കുന്തിപ്പുഴയ്ക്കു കുറുകെ അണകെട്ടി സൈരന്ധ്രി വനത്തെ അപ്പാടെ നശിപ്പിച്ചു വൈദ്യുതി ഉണ്ടാക്കാമെന്ന അതിവികസന വാദികളുടെ മോഹത്തിനെതിരെ ഉയര്‍ന്നു കേട്ട ശബ്ദം കേരളത്തിലെ സാഹിത്യസാംസ്കാരിക പ്രതിഭകളുടേതായിരുന്നു. ജൈവ സമ്പന്നമായ സൈലന്റ്വാലിയിലെ മഴക്കാടുകളെ സംരക്ഷിക്കാന്‍, അന്യം നില്ക്കുന്ന വനവാസി ഗോത്രസമൂഹത്തിന്റെ പാരമ്പര്യവും ആവാസവ്യവസ്ഥയും നിലനിര്‍ത്താന്‍, വംശനാശ ഭീഷണിയിലായ ജീവിവര്‍ഗ്ഗങ്ങളെ രക്ഷിക്കാന്‍ ശ്രമകരമായ പോരാട്ടത്തിന് നേതൃത്വം നല്കാന് കേരളത്തില്‍ ഒരു സുഗതകുമാരിയുണ്ടായിരുന്നു.
തോല്‍ക്കുന്ന യുദ്ധമാണെന്ന തിരിച്ചറിവോടെയാണ് സുഗതകുമാരിയടക്കമുള്ളവര്‍ സൈലന്റ്വാലിയെ നശിപ്പിക്കാനുള്ള നീക്കത്തിനെതിരെ രംഗത്തു വന്നത്. പക്ഷേ, ആ യുദ്ധം തോല്ക്കാനുള്ളതായിരുന്നില്ല. പൊതു സമൂഹം പരിസ്ഥിതി സ്നേഹികള്‍ക്കൊപ്പം ചേര്‍ന്നു നിന്നു. ആ സമരത്തിന് കേരളത്തിലെ ഭൂരിപക്ഷം സാംസ്കാരിക പ്രതിഭകളുടെയും പിന്തുണയുണ്ടായി. സൈലന്റ്വാലിക്കുവേണ്ടി കേരളത്തിലും പുറത്തുമുള്ള സാഹിത്യകാരെ സംഘടിപ്പിക്കുന്നതില്‍ സമരസമിതി വിജയിച്ചു. തോല്‍ക്കുന്ന യുദ്ധത്തില്‍ ഒപ്പം കൂടാമോ എന്നായിരുന്നു സാഹിത്യകാര്‍ക്ക് അയച്ച കത്തില്‍ സുഗത ആവശ്യപ്പെട്ടത്. തോല്‍ക്കുന്ന യുദ്ധത്തില്‍ എന്നേ കൂടി ചേര്‍ക്കൂ എന്ന മറുപടി ആദ്യം അയച്ചത് വൈക്കം മുഹമ്മദ് ബഷീറാണ്. നിരവധി ചെറുതും വലുതുമായ സംഘടനകള്‍ സൈലന്റ്വാലി സമരത്തില്‍ പങ്കാളികളായി. എല്ലാവരും ഒന്നു ചേര്‍ന്നപ്പോള്‍ ഭരണാധികാരികളുടെ തെറ്റായ തീരുമാനത്തെ തിരുത്തിപ്പിക്കാനായി. തോല്‍ക്കുമെന്നു കരുതിയ യുദ്ധം വിജയിച്ചപ്പോള്‍ ലോകത്തിന് ലഭിച്ചത് അപൂര്‍വ്വമായ മഴക്കാടുകളെയാണ്. സൈലന്റ്വാലി ഒരു പ്രതീകമാണ്. ഐതിഹാസികമായ ഒരു പോരാട്ടത്തിന്റെ പ്രതീകം. സമര്‍പ്പണബുദ്ധിയും നിശ്ചയദാര്‍ഢ്യവുമുള്ള ഒരുപിടി മനുഷ്യരുടെ ഇച്ഛാശക്തിക്കു മുന്നില്‍ ഭരണകൂടത്തിന് അടിയറവു പറയേണ്ടിവന്നു.
സൈലന്റ്വാലി സമരത്തിനുശേഷം ചെറുതും വലുതുമായ നിരവധി പാരിസ്ഥിതിക പ്രശ്നങ്ങളെ കേരളം അഭിമുഖീകരിച്ചിട്ടുണ്ട്. നമ്മുടെ കാടും പുഴകളും പാറക്കെട്ടുകളും കുളങ്ങളും വയലുകളും ഇല്ലാതാകുന്നതിന്റെ ദുരന്തം 2018ലും പിന്നീടുള്ള വര്‍ഷങ്ങളിലും അനുഭവിച്ചതാണ്. ‘ഈ മലകള്‍ ഇടിച്ചിറക്കരുതേ, ഈ മരങ്ങള്‍ വെട്ടിവെളുപ്പിക്കരുതേ…’ എന്ന് സുഗതകുമാരി ഉള്‍പ്പെടെയുള്ള സാംസ്കാരിക പ്രവര്‍ത്തകര്‍ വിലപിച്ചപ്പോള്‍ ചെവിക്കൊള്ളാതിരുന്നതിന്റെ ഫലമായിരുന്നു അത്.
ആറന്മുള പാര്‍ത്ഥസാരഥി ക്ഷേത്രത്തിനു സമീപം പമ്പാനദിയെയും തണ്ണീര്‍ത്തടങ്ങളെയും ഇല്ലാതാക്കി ഒരുപറ്റം രാഷ്ട്രീയക്കാരുടെ പിന്തുണയോടെ സ്വകാര്യകുത്തക, എല്ലാ നിയമങ്ങളെയും കാറ്റില്‍ പറത്തി വിമാനത്താവളം നിര്‍മ്മിക്കാനൊരുങ്ങിയപ്പോള്‍ ആ മണ്ണും വെള്ളവും പച്ചപ്പും സംസ്കാരവും നിലനിര്‍ത്താന്‍, നമുക്കുവേണ്ടി സുഗതകുമാരി പോരാട്ടം നടത്തി. ആ പോരാട്ടവും ജയിക്കാന്‍ വേണ്ടിയുള്ളതായിരുന്നു. അപൂര്‍വ ജൈവവൈവിധ്യക്കലവറയായ അതിരപ്പള്ളിയിലേക്കും ഇപ്പോള്‍ അതിവികസനവാദികള് കണ്ണുനീട്ടുമ്പോള്‍ നമ്മള് ആശങ്കയിലാണ്. കേരളത്തിന്റെ നിലനില്‍പ്പുതന്നെ ഇല്ലാതാക്കാന്‍പോന്ന വികസനപദ്ധതികള്‍ക്കെതിരെ ഇനിയാര് മുന്നില്‍ നിന്ന് സമരം നയിക്കും എന്ന ആശങ്ക അസ്ഥാനത്തല്ല. സൈലന്റ്വാലി സമരത്തിന് രാഷ്ട്രീയമുണ്ടായിരുന്നില്ല. അധികാരികള്‍ എറിഞ്ഞുകൊടുക്കുന്ന അപ്പക്കഷ്ണങ്ങള്‍ക്കായി ഭരണക്കാരുടെ അടുക്കളപ്പുറത്ത് കാവല്കിടക്കുന്നവരായിരുന്നില്ല അന്നത്തെ സാംസ്കാരിക പ്രവര്‍ത്തകര്‍. എതിര്‍പ്പുകള്‍ എല്ലാകോണുകളില്‍ നിന്നും ധാരാളമുണ്ടായിരുന്നപ്പോഴും പുഴയ്ക്കും കാടിനും വേണ്ടി പാടിയും എഴുതിയും തെരുവില്‍ നാടകം കളിച്ചും പൊതുസമൂഹത്തെ ബോധ്യപ്പെടുത്തി സമരം മുന്നേറി. കൊടിയുടെയും തൊലിയുടേയും നിറം നോക്കാതെയായിരുന്നു ആ സമരത്തിന് ഒറ്റക്കെട്ടായ പിന്തുണയുണ്ടായത്. പക്ഷം ചേരാത്ത പിന്തുണ മാധ്യമങ്ങളില്നിന്നുണ്ടായതും വിജയമായി.
സൈലന്റ്വാലിയെ പോലെയോ അതിലും കൂടുതലായോ പ്രാധാന്യം നല്‍കേണ്ട പാരിസ്ഥിതിക പ്രശ്നത്തിലൂടെയാണ് കേരളം ഇന്ന് കടന്നുപോകുന്നത്. സൈലന്റ്വാലിയില് കെട്ടാന്‍ ഉദ്ദേശിച്ചിരുന്ന അണക്കെട്ട് സംഭവിപ്പിക്കുമായിരുന്ന പാരിസ്ഥിതിക ദുരന്തങ്ങളേക്കാള്‍ പതിന്മടങ്ങ് കൂടുതലാണ് സില്‍വര്‍ ലൈന്‍ എന്ന ഹൈസ്പീഡ് റെയില്‍ പദ്ധതിയിലൂടെ കേരളം അഭിമുഖീകരിക്കാന്‍ പോകുന്നത്. തിരുവനന്തപുരത്തു നിന്ന് കാസര്‍കോട്ടേക്ക് നാലുമണിക്കൂറുകൊണ്ട് എത്താനായി കേരളത്തെ രണ്ടായി വിഭജിച്ചും തണ്ണീര്‍ത്തടങ്ങളെയും വയലേലകളെയും കൃഷിയിടങ്ങളെയും ഇല്ലാതാക്കിയും മലകള്‍ തുരന്നും മരങ്ങള്‍ വെട്ടിവീഴ്ത്തിയും ഒരുലക്ഷത്തിലേറെ മനുഷ്യരെ കുടിയിറക്കിയും എന്തിനാണ് ഇങ്ങനെയൊരു പദ്ധതി. തിരുവനന്തപുരത്തു നിന്ന് കാസര്‍കോട്ടേക്ക് ആര്‍ക്കൊക്കെയാണ് ഇത്രവേഗത്തിലെത്തേണ്ടത്?. വികസനം വസ്തുക്കളുടേതല്ല, മനുഷ്യന്റെതായിരിക്കണം എന്ന യുനെസ്കോയുടെ ലോകവികസന റിപ്പോര്‍ട്ടിലെ വാചകം കേരളത്തിലെ സില്‍വര്‍ ലൈന്‍ പദ്ധതിയുടെ വരവിന്റെ പശ്ചാത്തലത്തില്‍ ഒന്നുകൂടി ഓര്‍ക്കണമെന്നാണ് പദ്ധതിയെ എതിര്‍ക്കുന്ന വിദഗ്ധരുടെ അഭിപ്രായം. പദ്ധതി നടപ്പിലാക്കിയേ തീരൂ എന്ന് സര്‍ക്കാര്‍ വാശിപിടിക്കുന്നതിനു പിന്നില്‍ വികസനം കൊണ്ടുവരാനുള്ള വ്യഗ്രത മാത്രമല്ലെന്ന് എല്ലാവര്ക്കും അറിയാം. നിതി ആയോഗിന്റെ കണക്കുപ്രകാരം പദ്ധതി പൂര്‍ത്തിയാക്കാന്‍ വേണ്ടിവരുന്ന 1,26,081 കോടി രൂപ തന്നെയാണ് ഭരിക്കുന്നവരെ മോഹിപ്പിക്കുന്നത്. ഓരോ ഇടപാടിലും ലഭിക്കാവുന്ന വിഹിതത്തില്‍ ആരോക്കെ കണ്ണുനട്ടിരിക്കുന്നുണ്ടാകും.
530 കിലോമീറ്റര്‍ ദൈര്‍ഘ്യം വരുന്ന സില്‍വര്‍ലൈനില്‍ വെറും 88 കിലോമീറ്റര്‍ മാത്രമാണ് എലിവേറ്റഡ് ആയി കടന്നുപോകുന്നത്. ബാക്കി 410 കിലോമീറ്ററും ഇരുവശങ്ങളിലും 15 അടിയോളം ഉയരമുള്ള സംരക്ഷിതഭിത്തി നിര്‍മ്മിക്കേണ്ടിവരും. ഇത് കേരളത്തെ രണ്ടായി വിഭജിക്കും. ഏകദേശം ആയിരത്തോളം മേല്‍പ്പാലങ്ങളും അടിപ്പാതകളും നിര്‍മ്മിക്കണം. ഉയരത്തില്‍ നിര്‍മ്മിക്കുന്ന അതിര്‍ത്തി മതിലുകള്‍ 2018ലേയും 2019ലേയും പോലുള്ള പ്രളയ സാഹചര്യങ്ങളില്‍ വലിയ ദുരന്തങ്ങള്‍ ക്ഷണിച്ചുവരുത്തുകതന്നെ ചെയ്യും. 132 കിലോമീറ്റര്‍ നീളത്തില്‍ നെല്‍വയലുകളും തണ്ണീര്‍ത്തടങ്ങളും മണ്ണുകൊണ്ടും പാറകൊണ്ടും നികത്തിയെടുക്കുക വഴി സുഗമമായ നീരൊഴുക്ക് തടയപ്പെടും. വയലുകളും നീര്‍ത്തടങ്ങളും നികത്തുന്നത് ഭൂഗര്‍ഭ ജലവിതാനം താഴുന്നതിന് കാരണമാകും. പ്രളയത്തോടൊപ്പം വരള്‍ച്ചയും രൂക്ഷമാകും. 20000 കുടുംബങ്ങളും ഒരു ലക്ഷത്തിലേറെ മനുഷ്യരും ഈ പദ്ധതിയില്‍ കുടിയിറക്കപ്പെടും. മൂലമ്പള്ളിയില്‍ കുടിയിറക്കപ്പെട്ട കുടുംബങ്ങളുടെ വേദന ഇന്നും കേരളത്തിന്റെയാകെ വേദനയാണ്. തീവണ്ടി ഇത്രവേഗത്തില്‍ കടന്നുപോകുന്ന പ്രദേശത്തിനുണ്ടാകുന്ന പാരിസ്ഥിതികമായ മറ്റു പ്രശ്നങ്ങള്‍ ഏറെയുണ്ട്. ഇത്രവലിയ തുക കടംവാങ്ങി ചെലവഴിച്ച് നിര്‍മ്മിക്കുന്ന സില്‍വര്‍ ലൈനിലെ തീവണ്ടിയില്‍ ദിനംപ്രതി കയറാന്‍ തക്ക യാത്രക്കാര്‍ കേരളത്തിലുണ്ടോ എന്ന ചോദ്യം വേറെ.
വലിയ പാരിസ്ഥിതിക ദുരന്തത്തിന് വഴിവെക്കുന്ന സില്‍വര്‍ലൈന്‍ പദ്ധതിക്കെതിരെ പ്രതിപക്ഷ രാഷ്ട്രീയ കക്ഷികളും കുടിയൊഴിപ്പിക്കപ്പെടുന്നവരും മാത്രമാണ് പ്രക്ഷോഭവുമായി രംഗത്തുവന്നിട്ടുള്ളത്. രാഷ്ട്രീയ കക്ഷികളുടെ പ്രതിഷേധം പ്രസംഗങ്ങളിലും പ്രസ്താവനകളിലും ഒതുങ്ങുന്നു. കിടപ്പാടം നഷ്ടപ്പെടുന്നവരുടെ പ്രതിഷേധം തേങ്ങലുകളാകുന്നു. എന്തുകൊണ്ടാണ് കേരളത്തിലെ പ്രകൃതിസ്നേഹികളും പരിസ്ഥിതി വാദികളും സാഹിത്യസാംസ്കാരിക നായകരും കേരളത്തെ ദുരന്തഭൂമിയാക്കാന്‍ പോന്ന സില്‍വര്‍ലൈനിനെതിരെ കൂട്ടായ സമരരംഗത്തേക്കിറങ്ങാത്തത്?. അവരെ നയിക്കാന്‍ ഒരു സുഗതകുമാരി ഇല്ലാത്തതാണോ കാരണം. അല്ലെന്നു തന്നെ പറയാം. സുഗതകുമാരി മുന്നില്‍ നിന്ന് നയിച്ചാലും സൈലന്റ് വാലി സമരംപോലെയൊരു പോരാട്ടം കേരളത്തില്‍ സാഹിത്യ, സാംസ്കാരികമേഖലയില്‍ നിന്നുണ്ടാകില്ല. ആ വര്‍ഗ്ഗം രാഷ്ട്രീയമായ ചേരികളായി മാറിയിരിക്കുന്നു. അല്ലങ്കില്‍ സിപിഎമ്മും പിണറായി ഭരണവും ചേര്‍ന്ന് അവരെ അങ്ങനെമാറ്റിയെടുത്തു. ഭരണകൂടം നല്കുന്ന അപ്പക്കഷണത്തിലാണ് അവരുടെ അടുക്കളപ്പുറത്തു കാവല്കിടക്കുന്നവരുടെ നോട്ടം മുഴുവന്‍ എന്നത് ആവര്‍ത്തിച്ചു പറയാം.
കെ റെയില്‍ വന്നാല്‍ ഉണ്ടാകാവുന്ന പാരിസ്ഥിതിക വിപത്തുകള്‍ ചൂണ്ടിക്കാട്ടി കവിതയെഴുതിയതിന് ഇടതുപക്ഷ സഹയാത്രികനായ കവി റഫീഖ് അഹമ്മദിന് സാമൂഹ്യമാധ്യമത്തില്‍ നേരിടേണ്ടിവന്ന അവഹേളനവും കേള്‍ക്കേണ്ടിവന്ന തെറിവാക്കുകളും കുറച്ചൊന്നുമല്ല. തെറിപറഞ്ഞതെല്ലാം സിപിഎമ്മുകാരാണ്. ”എങ്ങോട്ടു പോകുന്നു ഹേ, ഇത്ര വേഗത്തിലിത്ര തിടുക്കത്തില്‍…” എന്നുമാത്രമേ അദ്ദേഹം ചോദിച്ചുള്ളൂ. ഇടതുപക്ഷക്കാരനായിട്ടു കൂടി കവിക്ക് അത്രേം ചോദിക്കാതിരിക്കാനായില്ല.
സൈലന്റ് വാലിയില്‍ അണകെട്ടുന്നതിനെതിരെ ഉയര്‍ന്ന പ്രതിഷേധം ഇല്ലാതാക്കാന്‍ കേരളം ഭരിച്ച വിവിധ സര്‍ക്കാരുകള്‍ മത്സരിച്ചു. ”ഇക്കോളജി ഈസ് എ ലക്ഷ്വറി ഫോര്‍ കേരളൈറ്റ്സ്” എന്ന മുന്‍ മുഖ്യമന്ത്രി പി.കെ. വാസുദേവന്‍നായരുടെ പ്രഖ്യാപനം ഈ നയത്തിന്റെ തുടര്‍ച്ചയാണ്. സൈലന്റ് വാലിയില്‍ കാര്യമായൊന്നും നഷ്ടപ്പെടാനില്ലെന്നാണ് സംസ്ഥാന സര്‍ക്കാരും അനുബന്ധ സ്ഥാപനങ്ങളും പറഞ്ഞത്. അണക്കെട്ടില്‍ മുങ്ങിപ്പോകുന്ന മരങ്ങളത്രയും വേണമെങ്കില്‍ പറിച്ചുനടാവുന്നതേയുള്ളൂ എന്ന വങ്കത്തരം വരെ പറഞ്ഞവരുമുണ്ട്. അവരില്‍ ചിലരെല്ലാം ഇന്ന് വലിയ പരിസ്ഥിതി വാദികളുമാണ്. സില്‍വര്‍ ലൈന്‍ പദ്ധതിക്കായി മുന്നില്‍ നില്‍ക്കുന്നവരും അത്തരം വങ്കത്തരങ്ങളാണ് ഉയര്‍ത്തുന്നത്. അന്ന് പികെവി. ഇന്ന് പിണറായി. ആ വ്യത്യാസമേയുള്ളൂ. കേരളം എങ്ങനെയായാലെന്താ, നമുക്കും കിട്ടണം പണം!
പ്രതികരിക്കാൻ ഇവിടെ എഴുതുക: