തിരുവനന്തപുരം: മലയാളത്തിന്റെ വാനമ്പാടിയായ കെ.എസ്. ചിത്രയ്ക്ക് ഒരു തരത്തില്‍ പുനര്ജന്മം നല്‍കിയതില്‍ ലതാ മങ്കേഷ്കറിന് വലിയൊരു പങ്കുണ്ട്. മകള്‍ നന്ദനയുടെ വേര്പാടിന് ശേഷം ഇനി പൊതുചടങ്ങുകളെല്ലാം ഉപേക്ഷിച്ച് വീട്ടില്‍ തന്നെ ഉള്‍വലിഞ്ഞ് ശിഷ്ടകാലം കഴിച്ചുകൂട്ടാം എന്ന തീരുമാനത്തിലായിരുന്നു ചിത്ര. മാസങ്ങളോളം ആരെയും വിളിക്കാതെയും കാണാതെയും കഴിച്ചുകൂട്ടി.
അതിനിടെ ഹൈദരാബാദിലെ ഒരു സംഘടന ലതാ മങ്കേഷ്കറുടെ പേരിലുള്ള ഒരു അവാര്‍ഡ് കെ.എസ്. ചിത്രയ്ക്ക്നല്‍കാന്‍ തീരുമാനിച്ചു. ഇത്തരം പൊതുച്ചടങ്ങുകളില്‍ പങ്കെടുക്കാന്‍ താല്പര്യമില്ലാത്തതിനാല് വരികയില്ലെന്ന് ചിത്ര സംഘാടകരെ അറിയിച്ചു. പിറ്റേന്ന് ലതാജിയുടെ ഫോണ്‍ ചിത്രയെ തേടിയെത്തി.
അവരുടെ ഉപദേശമാണ് ചിത്രയെ വീണ്ടും പൊതുവേദിയിലെത്തിച്ചത്. “ചിത്രയുടെ ദുഖം മനസ്സിലാക്കുന്നു. പക്ഷെ അതുമാത്രം ഓര്‍ത്ത് വിഷമിച്ച് വീട്ടിലിക്കുന്നത് ശരിയല്ല എന്നാണ് എന്റെ ഉപദേശം. ഈ അവാര്‍ഡ് ചിത്ര തന്നെ നേരിട്ട് ചെന്ന് വാങ്ങണം”. അവരുടെ ഈ ഉപദേശം ചിത്രയെ തെല്ലൊന്നുമല്ല മാറ്റിമറിച്ചത്. ഉപദേശമനുസരിച്ച് ചിത്ര മകളുടെ ദുഖം മൂലം ഉള്‍വലിഞ്ഞുള്ള ജീവിതരീതി അവസാനിപ്പിച്ച് വീണ്ടും പൊതുവേദിയിലേക്കിറങ്ങി. ലതയുടെ പേരിലുള്ള അവാര്‍ഡ് ഏറ്റുവാങ്ങി.
ലതാ മങ്കേഷ്കറുമായി കണ്ടുമുട്ടിയ ഒട്ടേറെ ധന്യമുഹൂര്‍ത്തങ്ങള്‍ ചിത്രയുടെ ജീവിതത്തിലുണ്ട്. അതിലൊന്ന് ലതയുടെ എണ്‍പതാം പിറന്നാളിനോട് അനുബന്ധിച്ച് പുറത്തിറക്കിയ ആല്‍ബത്തിലെ ചിത്രയുടെ പാട്ട് കേട്ട് ലത നേരിട്ട് ഫോണ്‍ വിളിച്ച് അഭിനന്ദനമറിയിച്ച സംഭവമാണ്. നേരത്തെ എസ്പി ബാലസുബ്രഹ്മണ്യമാണ് ചിത്രയെ ലതാ മങ്കേഷ്കറിന്റെ അടുത്തേക്ക് കൂട്ടിക്കൊണ്ടുപോയത്.
പിന്നീട് ലതാ മങ്കേഷ്കറുടെ 75ാം പിറന്നാളിന് മുംബൈയില്‍വെച്ച് നടന്ന പരിപാടിയില്‍ ഉദ്ഘാടന ഗാനം ആലപിച്ചതുതന്നെ ചിത്രയാണ്. ലതാജി അന്ന് സദസ്സിന്റെ മുന്‍ നിരയില്‍ തന്നെയുണ്ടായിരുന്നു. പേടി തോന്നിയെങ്കിലും ചിത്ര പാടി. ലതയുടെ രണ്ട് ഗാനങ്ങള്‍- ‘ രസിക് ബല്ലാ’, ‘രുലാ കെ ഗയാ സപ്നാ.” എന്നിങ്ങനെ രണ്ട് ഗാനങ്ങള്‍. അന്നും ലത ചിത്രയെ അനുഗ്രഹിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: