന്നു സംസ്ഥാനത്തിന്റേത് എങ്കില്‍ ഇപ്പോള്‍ അത് 6 ലക്ഷം കോടിയുടേതാണ്.
155 കൊടുംക്രിമിനലുകളെ വെടിവെച്ചു കൊന്നു
48,038 ക്രിമിനലുകളെ ഗുണ്ടാ നിയമപ്രകാരം ജയിലിലാക്കി
694 പേരെ ദേശസുരക്ഷാ നിയമ പ്രകാരം തടവിലാക്കി.
രാഷ്‌ട്രീയ സംരക്ഷണം ലഭിച്ചു പോന്ന ക്രിമിനലുകളുടെ 2046 കോടി രൂപയുടെ സ്വത്ത് കണ്ടു കെട്ടുകയോ ഇടിച്ചു നിരത്തുകയോ ചെയ്തു.
ഇത്തരം നടപടികളിലൂടെ സംസ്ഥാനത്ത് പിടിച്ചു പറി കേസില്‍ 58% കുറവ്.കവര്‍ച്ചാ കേസ് 64 % കുറവ്.കൊലപാതക കേസ് 23% കുറവ്.പണത്തിന് വേണ്ടി തട്ടിക്കൊണ്ട് പോകല്‍ 53% കുറവ്.ബലാത്സംഗം 43 % കുറവ് .ഒക്കെ സംഭവിച്ചു.
വ്യവസായ സൗഹൃദ സംസ്ഥാന പദവി 14 ല്‍ നിന്ന് 2 ലേക്ക് ഉയര്‍ത്തി
പൊലീസിലെ 1.5 ലക്ഷം ഒഴിവ് നികത്തി. സംസ്ഥാനത്തെ 18 പൊലീസ് റേഞ്ചുകളിലും ഫോറന്‍സിക് ലാബ്സ്ഥാപിച്ചു.
86 ലക്ഷം കര്‍ഷകരുടെ 36,000 കോടി രൂപയുടെ വായ്പ എഴുതി തള്ളി
കോവിഡ് മൂലം തിരികെ വന്ന 40 ലക്ഷം തൊഴിലാളികളെ പുനരധിവസിപ്പിച്ചു
സംസ്ഥാനത്ത് 551 ഓക്‌സിജന്‍ പ്ലാന്റുകള്‍ സ്ഥാപിച്ചു. എല്ലാ ജില്ലകളും ഇന്ന് ഓക്‌സിജന്റെ കാര്യത്തില്‍ സ്വയം പര്യാപ്തമായി.
കഴിഞ്ഞ 5 വര്‍ഷം സംഭവിച്ച നന്മകളില്‍ ചിലതു മാത്രമാണിത്.
മികച്ച തുടക്കം കിട്ടിയ ഉയര്‍ന്ന അടിസ്ഥാന സൗകര്യമുണ്ടായിരുന്ന കേരളത്തിന് ഈ മേഖലകളിലൊക്കെ എത്രമാത്രം മുന്നോട്ടു പോകാനായി എന്ന് കൂടി വിലയിരുത്തണം. രാജ്യത്ത് ഏറ്റവും കൂടുതല്‍ ജനസംഖ്യയുള്ള, ഒരു രാജ്യമായിരുന്നെങ്കില്‍ ജനസംഖ്യയുടെ കാര്യത്തില്‍ അഞ്ചാമത്തെ രാജ്യമാകുമായിരുന്ന സംസ്ഥാനമാണ് യു.പി. അതിനെ വെറും 3.3 കോടി ജനങ്ങളുള്ള കേരളവുമായി താരതമ്യം ചെയ്ത് നാം വീണ്ടും ചെറുതാകരുത്.
നമുക്ക് പല മേന്മകളുമുണ്ട്. അതൊന്നും കഴിഞ്ഞ 6 വര്‍ഷം കൊണ്ട് ഉണ്ടായതല്ല. നാരായണഗുരുദേവനും ചട്ടമ്പിസ്വാമികളും മഹാത്മാ അയ്യങ്കാളിയും അയ്യാ വൈകുണ്ഠസ്വാമികളും ചാവറ കുര്യാക്കോസ് ഏലിയാസ് അച്ചനും ഒക്കെ സൃഷ്ടിച്ചു നല്‍കിയ നവോത്ഥാനത്തിന്റെ തോളില്‍ കയറിയാണ് നാം ഉയര്‍ന്ന കാഴ്ചകള്‍ കാണുന്നതും നേട്ടങ്ങള്‍ കരസ്ഥമാക്കുന്നതും. ഇത്രയേറെ അടിസ്ഥാന സൗകര്യങ്ങള്‍ ഉണ്ടായിട്ടും നമ്മുടെ ചെറുപ്പക്കാര്‍ക്ക് കേരളം വേണ്ടാതാകുന്നുവെങ്കില്‍ ആരുടെ പിടിപ്പു കേടാണെന്ന് ഇരുത്തി ചിന്തിക്കണം. യു.പിയെ അവരുടെ വഴിക്ക് വിടുക. അവര്‍ ഒരിക്കലും കേരളമാകാന്‍ അഗ്രഹിക്കില്ല. കാരണം നന്മകളെ മുഴുവന്‍ എറിഞ്ഞുടച്ച ധൂര്‍ത്ത പുത്രന്റെ മാതൃക സ്വീകരിച്ചാല്‍ അവരും എവിടെയുമെത്തില്ല തന്നെ.
പ്രതികരിക്കാൻ ഇവിടെ എഴുതുക: