തിരുവനന്തപുരം: പ്രധാനമന്ത്രിയെ അപകീര്‍ത്തിപ്പെടുത്തി വസ്തുതാ വിരുദ്ധമായ ഫേസ് ബുക് പോസ്റ്റ് ഇട്ട കേരള സര്‍വകലാശാലാ പൊളിറ്റിക്കല്‍ സയന്‍സ് വിഭാഗം അസിസ്റ്റന്റ് പ്രൊഫസറും മുന്‍ വാര്‍ത്താ അവതാരകനുമായ ഡോ.അരുണ്‍കുമാറിനെതിരെ വൈസ് ചാന്‍സിലര്‍ക്കും രജിസ്ട്രാര്‍ക്കും പരാതി.
ചട്ടപ്രകാരമുള്ള ശിക്ഷാ നടപടികള്‍ കൈക്കൊള്ളണമെന്നാവശ്യപ്പെട്ട് യൂണിവേഴ്‌സിറ്റി സെനറ്റ് അംഗം ഡോ. വിനോദ് കുമാറും ,കേരള യൂണിവേഴ്‌സിറ്റി എംപ്ലോയീസ് സംഘും ആണ് പരാതി നല്‍കിയത്.
ദാവോസില്‍ നടന്ന വേള്‍ഡ് എക്കോണമിക് ഫോറം വേദിയില്‍ വിര്‍ച്വല്‍ പ്രസംഗത്തിനിടെ ഉണ്ടായ ആശയക്കുഴപ്പവുമായി ബന്ധപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെ തെറ്റായ വിവരം നല്‍കുകയും തെറ്റിദ്ധാരണ പരത്തി ഫേസ് ബുക്കിലൂടെ അപമാനിക്കുകയും ചെയ്തു. ഇത് ഒരുപാട് പേര്‍ സമൂഹ മാധ്യമങ്ങളില്‍ പങ്കുവയ്‌ക്കുകയും ചെയ്തു. പ്രസംഗം തടസ്സപ്പെട്ടത് സംബന്ധിച്ച് നിജസ്ഥിതി പ്രമുഖ മാധ്യമങ്ങളെല്ലാം റിപ്പോര്‍ട്ട് ചെയ്തിരുന്നു.
യു ജി സി സ്‌കെയില്‍ ശമ്പളം കൈപ്പറ്റുന്ന ഉദ്യോഗസ്ഥന്‍ രാഷ്‌ട്രീയ വിരോധം വച്ച് മനപൂര്‍വം പ്രധാനമന്ത്രിയെ അവഹേളിക്കണമെന്ന ഉദ്ദേശത്തോടെയാണ് ഫേസ് ബുക്ക് പോസ്റ്റിട്ടത ്.ഇത് സര്‍വീസ് ചട്ടങ്ങളുടെ ലംഘനമാണ്. ആയതിനാല്‍ അധ്യാപകനെതിരെ സര്‍വകലാശാല മാതൃകാപരമായ നടപടി സ്വീകരിക്കണമെന്ന് പരാതിയില്‍ ആവശ്യപ്പെട്ടു.
ഡോ.അരുണ്‍ കുമാറിനെതിരെ നടപടി എടുക്കണമെന്ന് ആവശ്യപ്പെട്ട് നേരത്തെ ഗവര്‍ണര്‍ക്ക് ബിജെപി പരാതി നല്‍കിയിരുന്നു. യുജിസി സ്‌കെയില്‍ ശമ്പളം വാങ്ങി ഉത്തരവാദിത്തപ്പെട്ട സര്‍ക്കാര്‍ ജോലിയില്‍ ഇരിക്കുന്ന അരുണ്‍കുമാര്‍ രാജ്യത്തിന്റെ പ്രധാനമന്ത്രിക്കെതിരെ തെറ്റായ വിവരം നല്‍കുകയും തെറ്റിദ്ധാരണ പരത്തി അപമാനിക്കുകയുമായിരുന്നെന്ന് ആരോപിച്ച് സംസ്ഥാന വൈസ് പ്രസിഡന്റ് അഡ്വ.ബി ഗോപാലകൃഷ്ണനാണ് പരാതി നല്‍കിയത്.
















