തിരുവനന്തപുരം : സ്രാവുകള്‍ക്കൊപ്പം നീന്തുമ്പോള്‍ എന്ന തന്റെ പുസ്തകം സംബന്ധിച്ച് മുഖ്യമന്ത്രി പിണറായി വിജയന് മുമ്പേ അറിവുണ്ടായിരുന്നെന്ന് മുന്‍ ഡിജിപി ജേക്കബ് തോമസ്. പുസ്തക പ്രകാശനത്തിന് ആറ് മാസം മുമ്പ് തന്നെ ഇക്കാര്യം സര്‍ക്കാരിനെ രേഖാമൂലം അറിയിച്ചതാണ്. എന്നിട്ടും പുസ്തകം എഴുതിയെന്ന പേരില്‍ തനിക്ക് സസ്പെന്ഷന് ലഭിക്കുകയായിരുന്നെനും ജേക്കബ് തോമസിന്റെ വെളിപ്പെടുത്തല്‍.
താനുമായി നല്ല ബന്ധത്തിലായിരുന്ന മുഖ്യമന്ത്രി അകലാനുള്ള കാരണം എന്താണെന്ന് അറിയില്ല. 2017 ലെ അഴിമതി വിരുദ്ധദിനത്തില്‍ നടന്ന സെമിനാറില്‍ അഴിമതിക്കെതിരെ സംസാരിച്ചു എന്നതാകാം അകലാനുള്ള കാരണമായി കാണുന്നത്. ഇതിനായിരുന്നു 2017 ലെ ആദ്യത്തെ സസ്പെന്ഷന്.
2016-2017ലാണ് സ്രാവുകള്‍ക്കൊപ്പം നീന്തുമ്പോള്‍ എന്ന പുസ്തകം പ്രകാശനത്തിനു തയ്യാറായത്. അന്ന് വിജിലന്‍സ് ഡയറക്ടറായിരുന്നതിനാല്‍ മുഖ്യമന്ത്രിയുമായി പതിവായി കൂടിക്കാഴ്ച നടത്താറുണ്ടായിരുന്നു. സര്‍ക്കാര്‍ കാര്യങ്ങള്‍ക്കൊപ്പം പുസ്തക രചനയുടെ കാര്യവും താന്‍ അദ്ദേഹത്തെ അറിയിച്ചിരുന്നു. തന്റെ പുസ്തകം പ്രകാശനം ചെയ്യാമെന്ന് മുഖ്യമന്ത്രി സമ്മതിച്ചിരുന്നതാണ്. എന്നാല്‍ പിന്നീട് കാര്യങ്ങള്‍ മാറി. പുസ്തക രചനയുടെ പേരില്‍ സസ്പെന്ഷന് ലഭിച്ചു. ക്രൈംബ്രാഞ്ച് കേസുമെടുത്തു. ചീഫ് സെക്രട്ടറി നളിനി നെറ്റോയോടും പുസ്തക രചനയുടെ കാര്യം താന്‍ മുന്‍കൂട്ടി അറിയിച്ചിരുന്നു.
ബന്ധുനിയമന വിവാദത്തില്‍ മുന്‍ മന്ത്രി ഇ.പി. ജയരാജനെതിരെ നടപടി സ്വീകരിച്ചതും മുഖ്യമന്ത്രിയുടെ അനുമതിയോടെയാണ്. ജയരാജന്റെ ഭാര്യാ സഹോദരിയും സിപിഎം കേന്ദ്രകമ്മിറ്റി അംഗവുമായ പി.കെ. ശ്രീമതിയുടെ മകനെ ചട്ടം ലംഘിച്ചു കേരള സ്റ്റേറ്റ് ഇന്‍ഡസ്ട്രിയല്‍ എന്റര്‍പ്രൈസസ് ലിമിറ്റഡിന്റെ (കെഎസ്ഐഇഎല്‍) മാനേജിങ് ഡയറക്ടറായി നിയമിച്ചു എന്നതാണ് കേസ്. മാനേജിങ് ഡയറക്ടര്‍ സ്ഥാനത്തേക്കു ശുപാര്‍ശ ചെയ്യപ്പെട്ടിരുന്ന രണ്ടു പേരെ തഴഞ്ഞാണ് പി.കെ. ശ്രീമതിയുടെ മകന് നിയമനം നല്‍കിയത്.
അനുമതിയില്ലാതെ പുസ്തകം എഴുതിയെന്ന് ആരോപിച്ച് ജേക്കബ് തോമസിന്റെ പിഎഫും മറ്റ് ആനുകൂല്യങ്ങളും തടഞ്ഞുവെച്ചിരിക്കുകയാണ്. 2017 മുതല്‍ തുടര്‍ച്ചയായുള്ള സസ്പെന്‍ഷനുകളെ തുടര്‍ന്ന് രണ്ട് വര്‍ഷത്തിന് ശേഷമാണ് സര്‍വീസില്‍ പ്രവേശിക്കുന്നത്. ഡിജിപി പദവി വഹിക്കേ ഷോര്‍ണൂര്‍ മെറ്റല്‍ ഇന്‍ഡസ്ട്രീസ് സിഎംഡിയായാണ് ജേക്കബ് തോമസ് വിരമിച്ചത്. അതിനുശേഷം ഒരു വര്‍ഷം കഴിഞ്ഞിട്ടും റിട്ടയര്‍മെന്റ് ആനുകൂല്യങ്ങളൊന്നും തനിക്ക് ലഭ്യമായിട്ടില്ലെന്നും ജേക്കബ് തോമസ് അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: