അടിമാലി: കൊച്ചി- ധനുഷ്കോടി ദേശീയപാതയോരത്ത് നേര്യമംഗലം മുതല്‍ അടിമാലി വരെയുള്ള ഭാഗത്ത് വളര്‍ന്നു നില്ക്കുന്ന ഈറ്റക്കാടുകള്‍ യാത്രക്കാരുടെ കാഴ്ച മറയ്ക്കുന്നു.
നര്യമംഗലം മുതല്‍ അടിമാലി വരെയുള്ള ഭാഗത്ത് പാതയിലേക്ക് ചാഞ്ഞുനില്ക്കുന്ന ഈറ്റക്കാടുകളാണ് വാഹനയാത്രക്കാര്‍ക്ക് അപകടക്കെണിയായി മാറുന്നത്. ബസുകളുടെ വശങ്ങളിലിരുന്ന് യാത്രചെയ്യുന്നവര്‍ക്കും ഇരുചക്രവാഹനയാത്രികര്‍ക്കും പരിക്കേല്‍ക്കുന്നതും പതിവാണ്. ഈറ്റ ശരീരത്തില്‍ തട്ടി മുറിവേറ്റ് ആശുപത്രിയില്‍ ചികില്‍സ തേടിയവരുമുണ്ടെന്ന് നാട്ടുകാര്‍ പറയുന്നു. ഈറ്റക്കാടുകളും വള്ളിപ്പടര്‍പ്പുകളും ചാഞ്ഞുനില്‍ക്കുന്നത് മൂലം റോഡ് പൂര്‍ണമായും കാണാനാകാതെ വരുന്നതുമൂലം അപകടങ്ങള്‍ക്ക് ഇടയാക്കുന്നതായി ചൂണ്ടിക്കാട്ടി നാട്ടുകാര്‍ പരാതി നല്‍കിയെങ്കിലും നാളിതുവരെയായിട്ടും നടപടിയുണ്ടായിട്ടില്ല.
കഴിഞ്ഞ ദിവസം രാത്രി വാളറയ്ക്ക് സമീപം ടോറസ് ലോറി നിയന്ത്രണം വിട്ട് കൊക്കയിലേക്ക് മറിഞ്ഞ് രണ്ടുപേര്‍ മരണമടഞ്ഞിരുന്നു. ഈ റോഡില്‍ സമീപനാളില്‍ അപകടം വര്‍ധിച്ചിരിക്കുകയാണ്. റോഡിന്റെ വീതികുറവും ഗതാഗതകുരുക്കുമാണ് പലപ്പോഴും അപകടത്തിനു കാരണമാകുന്നതെന്ന ആക്ഷേപമാണ് ഉയരുന്നത്. വീതികുറഞ്ഞ ചിലയിടങ്ങളില്‍ സംരക്ഷണ ഭിത്തി തകര്‍ന്ന നിലയിലാണ്.
അപകടം ഒഴിവാക്കാനായി സ്ഥാപിച്ചിട്ടുള്ള ക്രാഷ് ബാരിയറുകള്‍ തകര്‍ന്നുകിടക്കുന്നതും ആവശ്യത്തിന് റിഫല്ക്ടറുകള് സ്ഥാപിക്കാത്തതും അപകട സാധ്യത വര്‍ധിപ്പിക്കുന്നു. മൂന്നാര്‍ അടക്കമുള്ള വിനോദസഞ്ചാര കേന്ദ്രങ്ങളിലേക്ക് ഇതുവഴിയാണ് ദിനംപ്രതി നൂറുകണക്കിനു സഞ്ചാരികള്‍ യാത്രചെയ്യുന്നത്. വിദേശികള്‍ ഉള്‍പ്പെടെയുള്ളവരും പതിവായി സഞ്ചരിക്കുന്ന പാതയാണിത്. ലക്ഷകണക്കിനു രൂപയുടെ വിദേശനാണ്യമാണ് ഈ പാതയിലൂടെ സഞ്ചരിക്കുന്ന വിദേശികളില്‍ നിന്നു സര്‍ക്കാരിനു ലഭിക്കുന്നത്. അതില്‍ ഒരു ചെറിയ ശതമാനം തുക വള്ളപ്പടര്‍പ്പുകളും ഈറ്റകളും വെട്ടി നീക്കുന്നതിനും റോഡിന്റെ വീതി വര്‍ധിപ്പിച്ച് സീബ്രാ ലൈനുകള്‍ ഉള്‍പ്പെടെ അടയാളപ്പെടുത്തുന്നതിനും നടപടി സ്വീകരിച്ചിരുന്നെങ്കില്‍ ഇതുവഴിയുള്ള ഗതാഗതം ഒരുപരിധിവരെ അപകടരഹിതമാക്കാന്‍ കഴിയുമായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: