കോഴിക്കോട്: ഉഡുപ്പി കോളജിന്റെ തീരുമാനത്തിലൂടെ വിവാദമായ തലമൂടി (ഹിജാബ്), കേരളത്തില്‍ മുസ്ലിം എഡ്യൂക്കേഷന്‍ സ്ഥാപനങ്ങള്‍ (എംഇഎസ്) 2019ല്‍ നിരോധിച്ചത്. ഒരു സ്കൂളിലെ വിലക്കിനെതിരെ സമര്‍പ്പിച്ച ഹര്‍ജിയും 2018ല്‍ കേരള ഹൈക്കോടതിയും തള്ളിക്കളഞ്ഞു. തിരുവനന്തപുരം ക്രൈസ്റ്റ് നഗര്‍ ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ വിദ്യാര്‍ഥികള്‍, അവര്‍ക്ക് തലമൂടിയും മുഴുക്കയ്യന്‍ ഉടുപ്പും ധരിക്കാന്‍ അവകാശം വിലക്കിയെന്നും അനുവദിക്കണമെന്നും ആവശ്യപ്പെട്ട് ഹൈക്കോടതിയില്‍ സമര്‍പ്പിച്ച ഹര്‍ജിയില്‍ (റിട്ട് പെറ്റീഷന് (സി) 352931- 2018) 2018 ഡിസംബര്‍ നാലിന് ജസ്റ്റീസ് എ. മുഹമ്മദ് മുഷ്താഖ് പുറപ്പെടുവിച്ച വിധി നിര്‍ണായകമാണ്.
ഹര്‍ജി തള്ളിക്കൊണ്ടുള്ള ഉത്തരവിന്റെ ചുരുക്കം ഇങ്ങനെ: യൂണിഫോമില്‍ നിന്ന് വ്യത്യസ്തമായ വസ്ത്രം ധരിക്കണമെന്ന ആവശ്യം ഭരണഘടന അനുച്ഛേദം 25 (1) പ്രകാരം മൗലികാവകാശമാണ്. അതേസമയം വിദ്യാഭ്യാസ സ്ഥാപനം തുടങ്ങാനും നടത്താനും നിയന്ത്രിക്കാനും അനുച്ഛേദം 19 പ്രകാരം മൗലികാവകാശമുണ്ട്. ഇവ തമ്മില്‍ ഉരസിയാല്‍ സ്ഥാപനത്തിന്റേത് വിശാല ഭൂരിപക്ഷ താല്പര്യമാണ്. പരാതിക്കാരുടേത് ചെറുവിഭാഗത്തിന്റെ വ്യക്തിതാല്പര്യവും, ചെറുവിഭാഗത്തിന്റെ താല്പര്യം ഭൂരിപക്ഷ താല്പര്യത്തിന് മേലായാല്‍ അത് എല്ലാം അലങ്കോലമാകും. മാനേജ്മെന്റുകള്‍ക്ക് പൂര്‍ണസ്വാതന്ത്ര്യം കൊടുത്തില്ലെങ്കില്‍ അത് മൗലികാവകാശ ലംഘനമാകും. സ്ഥാപനത്തിന്റെ പ്രവര്‍ത്തനം സുഗമമാകണമെങ്കില്‍ അവരുടെ ചട്ടങ്ങളില്‍ ഇടപെടരുതെന്നാണ് കോടതിയുടെ നിലപാട്.
നിര്‍ണായകമായ ഈ വിധിയുടെ പശ്ചാത്തലത്തില്‍ക്കൂടിയാണ് എംഇഎസ് അവരുടെ 150 വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ പെണ്‍കുട്ടികള്‍ക്ക് മുഖം മറയ്ക്കുന്ന വസ്ത്രധാരണം വിലക്കിയത്. ഹിജാബെന്നോ, സ്കാര്ഫെന്നോ പരാമര്‍ശിക്കാതെ മുഖം മറയ്ക്കുന്ന വസ്ത്രമെല്ലാം വിലക്കിക്കൊണ്ട് 2019 എപ്രില്‍ 19ന് സൊസൈറ്റി സംസ്ഥാന പ്രസിഡന്റ് ഫസല്‍ ഗഫൂര്‍ സര്‍ക്കുലര്‍ ഇറക്കുകയായിരുന്നു. 10 പ്രൊഫഷണല്‍ കോളജിലും 18 ആര്‍ട്സ് കോളജിലും 12 എച്ച്എസ്എസ്സിലും 36 സിബിഎസ്സി സ്കൂളുകളിലും വിലക്കുവന്നു. മറ്റ് മുസ്ലിം സംഘടനകള്‍ ഈ വിലക്കിനെ വിമര്‍ശിച്ചപ്പോള്‍ 2018ലെ ഹൈക്കോടതി വിധിയും 2019 ഏപ്രില്‍ 21 ന് ഈസ്റ്റര്‍ ദിവസം ശ്രീലങ്കയില്‍ ഉണ്ടായ സ്ഫോടനത്തെ തുടര്‍ന്ന് അവിടെ ബുര്‍ഖ നിരോധിച്ചതുമാണ് ഫസല്‍ ഗഫൂര്‍ കാരണമായി പറഞ്ഞത്.
വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവരുടെ ചട്ടങ്ങളും വ്യവസ്ഥകളും പ്രകാരം നിശ്ചയിക്കുന്ന വേഷം വിദ്യാര്‍ഥികള്‍ ധരിക്കണമെന്ന് അവകാശപ്പെടാമെന്ന കേരള ഹൈക്കോടതി വിധിയില്‍ ഇതു സംബന്ധിച്ച മറ്റു വിധികളും ഉദ്ധരിക്കുന്നു. ജസ്റ്റീസ് എ. മുഹമ്മദ് മുഷ്താഖ് 2016 ല്‍ പുറപ്പെടുവിച്ച വിധിയില്‍, ഹിജാബ് ധരിച്ച് പ്രവേശന പരീക്ഷ അനുവദിക്കണമെന്നും ഹിജാബ് മതവിശ്വാസത്തിന്റെ പ്രശ്നമാണെന്നുമുള്ള ഹര്‍ജിക്കാരിയുടെ വാദത്തെ തള്ളിക്കളയുന്നുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: