‘ഇന്ത്യ എന്നത് കുറെ സംസ്ഥാനങ്ങളുടെ കൂട്ടായ്മയാണ്; ഇത് ഒരു രാജ്യമല്ല’. ഇന്ത്യന്‍ പാര്‍ലമെന്റില്‍ കോണ്‍ഗ്രസിന്റെ തലവന്‍ രാഹുല്‍ ഗാന്ധി നടത്തിയ രാജ്യത്തെ ഞെട്ടിച്ച വങ്കന് പ്രസ്താവനയാണിത്. കഴിഞ്ഞില്ല, ചൈനയേയും പാകിസ്ഥാനേയും പ്രകീര്‍ത്തിക്കുന്നു; രണ്ടുരാജ്യങ്ങളെയും ഒരുമിപ്പിച്ചത് നരേന്ദ്ര മോദി സര്‍ക്കാരിന്റെ വീഴ്ചയാണെന്ന് പ്രഖ്യാപിക്കുന്നു. ലഡാക്കും ധോക്ലാമും ഓര്‍മ്മിപ്പിച്ചു കൊണ്ട് ചൈനക്ക് മനസ്സുകൊണ്ട് പിന്തുണ നല്കുന്നു. രാഷ്ട്രീയമായി ഏറെ പ്രധാനപ്പെട്ടതെന്ന് സര്‍വ്വരും കരുതുന്ന അഞ്ച് നിയമസഭകളിലേക്കുള്ള തെരഞ്ഞെടുപ്പ് നടക്കുന്ന വേളയിലാണ്, സ്വന്തം കക്ഷിയുടെ സര്‍വനാശം ഉറപ്പാക്കുന്ന ഇത്തരമൊരു വിവരം കെട്ട പ്രസംഗവുമായി രാഹുല്‍ ഗാന്ധി എത്തുന്നത്. ഒരുപക്ഷെ അടുത്ത ദിവസങ്ങളില്‍ യുപി, ഉത്തരാഖണ്ഡ്, പഞ്ചാബ് പോലുള്ള സംസ്ഥാനങ്ങളില്‍ അത് വ്യാപകമായി വിലയിരുത്തപ്പെട്ടാല്‍ അതിശയിക്കാനില്ല. ഒരു പാര്‍ട്ടിയെ വിദേശത്ത് ജനിച്ചവര്‍ക്ക് അടിയറവച്ചു; എന്നിട്ടിപ്പോള്‍ ഇന്ത്യ ഒരു രാജ്യമേയല്ലെന്ന വികൃതമായ, രാജ്യദ്രോഹകരമായ പ്രസ്താവനയും. കോണ്‍ഗ്രസ് പാര്‍ട്ടി എത്രമാത്രം ഗുരുതരമായ അപകടമാണ് ഇന്ത്യക്ക് വരുത്തിവയ്ക്കുന്നത് എന്നത് ആഴത്തില്‍ ചര്‍ച്ച ചെയ്യേണ്ടുന്ന ഒന്നാണ്.
ഇവിടെ ഇന്ത്യ ഒരു രാജ്യമാണോ എന്നതിലൊക്കെ രാജ്യത്തെ സ്നേഹിക്കുന്ന ഒരാള്‍ക്കും സംശയമുണ്ടാവാനിടയില്ല. ദേശസ്നേഹവും ദേശാഭിമാനവും ഒക്കെ ഇന്നുമിവിടെ ശക്തമാണ്; രാജ്യമെമ്പാടും ‘വന്ദേമാതര’വും മറ്റും ഇന്നുമുയര്ന്നുകേള്ക്കുന്നത് ആ പ്രൗഢമായ ദേശസ്നേഹവും രാഷ്ട്രഭക്തിയും കൊണ്ടാണ്. ഇന്ത്യയെ വെറുമൊരു മണ്‍കൂനയായി മാത്രം കണ്ടവരല്ല ഇന്ന് ഇന്ത്യ ഭരിക്കുന്നത്, ഭാരതമാതാവായി കാണുന്നവരാണ്. കോണ്‍ഗ്രസുകാര്‍ എന്നും ഇന്ത്യയെ കണ്ടതും ഉപയോഗിച്ചതും തന്നിഷ്ടത്തിന് വേണ്ടിയാണ്. അഴിമതി ഭരണത്തിന്റെ ചരിത്രം മറ്റെന്താണ് നമുക്ക് സമ്മാനിക്കുന്നത്. അതാണല്ലോ 1947ല്‍ ഇന്ത്യയെ വെട്ടിമുറിക്കാന്‍ അവര്‍ കൂട്ടുനിന്നത്. പാകിസ്ഥാനും ചൈനയുമൊക്കെ ഇന്ത്യയുടെ വലിയൊരു ഭൂപ്രദേശം കൈയടക്കിയപ്പോള്‍ നെഹ്റു-ഇന്ദിരമാരുടെ കണ്ണില്‍ ഒരു തുള്ളി കണ്ണീര് പൊടിഞ്ഞില്ലല്ലോ. പാക് ഭീകരര്‍ മുംബൈയില്‍ ആക്രമണം നടത്തിയ രാത്രിയില്‍ ദല്‍ഹിക്ക് സമീപമുള്ള റിസോര്‍ട്ടില്‍ പാട്ടുപാടി ആടിക്കളിച്ചത് ആരാണെന്നത് രാഹുലിനും കോണ്‍ഗ്രസുകാര്‍ക്കും നന്നായി അറിയാമല്ലോ.
രാഹുല്‍ ഗാന്ധി പറയുന്നതു കേട്ടാല്‍ തോന്നും ചൈനയ്ക്കും പാകിസ്ഥാനും ഇന്ത്യന്‍ ഭൂമി സ്വന്തമായത് മോദി അധികാരത്തിലേറിയതിന് ശേഷമാണെന്ന്. അതുകൊണ്ടുതന്നെ ഒരു കാര്യം വ്യക്തമാക്കാതെ മുന്നോട്ട് പോകാനാവുകയില്ല; നരേന്ദ്ര മോദി അധികാരത്തിലേറിയ ശേഷം നമ്മുടെ ഒരിഞ്ച് ഭൂമി പോലും പാകിസ്ഥാനോ ചൈനയ്ക്കോ കൈയടക്കാനായിട്ടില്ല എന്നതാണത്. ഒരുപക്ഷെ രാഹുലിന് ചരിത്രമറിയില്ലായിരിക്കും. ഒന്നും അദ്ദേഹത്തിന് അറിയില്ലല്ലോ; കൂടെയുള്ള ഉപദേഷ്ടാക്കളുടെ കാര്യം പറയുകയും വേണ്ട. അതിപ്പോള്‍ അവരാല്‍ തന്നെ ശരിവയ്ക്കപ്പെടുന്നു. ആരാണ് ഇന്ത്യന്‍ ഭൂമി ശത്രുരാജ്യങ്ങള്‍ക്ക് സമ്മാനിച്ചത് എന്നും ആര് ഭരണത്തിലുള്ളപ്പോഴാണ് രണ്ടു ശത്രു രാജ്യങ്ങളും കൈകോര്‍ത്തത് എന്നും പരിശോധിക്കാം.
1. ആരുടെ പിടിപ്പുകേടുകൊണ്ടാണ് 1947ല്‍ കശ്മീരില്‍ പാകിസ്ഥാന് കടന്നുകയറിയത്? എങ്ങനെയാണ് പാക് അധീന കശ്മീര്‍ എന്ന് നാമിന്ന് പറയുന്ന വലിയ ഭൂപ്രദേശം പാകിസ്ഥാന്റെ കൈകളിലായത്? അന്ന് പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്റുവായിരുന്നില്ലേ.
2. 1962ല്‍ ചൈന ആക്രമിച്ചപ്പോള്‍ എങ്ങനെയാണ് ഇന്ത്യ പരാജയപ്പെട്ടത്? 40,000ലേറെ ചതുരശ്ര കിലോമീറ്റര്‍ ഭൂപ്രദേശം അവര്‍ അന്ന് കൈവശപ്പെടുത്തിയില്ലേ. അന്ന് ഇന്ത്യയുടെ 1400 ഇന്ത്യന്‍ ജവാന്മാര് വീരമൃത്യു വരിച്ചില്ലേ? നെഹ്റു തന്നെയായിരുന്നല്ലോ അന്നും പ്രധാനമന്ത്രി.
3. 1963ല്‍ അല്ലേ പാകിസ്ഥാന്, ഇന്ത്യയില്‍ നിന്ന് പിടിച്ചടക്കിയ ഭൂമി, ഷാക്സ്ഗം താഴ്വര ചൈനക്ക് കൊടുത്തത്.
4. പാക് അധീന കശ്മീരിലൂടെ ചൈന കാരക്കോണം ഹൈവേ നിര്‍മ്മിച്ചത് 1970കളിലല്ലേ. 2013ല്‍ ചൈന-പാക് സാമ്പത്തിക ഇടനാഴി നിര്‍മാണം തുടങ്ങുമ്പോഴും ഭരണത്തിലുള്ളത് കോണ്‍ഗ്രസല്ലേ. എന്തുകൊണ്ടാണ് അന്നൊക്കെ കേന്ദ്ര സര്‍ക്കാര്‍ എതിര്‍ക്കാതിരുന്നത്?
രാഹുലും കോണ്‍ഗ്രസും ചൈനയും
ചൈന എന്ന് കേള്‍ക്കുമ്പോള്‍ നമ്മുടെയൊക്കെ മനസിലേക്ക് ആദ്യമെത്തുക ഇന്ത്യയിലെ മാര്‍ക്സിസ്റ്റ് പാര്‍ട്ടിയുടെയും നേതാക്കളുടെയും മുഖമാണ്. അവരാണ് ചൈനക്ക് വേണ്ടി നിലകൊണ്ടവര്‍; ചൈനക്ക് വേണ്ടി നിലവിളിച്ചവര്‍. ഇന്നുമവര് അതില്‍ നിന്നും പിന്മാറിയിട്ടില്ല. നമ്മുടെ ശത്രുരാജ്യത്തിന് വേണ്ടിയവര്‍ ഇപ്പോഴും വിടുവേലചെയ്യുന്നു. എന്നാല്‍ അതിനേക്കാള്‍ ഭീകരമായ ചൈനീസ് പക്ഷപാതിത്വം കാണിച്ചുപോരുന്നത് രാഹുല്‍ ഗാന്ധിയുടെ പാര്‍ട്ടിയാണ് എന്നതില്‍ ആര്‍ക്കും സംശയമുണ്ടാവാനിടയില്ല. ചൈന പാകിസ്ഥാനുവേണ്ടി നിലകൊള്ളുമ്പോള്‍ ഇക്കൂട്ടര്‍ സര്‍വ്വതും മറന്നുകൊണ്ട് ആ ശത്രുരാജ്യത്തിന്റെ താത്പര്യത്തിനു വേണ്ടിയും വായ് തുറക്കുന്നു. അവരാണിപ്പോള്‍, ഇന്ത്യയുടെ അതിര്‍ത്തി കാക്കാന്‍ നമ്മുടെ പ്രതിരോധസേനക്ക് ആത്മവിശ്വാസം പകര്‍ന്നുകൊണ്ട് ജീവിക്കുന്ന നരേന്ദ്രമോദിയെയും സര്‍ക്കാരിനെയും അധിക്ഷേപിക്കാന്‍ വിഫലശ്രമം നടത്തുന്നത്.
ഒരുപക്ഷെ, സോവിയറ്റ് യൂണിയന്റെ പതനത്തിന് ശേഷമുണ്ടായ രാഷ്ട്രീയ-സാമ്പത്തിക- നയതന്ത്ര പ്രതിസന്ധിയുടെ പശ്ചാത്തലത്തില്‍ കോണ്‍ഗ്രസ് രൂപപ്പെടുത്തിയ സാധ്യതയാവണം ഈ ചൈന പ്രേമം. പണ്ട് സോവിയറ്റ് യൂണിയന് കെജിബി മുഖേനയും മറ്റും നിര്‍ലോഭം സഹായിച്ചിരുന്നല്ലോ. അതിപ്പോള്‍ നിര്‍വഹിക്കുന്നത് ചൈനയാണോ എന്നതാണ് കാണേണ്ടത്.
ഇന്ത്യയിലെ ഭരണകക്ഷിയായിരുന്ന കോണ്‍ഗ്രസ്-ചൈനീസ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുമായി ഒരു ധാരണാപത്രമുണ്ടാക്കിയത് രാജ്യം ഏറെ ചര്‍ച്ചചെയ്ത കാര്യമാണല്ലോ. 2008 ലാണത് സംഭവിച്ചത്. രാഹുല്‍ ഗാന്ധി തന്നെയാണ് അതിലൊപ്പുവച്ചത്. ആ ചടങ്ങിന്റെ ഫോട്ടോയില്‍ സോണിയ ഗാന്ധിയും ചൈനീസ് പ്രീമിയര്‍ ജി പിങ്ങുമുണ്ട്. 2020 ജൂണില്‍ ബിജെപി ദേശീയ അധ്യക്ഷന്‍ ജെ.പി. നദ്ദ ഇക്കാര്യം പരസ്യമായി ഉന്നയിച്ചതാണ്. മുതിര്‍ന്ന അഭിഭാഷകന് മഹേഷ് ജെത്മലാനിയും അന്ന് ഈ പ്രശ്നം ഉയര്‍ത്തിക്കാട്ടി കോണ്‍ഗ്രസില്‍ നിന്ന് മറുപടി ആവശ്യപ്പെട്ടതാണ്. ഒരു ഹര്‍ജിയും കോടതിയിലുണ്ട് എന്നാണോര്‍മ്മ. എന്നാല്‍ ഇന്നിതുവരെ കോണ്‍ഗ്രസുകാര്‍ നാവനക്കിയിട്ടില്ല. എന്താണ് ആ കരാര്‍ എന്ന് പറയാന്‍ അവര്‍ക്ക് സാധിക്കാത്തതെന്ത്?
ഈ കരാറിന് ശേഷമാണ് ഇന്ത്യന്‍ വിപണി ചൈനക്ക് തുറന്നുകൊടുക്കാന്‍ മന്മോഹന് സിങ് സര്‍ക്കാര്‍ തീരുമാനമെടുത്തത്. ഈ ധാരണാപത്രം ഒപ്പുവെച്ചതിന് ശേഷമാണ് പാക് അധീന കശ്മീരിലൂടെ ചൈന സാമ്പത്തിക ഇടനാഴി നിര്‍മ്മാണം തുടങ്ങിയത്. പിഒകെ ഇന്ത്യയുടെ അവിഭാജ്യ ഘടകമാണ് എന്ന് നരസിംഹ റാവു സര്‍ക്കാരിന്റെ കാലത്ത് ഇന്ത്യന്‍ പാര്‍ലമെന്റ് ഏകകണ്ഠമായി പ്രമേയം പാസാക്കിയതൊക്കെ വിസ്മരിച്ചുകൊണ്ട് ചൈനയ്ക്ക് അതിനൊക്കെ അനുമതി നല്‍കിയത് ഈ കരാറിന്റെ മറവിലാണോ? ഇക്കാര്യത്തില്‍ രാജ്യത്തിന്റെ സംശയത്തിന് മറുപടി നല്കാന് മന്മോഹന് സിങ്ങിനും ചുമതലയുണ്ട്.
ധാരണാപത്രമുണ്ടായ ശേഷം കോണ്‍ഗ്രസ് നേതാക്കള്‍ പുലര്‍ത്തിപ്പോരുന്ന തീവ്ര ചൈനീസ് ഭക്തി രാജ്യം ശ്രദ്ധിക്കുന്നുണ്ട്. മുന്‍പ് പലപ്പോഴും ചര്‍ച്ച ചെയ്തതാണ് എങ്കിലും ലഡാക്കിനെക്കുറിച്ചും ധോക്ലാമിനെക്കുറിച്ചും രാഹുല്‍ ലോക്സഭയില്‍ പറഞ്ഞതുകൊണ്ട് ഇവിടെ ചിലതൊക്കെ വിശദീകരിക്കാതെ വയ്യ. ഇന്‍ഡോ-ഭൂട്ടാന് അതിര്‍ത്തിയില്‍, ധോക്ലാമില്‍, ചൈനീസ് പട്ടാളം നമ്മുടെ ധീര ജവാന്മാര്ക്കെതിരെ പ്രകോപനങ്ങള്‍ സൃഷ്ടിച്ചപ്പോള്‍ കോണ്‍ഗ്രസ് നേതാക്കള്‍ സ്വീകരിച്ച ഇന്ത്യാ വിരുദ്ധ നിലപാട് ജനങ്ങള്‍ മറന്നിരിക്കില്ല. രാത്രിയുടെ മറവില്‍ രഹസ്യമായി ചൈനീസ് എംബസിയില്‍ ചെന്ന് അംബാസഡറുമായി ചര്‍ച്ച നടത്തിയത് ആരാണ്? ലഡാക്കില്‍ ചൈന പ്രകോപനമുണ്ടാക്കിയപ്പോഴും ബീജിങ്ങിന്റെ നിലപാടുകളാണ് ശരി എന്ന ധ്വനിയോടെയുള്ള ട്വീറ്റുകളും പ്രസ്താവനകളുമാണ് അതേ കോണ്‍ഗ്രസ് നേതാവില്‍ നിന്നുണ്ടായത്. ഇന്ത്യന്‍ സൈനികര്‍ക്ക് വീരമൃത്യു സംഭവിച്ചപ്പോള്‍ അവര്‍ പറഞ്ഞുനടന്നതും ഇന്ത്യന്‍ ജനതക്ക് മറക്കാറായിട്ടില്ല. ഒരുപക്ഷെ, അത്രത്തോളമൊരു കടുത്ത രാഷ്ട്രവിരുദ്ധ നിലപാട് ഇപ്പോഴത്തെ കമ്മ്യൂണിസ്റ്റ് പ്രമാണിമാര്‍ നടത്തിയോ എന്നത് സംശയമാണ് താനും. രാജീവ് ഗാന്ധി ഫൗണ്ടേഷന് ചൈനയും ചൈനീസ് എംബസിയും നല്കിയ സംഭാവനകളും ഇന്ന് സര്‍ക്കാര്‍ രേഖകളല്ലേ. സ്വന്തം പിതാവിന്റെ പേരിലുള്ള ട്രസ്റ്റിനായി ശത്രുരാജ്യത്തിന്റെ കൈയില്‍ നിന്ന് പണം പറ്റിയവരാണ് ഇന്നിപ്പോള്‍ മോദിക്കെതിരെ വിളിച്ചുകൂവുന്നത്.
ചൈനയോടുള്ള ഇന്ത്യന്‍ നിലപാടുകള്‍ വ്യക്തമാണ്. അതിര്‍ത്തികള്‍ എന്ത് വിലകൊടുത്തും സംരക്ഷിക്കും. അതിനാവശ്യമായ അടിസ്ഥാന സൗകര്യ വികസനം നടന്നത് മോദിയുടെ കാലഘട്ടത്തിലാണ്. ചൈന കൈയേറിയ ഭൂമി തിരിച്ചുപിടിക്കണം എന്ന പാര്‍ലമെന്റിന്റെ പ്രമേയത്തോടൊപ്പം ബിജെപി സര്‍ക്കാര്‍ നിലകൊള്ളും. നമ്മുടെ അതിര്‍ത്തികള്‍ കാക്കുക മാത്രമല്ല പ്രതിരോധത്തിനൊപ്പം നാളെകളിലെ ഭീഷണികളെ മനസില്‍ കണ്ടുകൊണ്ടുള്ള നയതന്ത്ര നീക്കങ്ങളും ഇന്ത്യ ഇന്നിപ്പോള്‍ നടത്തുന്നുണ്ട്. ആസിയാന്‍ രാജ്യങ്ങളുടെ ഭരണത്തലവന്മാരെ ഒന്നിച്ചുചേര്‍ത്തു മുന്നോട്ട് പോകാന്‍ ഇന്ത്യ തയ്യാറായത് ചൈനക്കുള്ള വ്യക്തമായ മറുപടിയെന്നോണമാണ്; 2018 ലെ നമ്മുടെ റിപബ്ലിക്ക് ദിനത്തില്‍ മുഖ്യാതിഥികളായി സംബന്ധിച്ചത് ആ പത്ത് രാഷ്ട്ര നേതാക്കളാണ്. ഇന്നിപ്പോള്‍ ആസിയാന്‍ രാജ്യങ്ങളുടെ ഉപദേഷ്ടാവിന്റെ സ്ഥാനമാണ് ഇന്ത്യക്കുള്ളത്. അത് നരേന്ദ്ര മോദി സര്‍ക്കാരിന്റെ വലിയ നയതന്ത്ര വിജയമാണ്. കഴിഞ്ഞില്ല, ഇന്ത്യക്കൊപ്പം ഒന്നിച്ചണിനിരക്കാന്‍ ഓസ്ട്രേലിയ, ജപ്പാന്, അമേരിക്ക എന്നിവര്‍ തയ്യാറായതോ? പസഫിക് മേഖലയില്‍ അതുണ്ടാക്കുന്ന ചലനങ്ങള്‍ ഊഹിക്കാവുന്നതല്ലേ ഉള്ളൂ. അതും ചൈനക്ക് മനോവിഷമമുണ്ടാക്കിയിട്ടുണ്ട്. നരേന്ദ്ര മോദിക്ക് ഇന്ത്യയുടെ താല്പര്യം മാത്രമേയുള്ളൂ. അവിടെ ഇന്ത്യ അമേരിക്കക്കോ മറ്റേതെങ്കിലും രാജ്യത്തിനോ അടിമപ്പെടുകയില്ല; നമുക്കൊപ്പം മറ്റു രാജ്യങ്ങളെ അണിനിരത്തുകയാണ് മോദി ചെയ്തത്. അതില്‍ ചൈനക്കൊപ്പം ആശങ്ക കാണിക്കുന്നവരില്‍ കോണ്‍ഗ്രസും സിപിഎമ്മുമുണ്ട്. രാജ്യതാല്പര്യത്തേക്കാള് ഇവരെയൊക്കെ അലട്ടുന്നത് ചൈനയുടെ താല്പര്യങ്ങളാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: