ഒമ്പതാം ദിവസത്തെ യുദ്ധം അതിഘോരതരമായിരുന്നു. അതുപോലെ ഒമ്പതാം ദിവസത്തെ സന്ധ്യയും അതിഘോരമായി തുടര്‍ന്നു. യുദ്ധം നിറുത്തിയിട്ടില്ല. ഭീഷ്മന്‍ ആര്‍ത്തിരച്ചു പാണ്ഡവപ്പടയെ കൊന്നുകൊണ്ടിരുന്നു. ഭീതികരമായ പടനാശവും അനുജന്മാരുടെ പീഡയും കണ്ട് യുധിഷ്ഠിരന് ആകെ വിഷണ്ണനായി. ഒരു വിധം സൈന്യത്തെ പിന്‍വലിച്ചുകൊണ്ട് മുറിവേറ്റു തളര്‍ന്ന യുധിഷ്ഠിരന് അല്പമൊന്നു വിശ്രമിച്ചു. ആ ഘോരരാത്രികാലത്തു പാണ്ഡവരും വൃഷ്ണികളും കൂടിയാലോചിക്കാനൊരുങ്ങി.
അല്പനേരത്തെ ആലോചനയ്ക്കു ശേഷം യുധിഷ്ഠിരന് കൃഷ്ണന്റെ നേര്‍ക്ക് നോക്കിയിട്ട് ഇങ്ങനെ പറഞ്ഞു, ”കൃഷ്ണ! താമരക്കാട് ആനകേറി നശിപ്പിക്കുന്നതുപോലെ ഭീഷ്മന്‍ എന്റെ സൈന്യത്തെ നശിപ്പിച്ചതു കാണുന്നില്ലേ? കത്തിക്കാളുന്ന തീപോലെ സൈന്യങ്ങളെ എരിക്കുന്ന അവനെ നോക്കാന്‍പോലും നമുക്കാവുന്നില്ല. ക്രുദ്ധനായ യമനെയും വജ്രിയായ ഇന്ദ്രനെയും ജയിക്കാം. തീഷ്ണശസ്ത്രപ്രതാപവാനായ ഭീഷ്മനെ ജയിക്കാനാവില്ല. ബുദ്ധിമാന്ദ്യംകൊണ്ട് പോരില്പെട്ടുപോയ ഞാന്‍ ഭീഷ്മനെ എതിര്‍ക്കുന്നതുകൊണ്ട് ശോകാകുലനായിത്തീര്ന്നിരിക്കുന്നു. കൃഷ്ണ! യുദ്ധം നന്നല്ല. ഭീഷ്മന്‍ ഞങ്ങളെ കൊല്ലുന്നു. കത്തുന്ന ചെന്തീയില്‍ പൂമ്പാറ്റ ചാടുമ്പോലെ ഭീഷ്മന്റെ മുന്നില്‍ ഞാന്‍ ചെന്നു പെട്ടുപോയി. ശൂരരായ അനുജന്മാരും അമ്പുകള്‍കൊണ്ടു തളര്‍ന്നിരിക്കുന്നു. ഞാന്‍ മൂലം പണ്ട് സോദരസ്നേഹത്താലെ നാടുവിട്ടു കാടുകയറിയ അവര്‍ ഇപ്പോഴും ഞാന്‍മൂലം കുഴങ്ങുന്നു. ജീവന്‍പോലും ദുര്‍ല്ലഭമാകുന്നു.”
യുധിഷ്ഠിരനെ ആശ്വസിപ്പിക്കാന്‍ കൃഷ്ണന് പറഞ്ഞു,”യുധിഷ്ഠിരാ! നിന്റെ അനുജന്മാരഞ്ചുപേരും ശൂരരായ പരാക്രമികളാണ്. ഭീമാര്‍ജുനന്മാര്‍ വായ്വഗ്നിസമാനരാണ്. മൈത്രേയന്മാര് മഹാവിക്രമശാലികളാണ്. മഹാരാജ! നീ പറഞ്ഞാല്‍ ഞാന്‍ ചെയ്യാതെന്തുണ്ട്. അര്ജ്ജുനന് കൈയൊഴിഞ്ഞാല്‍ ഭീഷ്മനെ കൗരവരുടെ മുന്നിലിട്ടു ഞാന്‍ വകവരുത്താം. ഭീഷ്മനാകുന്ന വീരനെ കൊന്നാല്‍ ജയം നേടാം. മഹാസ്ത്രം തൂകുന്ന അവനെ പോരില്‍ ഇന്ദ്രന്മട്ടില് ഞാന്‍ നേരില്‍നിന്നു തകര്‍ക്കും. നിന്റെ അനുജന് എന്റെ സഖി, ശിഷ്യന്, സംബന്ധി; വേണ്ടിവന്നാല്‍ അവനുവേണ്ടി ഞാന്‍ മാംസം മുറിച്ചെടുക്കും. എനിക്കുവേണ്ടി അവനും പ്രാണന് വെടിയും. അതു ഞങ്ങള്‍തമ്മിലുള്ള കരാര്‍. ഞങ്ങള്‍ അതു കാത്തുകൊള്ളും. എന്നെ യുദ്ധത്തിനയക്കൂ, ഞാന്‍ ഭീഷ്മനെ വധിക്കാം. ഗാംഗേയനെ ഞാന്‍ വധിക്കുമെന്നു ഉപപ്ലാവ്യത്തില്വെച്ച് അര്ജുനന് ലോകസമക്ഷം പറഞ്ഞതുകൊണ്ട് ആ ധീമാന്റെ വാക്ക് ഞാന്‍ പാലിക്കണം. ഭീഷ്മവധം പാര്ത്ഥന് സമ്മതിച്ചതാണ്. അല്ലെങ്കില്‍ ഞാന്‍ വധിക്കാം. അവന് ശത്രുഘാതകനായ ഭീഷ്മനെ വധിക്കും. ദൈത്യന്മാരെയും ദാനവന്മാരെയും വാനവരെയും അര്ജുനന് കൊല്ലുമെങ്കില്‍ ഭീഷ്മനെയും കൊല്ലും. വിപരീതനും മഹാവീരനും സ്വത്വം കെട്ടവനും ശാന്തനും അല്പജീവിതനുമായ ഭീഷ്മന്‍ ചെയ്യാനുള്ളതറിയാത്തവനാണ് രാജാവേ!”
”നീ പറഞ്ഞതുമുഴുവന്‍ നേരാണ് മാധവ! നിനക്കു താങ്ങുവാന്‍ ഇവരാരും മതിയാവില്ല. ഹേ പുരുഷവ്യാഘ്ര! നീ എന്റെ പക്ഷം കൈക്കൊണ്ടുനിന്നാല് ഞാന്‍ ഇച്ഛിക്കുന്നതുപോലെ എല്ലാം സാധിക്കും. ഇന്ദ്രാദികളെപ്പോലും വെല്വാന് കരുത്തുള്ള നിനക്ക് പിന്നെ ഭീഷ്മന്‍ എന്താണ്! ഞാന്‍ ആത്മഗൗരവംകൊണ്ട് നിന്നെ അസത്യവാനാക്കുകയില്ല. അതുകൊണ്ട് യുദ്ധം ചെയ്യാതെ സഹായം ചെയ്യുക മാധവ! ഭീഷ്മന്‍ പോരില്‍ എനിക്കുവേണ്ടി ഇങ്ങനെ ഒരു കരാര്‍ ചെയ്തു: നിനക്കുവേണ്ടി മന്ത്രിക്കും, ഒരിക്കലും യുദ്ധം ചെയ്യില്ല. ദുര്യോധനനുവേണ്ടി പോരാടും എന്ന്. സത്യം ഇങ്ങനെയാണു പ്രഭോ! അവന് എനിക്കു രാജ്യവും മന്ത്രവും നല്‍കും. നാമേവരും ചെന്ന് വമ്പനാകുന്ന ഭീഷ്മനോട് ആ മന്ത്രം യാചിക്കാം. അവന് നമ്മോട് നേരായ ഹിതം ചൊല്ലിത്തരും ജനാര്‍ദ്ദന! അവന് ചൊല്ലിത്തരും വിധം പോരില്‍ പ്രയോഗിക്കാം. ആ ദൃഢവ്രതന് ജയത്തെയും മന്ത്രത്തെയും തരും. അച്ഛനില്ലാത്ത കുട്ടികളാകുന്ന ഞങ്ങളെ കാത്തവനാണവന്. ഹാ! വൃദ്ധമുത്തച്ഛനെയും കൊല്ലാന്‍ നോക്കുകയാണ്. അചഛന്റെ അച്ഛനെ കൊല്ലുന്ന ഈ ക്ഷത്രജീവിതം എത്രയോ ചീത്തയാണ് മാധവ!”
കൃഷ്ണന് പറഞ്ഞു, ”നരേശ്വര! നീ പറഞ്ഞത് ശരിയാണ്. ദേവവ്രതനായ ഭീഷ്മന്‍ നോട്ടംകൊണ്ടും എരിക്കുന്നവനാണ്. ആ ഗംഗാസുതനെ വധിക്കാനുള്ള വഴികേള്ക്കാന് പോകാം. അദ്ദേഹം സത്യം പറയും. വിശേഷിച്ചു ചോദിച്ചാല്‍ ശത്രുജയത്തിനുള്ള ഉപായം അവന് നിന്നോട് പറയും.” എല്ലാവരും വീര്യവാനായ കുരുമുത്തച്ഛന്റെ അടുക്കലെത്തി. കൂട്ടത്തില്‍ വാസുദേവനുമുണ്ട്. ചട്ടയും ശസ്ത്രങ്ങളും ഭീഷ്മഗൃഹത്തില് ഊരിവെച്ചിട്ട് അകത്തുകയറി ഭീഷ്മനെ തലകുമ്പിട്ടു കൂപ്പി. അനുജന്മാരും തലകുമ്പിട്ടു കൂപ്പി. അദ്ദേഹം എല്ലാവരുടെയും പേരുവിളിച്ചു സ്വാഗതം പറഞ്ഞു. അദ്ദേഹം പറഞ്ഞു, ”നിങ്ങള്‍ക്കെല്ലാവര്‍ക്കും പ്രീതികരമായി ഞാന്‍ എന്താണ് ചെയ്യേണ്ടത്? അതിദുഷ്കരമായാലും ഞാന്‍ എന്തും ചെയ്യാം.” ഈവിധം പ്രീതികരമായ വാക്കുകള്‍ പറഞ്ഞ മഹാത്മാവായ ഗാംഗേയനോട് ദുഃഖിതനായ യുധിഷ്ഠിരന് ഇങ്ങനെ പറഞ്ഞു, ”സര്‍വ്വജ്ഞ! ഞങ്ങള്‍ ജയിക്കുന്നതെങ്ങനെയാണ്? എങ്ങനെ രാജ്യം നേടും? അങ്ങയുടെ മുന്നില്‍ അതിരറ്റ സൈന്യനാശം അതിഭയങ്കരമാണ്. അതുകൊണ്ട് അങ്ങയെ വധിക്കാനുള്ള ഉപായം പറഞ്ഞുതരേണമേ! നേര്‍മുന്നില്‍ സൂര്യനെപ്പോലെനിന്ന് വില്ലുവളച്ച്, എടുപ്പതും തൊടുപ്പതും പിന്വലിപ്പതും കാണ്‍കെ തേര്, ആന, ആള്, അശ്വം എന്നീ നിരകള്‍ മുടിക്കുന്നതായി കാണുന്നു. നിന്നെ ജയിക്കാന്‍ പുരുഷരില്‍ ഒരു പുരുഷനുമുണ്ടാകയില്ല. അങ്ങ് എന്റെ പെരുമ്പടയെ ഒട്ടു നശിപ്പിച്ചു. അങ്ങയെ പോരില്‍ ജയിക്കണം. രാജ്യം എനിക്കു വേണം.”
(തുടരും)
പ്രതികരിക്കാൻ ഇവിടെ എഴുതുക: