എരുമേലി: എരുമേലി ഗ്രാമപഞ്ചായത്തിന്റെ മലയോരമേഖല കാട്ടാനയുടെ ഭീഷണിയില്‍. കാട്ടാനയിറക്കം പതിവായതോടെ വനാതിര്‍ത്തിയോട് ചേര്‍ന്ന താമസിക്കുന്ന നിരവധി കുടുംബങ്ങള്‍ ഭീതിയിലാണ്. കഴിഞ്ഞദിവസം എയ്ഞ്ചല്‍വാലി, അറിയാഞ്ഞിലിമണ്ണ്, കണമല, കാളകെട്ടി മേഖലകളിലാണ് കാട്ടാന ഇറങ്ങിയത്.
വേനല്‍ കടുത്തതോടെ വനത്തിനുള്ളില്‍ വെള്ളവും ആഹാരവും കിട്ടാതായതാണ് കാട്ടാനകള്‍ നാട്ടിലേക്ക് ഇറങ്ങാന്‍ കാരണം. വനാതിര്‍ത്തി മേഖലയില്‍ വനംവകുപ്പ് സ്ഥാപിച്ച സോളാര്‍ വേലികളും തകര്‍ത്താണ് കാട്ടാനകള്‍ ഇറങ്ങുന്നത്. എന്നാല്‍ സോളാര്‍ വേലികള്‍ സ്ഥാപിക്കാത്ത ഇടങ്ങളിലൂടെയാണ് കാട്ടാന ഇറങ്ങുന്നതെന്ന് വനംവകുപ്പും പറയുന്നു.
നാട്ടില്‍ ഇറങ്ങുന്ന കാട്ടാനകള്‍ വ്യാപകമായി കൃഷികള്‍ നശിക്കുകയാണ്. തെങ്ങ്, കവുങ്ങ്, റബ്ബര്‍, വാഴ, കപ്പ തുടങ്ങിയ കൃഷികള്‍ കാട്ടാനകള്‍ വ്യാപകമായി നശിപ്പിക്കുകയാണ്.
ശബരിമലയുടെ ഭാഗമായ പഞ്ചായത്തിന്റെ അതിര്‍ത്തി മേഖലയായ മുണ്ടക്കയം റബര്‍ എസ്റ്റേറ്റ് മേഖലകളില്‍ പുലിയെ കണ്ടെത്തിയ സംഭവവും കാട്ടാനകളും ജനജീവിതത്തെ ദുരിതത്തിലാക്കിയിരിക്കുകയാണ്. വീടിന് പുറത്തിറങ്ങാന്‍ പോലും ഭയമാണെന്നും വനംവകുപ്പ് അടിയന്തര നടപടി സ്വീകരിക്കണമെന്ന് നാട്ടുകാര്‍ ആവശ്യപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: