കാഞ്ഞങ്ങാട്: മണ്മറഞ്ഞു പോയ നിരവധി കവികള്‍, രാഷ്ട്രീയ സാംസ്കാരിക നായകന്മാര്, സിനിമാ സംവിധായകന്മാര് എന്നിവരുടെ ജീവന്ത്തുടിക്കുന്ന രേഖാചിത്രങ്ങള്‍ ബാക്കിയാക്കി കാഞ്ഞങ്ങാടിന്റെ സാംസ്കാരിക മുഖം ആര്‍ട്ടിസ്റ്റ് രാഘവന് മാസ്റ്റര്‍ യാത്രയായി.
മുന്‍ രാഷ്ട്രപതിമാരായ എ.പി.ജെ അബ്ദുള്‍ കലാം, കെ.ആര്.നാരായണന്, ശ്രീ നാരായണ ഗുരു, മഹാകവി പി കുഞ്ഞിരാമന് നായര്‍, പാട്ടുകാരന് ഉബൈദ്, ചിന്മയാനന്ദ സ്വാമി, രവിവര്‍മ്മ, അക്കിത്തം, കുഞ്ഞുണ്ണി മാഷ്, ഭരത് ഗോപി, സുഗതകുമാരി, സംവിധായകന് പത്മരാജന്, ഒ. എന്‍.വി.കുറുപ്പ്, എം.ടി.വാസുദേവന്‍ നായര്‍, മട്ടന്നൂര്‍ ശങ്കരന്‍കുട്ടി മാരാര്‍ തുടങ്ങി നീളുകയാണ് അദ്ദേഹത്തിന്റെ ചിത്ര ശേഖര പട്ടിക.
സാമുഹിക പ്രവര്‍ത്തനവും ചിത്രകലയും അധ്യാപനവും നാടകവും രേഖാ ചിത്രവരയും കാര്‍ട്ടൂണ്‍ വരയും സമന്വയിപ്പിച്ച പ്രവര്‍ത്തനങ്ങളാണ് രാഘവന് മാസ്റ്റര്ക്കുണ്ടായിരുന്നത്. 1961-ല്‍ ചിത്രകലാ അധ്യാപകനായി ഹൊസ്ദുര്‍ഗ് ഗവ.സ്കൂളില്‍ ഔദ്യോഗിക ജീവിതം ആരംഭിച്ച് 36 വര്‍ഷത്തിന് ശേഷമാണ് 1995-ല്‍ പിരിയുന്നത്. അതിനിടയില്‍ 1991-ല്‍ ദേശീയ അധ്യാപക അവാര്‍ഡ് ലഭിച്ചു. കേരളത്തില്‍ നിന്ന് ചിത്രകാല അധ്യാപകനുള്ള ദേശീയ അവാര്‍ഡ് നേടിയ ഏക അധ്യാപകനാണ് രാഘവന് മാസ്റ്റര്‍.
1991-ല്‍ കേരള കാര്‍ട്ടൂണ്‍ അക്കാദമിയുടെ സാജന് കുടുംബുല് അവാര്‍ഡ്, റോട്ടറി ക്ലബ്ബ് അവാര്‍ഡ് തുടങ്ങിയ അവാര്‍ഡുകള്‍ ലഭിച്ചിരുന്നു.നിരവധി സംഘടനകള്‍ക്കും കലോത്സവങ്ങള്‍ക്കും രാഘവന് മാസ്റ്റര്‍ എംബ്ലങ്ങള്‍ തയ്യാറാക്കി നല്‍കിയിരുന്നു. 1995-ല്‍ കാഞ്ഞങ്ങാട് നടന്ന കാലിക്കറ്റ് യൂണിവേഴ്സിറ്റി കലോത്സവത്തിന്റെ എബ്ലം, ബേക്കല്‍ ഉത്സവ മേളയുടെയും ഫെഡറേഷന് സംസ്ഥാന വോളി ബോള്‍ ചാമ്പ്യന്‍ഷിപ്പിന്റെയും എംബ്ലം തുടങ്ങിയ അതില്‍ ചിലതാണ്.
1993-ല്‍ കോഴിക്കോട് മാനഞ്ചിറ സ്ക്വയറില്‍ ലോക പ്രശസ്ത ചിത്രകാരന് എം.എഫ് ഹുസൈന് നയിച്ച ചിത്രകലാ ക്യാമ്പില്‍ രാഘവന് മാസ്റ്റര്‍ പ ങ്കെടുത്തിരുന്നു. മലയാളത്തിലെ ഒട്ടുമിക്ക മുഖ്യാധാര പത്രങ്ങളിലും മാസികകളിലും ജില്ലയില്‍ കാഞ്ഞങ്ങാടും കാസര് കോടുമിറങ്ങുന്ന സായാഹ്ന പത്രങ്ങളിലും നിരവധി ചിത്രങ്ങള്‍ വരച്ചിട്ടുണ്ട്. വരയുടെ കൂടെ പഠനകാലത്ത് വിദ്യാര്‍ത്ഥികള്‍ക്ക് പ്രൊഫിഷ്യന്‍സി സര്‍ട്ടിഫിക്കറ്റ് സമ്പ്രദായം ഉണ്ടായിരുന്ന കാലത്ത് ഭാവാഭിനയത്തിലും പുരസ്കാരം നേടിയിരുന്നു.
1957 ല്‍ തിരുവനന്തപുരത്ത് നടന്ന ആദ്യത്തെ കേരള സ്കൂള്‍ യുവജനോത്സവത്തില്‍ രാജാസ് ഹൈസ്കൂളിനെ പ്രതിനിധീകരിച്ച് അവതരിപ്പിച്ച പി.കേശവദേവിന്റെ ‘നീ മരിച്ചു’ എന്ന നാടകത്തില്‍ പ്രധാന വേഷം അവതരിപ്പിച്ചു. പതിനാറോളം നാടകങ്ങളില്‍ വേഷമിട്ടു. സംസ്ഥാന ഓണാഘോഷത്തിന്റെ ഭാഗമായി കാസര്‍കോട് ജില്ലയെ പ്രതിനിധീകരിച്ച് നിരവധി തവണ തിരുവനന്തപുരത്ത് ഫ്ളോട്ട് അവതരിപ്പിച്ചിട്ടുണ്ട്. ലളിതകലാ അക്കാദമി നിര്‍വാഹക സമിതി അംഗമായിരുന്ന കാലത്ത് കാഞ്ഞങ്ങാട് ആര്‍ട്ട് ഗാലറി സ്ഥാപിക്കാനും 1980 ല്‍ ഹോസ്ദുര്‍ഗ് യുപി സ്കൂളിനെ ഹൈസ്ക്കൂളായി ഉയര്‍ത്തുന്നതിലും മുഖ്യപങ്കുവഹിച്ചു. ചിത്രകാരന്മാരുടെ സംഘടനയുടെ സംസ്ഥാന പ്രസിഡന്റ് സ്ഥാനം വഹിച്ചിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: