നരസിംഹമൂര്‍ത്തിയുടെ ഭക്തനായ ഒരു മുനിയുണ്ടായിരുന്നു. അദ്ദേഹം സമൂഹത്തില്‍നിന്നും വിട്ട് ഘോരവനത്തില്‍ നരസിംഹമൂര്‍ത്തിയുടെ ദര്‍ശനത്തിനായി തപസ്സു ചെയ്യവേ, ഒരു ദിവസം, ഒരു വേടന് ഒരു മാനിനെ പിന്തുടര്ന്ന് ആ വഴി വന്നു. ഘോരവനത്തില്‍ ഒരു മുനി ഇരുന്ന് തപസ്സു ചെയ്യുന്നതു കണ്ട് അത്ഭുതം തോന്നിയ വേടന് അദ്ദേഹത്തിന്റെ അടുത്തു ചെന്ന് വന്ദിച്ചു.
കണ്ണുതുറന്ന മുനിയോട് വേടന് ചോദിച്ചു, ”മഹാത്മന്, അങ്ങ് ഈ വഴി ഒരു മാന്‍ ഓടിപ്പോകുന്നതു കണ്ടോ?” മുനി പറഞ്ഞു, ”ഞാന്‍ കണ്ണടച്ചിരിക്കുകയായിരുന്നതുകൊണ്ട് കണ്ടില്ല.” വേടനു അപ്പോള്‍ ഒരു കൗതുകം തോന്നി. അയാള്‍ ചോദിച്ചു, ”അങ്ങ് എന്താണ് ഈ കാട്ടില്‍ വീട്ടുകാരെയെല്ലാം വിട്ട് ഒറ്റക്കു വന്നിരിക്കുന്നത്?” വിദ്യാഭ്യാസമില്ലാത്ത വേടനോട് വലിയ കാര്യങ്ങളൊന്നും പറഞ്ഞാല്‍ മനസ്സിലാവില്ലെന്നു കരുതി മുനി ഇങ്ങിനെ പറഞ്ഞു, ”നോക്ക് ഞാനും ഒരു വേടനാണ്. നരസിംഹം എന്ന ഒരു മൃഗം ഈ കാട്ടിലുണ്ട്. അതിനെ പിടിക്കാനായി അതിനെയും ധ്യാനിച്ച് ഇരിക്കുകയാണ്.” മുനി, എന്നിട്ട് ആ മൃഗത്തിന്റെ ഒരു ചിത്രം വാക്കുകള്‍കൊണ്ട് വിവരിച്ചു കൊടുത്തു. മുനിയുടെ വാക്കുകളില്‍ പരിപൂര്‍ണ്ണവിശ്വാസം തോന്നിയ വേടന്, ആ മൃഗത്തെ ഏതു വിധേനയും പിടിച്ചു കൊണ്ടുവരാമെന്ന് മുനിക്കു വാക്കു കൊടുത്തു. ആ മൃഗത്തെ പിടിക്കാനുള്ള ദൃഢനിശ്ചയത്തോടെ, വേടന് കുന്നുകളും ഗുഹകളും വനാന്തര്ഭാഗങ്ങളും എന്നു വേണ്ട എല്ലായിടവും അരിച്ചു പെറുക്കി അന്വേഷിച്ചു. പക്ഷേ ഫലമണ്ടായില്ല. അയാളുടെ മനസ്സില്‍ സദാ സമയവും ആ മൃഗത്തിന്റെ ചിത്രമായിരുന്നു. ഊണും ഉറക്കവുമില്ലാതെ അയാള്‍ നരസിംഹമെന്ന മൃഗത്തെ അന്വേഷിച്ചു നടന്നു. എന്നിട്ടും കിട്ടാതെ വന്നപ്പോള്‍ നിരാശയിലാണ്ട അയാള്‍, അവസാന പ്രാത്ഥനയോടെ ജീവിതം അവസാനിപ്പിക്കാന്‍ നിശ്ചയിച്ചു.
ആത്മഹത്യയുടെ വക്കിലെത്തിയ അയാളുടെ മുന്നില്‍. പെട്ടെന്ന്, ആ അസാധാരണ മൃഗം പ്രത്യക്ഷപ്പെട്ടു. തപസ്സുകൊണ്ടുപോലും കാണാനാവാത്ത പ്രപഞ്ചാധിനാഥനായ ഈശ്വരന്, ആ നിഷ്ക്കളങ്കനായ വേടന്റെ മുന്നില്‍ പ്രത്യക്ഷമായി. വേടന് ആ മൃഗത്തെ ബന്ധനസ്ഥനാക്കി മുനിയുടെ മുന്നിലെത്തിച്ചു. മൃഗത്തിനെ കിട്ടിയ വിവരം അയാള്‍ മുനിയെ നിറഞ്ഞ സന്തോഷത്തോടെ അറിയിച്ചു. മുനി നോക്കിയപ്പോള്‍ വായുവില്‍ ഒരു കയറിന്റെ കെട്ടുമാത്രമേ കണ്ടുള്ളൂ. അതിന്റെ മറ്റേ ഭാഗം വേടന്റെ കയ്യിലുമുണ്ടായിരുന്നു. അപ്പോഴേക്കും ആകാശം മുഴങ്ങുമാറ് ഒരശരീരി കേട്ടു, ”അല്ലയോ മുനി, ഈ അറിവു കുറഞ്ഞവനും, ഒരു ഗുരുവിന്റെ ഉപദേശംപോലും ലഭിക്കാത്തവനും, ധ്യാന ജപാദികള്‍ അറിയാത്തവനുമായ ഈ വേടനെ വിലകുറഞ്ഞവനായി അങ്ങു കണ്ടു. അങ്ങയുടെ ധ്യാനത്തേക്കാളും ജപത്തേക്കാളും വലുതാണ് അയാളുടെ വിശ്വാസം. അതുകൊണ്ടാണ് അയാള്‍ക്കു എന്നെ കാണാന്‍ കഴിഞ്ഞതും അങ്ങേക്കു കാണാന്‍ കഴിയാത്തതും. ഈശ്വരാന്വേഷണത്തിന്, വിശ്വാസവും, സരളതയും നിസ്വാര്‍ത്ഥതയുമാണ് വേണ്ടതെന്ന് മുനിക്കു മനസ്സിലായി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: