പാലക്കാട്: ആര്‍എസ്എസ് തേനാരി മണ്ഡലം ബൗദ്ധിക് പ്രമുഖ് സഞ്ജിത്തിന്റെ കൊലപാതകത്തില്‍ നേരിട്ട് പങ്കെടുത്ത അഞ്ചാമനും പിടിയില്‍. കൊഴിഞ്ഞാമ്പാറ അത്തിക്കോട് സ്വദേശിയായ എസ്ഡിപിഐ പ്രവര്‍ത്തകനാണ് പിടിയിലായത്. ഇതോടെ അറസ്റ്റിലായവര്‍ 11 ആയി.
കഴിഞ്ഞ ദിവസം രാത്രിയാണ് ഇയാളെ വാടാനാംകുറിശ്ശിയില്‍ നിന്നു പിടികൂടിയത്. സഞ്ജിത്തിനെ വാളുപയോഗിച്ച് വെട്ടിയ അഞ്ചു പേരും ഇതോടെ പിടിയിലായി. തിരിച്ചറിയല്‍ പരേഡ് ഉള്ളതിനാല്‍ പ്രതിയുടെ പേരുവിവരങ്ങള്‍ പോലീസ് പുറത്തുവിട്ടിട്ടില്ല. ഇനി ലുക്ക്ഔട്ട് നോട്ടീസിലുള്ള മലപ്പുറം സ്വദേശി ഇബ്രാഹിം, ആലത്തൂര്‍ അഞ്ചുമൂര്‍ത്തി ചീക്കോട് സ്വദേശി നൗഫല്‍ എന്നിവര്‍ ഉള്‍പ്പെടെ ഒമ്പതു പേരെ പിടികൂടാനുണ്ട്.
ഇതുവരെ അറസ്റ്റിലായ പ്രതികളുടെ കുറ്റപത്രം അടുത്ത ദിവസം കോടതിയില്‍ സമര്‍പ്പിക്കുമെന്ന് അന്വേഷണസംഘം പറഞ്ഞു. നവംബര്‍ 15ന് മമ്പ്രത്തിനടുത്ത് രാവിലെ ഒമ്പതിനാണ് ഭാര്യയുടെ മുന്നിലിട്ട് സഞ്ജിത്തിനെ പോപ്പുലര്‍ ഫ്രണ്ട് – എസ്ഡിപിഐ ഭീകരര്‍ വെട്ടിക്കൊന്നത്.
















