ഇളങ്ങുളം: എലിക്കുളം പഞ്ചായത്തില്‍ കുടിവെള്ള പദ്ധതിക്കായി സറണ്ടര്‍ ചെയ്തുനല്കിയ സ്ഥലത്തുകൂടി വഴിനിര്മിച്ച സംഭവത്തില്‍ സബ് കളക്ടര്‍ പഞ്ചായത്ത് സെക്രട്ടറിയുടെ റിപ്പോര്‍ട്ട് തേടി. പത്തുദിവസത്തിനുള്ളില്‍ മറുപടി നല്‍കാനാണ് നിര്‍ദേശം. കുടിവെള്ളപദ്ധതി സംരക്ഷണസമിതി കണ്‍വീനര്‍ ചെരിയംപ്ലാക്കല്‍ സി.ജി.സോമശേഖരന്‍ നായര്‍ നല്കിയ പരാതിയിലാണ് നടപടി.
12-ാം വാര്‍ഡിലെ വെള്ളാങ്കാവിലാണ് കുടിവെള്ള പദ്ധതി. ഇവിടെ റോഡ് അനുവദിച്ചാല്‍ കുടിവെള്ള പദ്ധതിയുടെ കുളത്തിലേക്ക് വെള്ളമെടുക്കാന്‍ ഇറങ്ങാനാവില്ല. മാത്രമല്ല, സര്‍ക്കാര്‍ വക സ്ഥലം ഇപ്രകാരം വിട്ടുകൊടുക്കാനാവില്ലെന്ന വാദമാണ് പരാതിക്കാരന്റേത്. ഒരുലക്ഷം രൂപയിലേറെ ചെലവഴിച്ച് മണ്ണിട്ട് നിരപ്പാക്കി കെട്ട് നിര്‍മിക്കാന്‍ ഒരുലക്ഷം രൂപ മുടക്കിയത് ഇവിടെ വീടുള്ള വ്യക്തിയല്ലെന്നതും മറ്റൊരാളാണെന്നതും റിയല്‍ എസ്റ്റേറ്റ് ഇടപാടുകള്‍ക്കായാണ് റോഡ് നിര്‍മാണമെന്നാണ് സൂചന.
ഒരു നിര്‍ധനകുടുംബം തങ്ങളുടെ ആശുപത്രിയാത്രകള്ക്കും മറ്റും വാഹനമെത്താന്‍ റോഡ് വേണമെന്ന് സൂചിപ്പിച്ച് നല്കിയ അപേക്ഷയില്‍ പഞ്ചായത്ത് കമ്മിറ്റി തീരുമാനമെടുത്താണ് ആവശ്യമായ ക്രമീകരണത്തിന് നിര്‍ദേശം നല്‍കിയതെന്നാണ് പഞ്ചായത്ത് പ്രസിഡന്റ് എസ്.ഷാജി വിശദീകരിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: