കെ-റെയില്‍ എന്നു കേട്ടാല്‍ തിളയ്ക്കണം ചോര നമുക്കു ഞരമ്പുകളില്‍ എന്നാണ് പാണന്മാര് നാട്ടിലെമ്പാടും കൊട്ടിപ്പാടി നടക്കുന്നത്. മനുഷ്യന്മാര് ജീവിച്ചാലെന്ത് മരിച്ചാലെന്ത് നമുക്കു വേണ്ടത് കെ-റെയില്‍ എന്ന ആപ്തവാക്യമാണ് ദൈവത്തിന്റെ നാട്ടിലെ മതിലായ മതിലുകളിലൊക്കെ നിറഞ്ഞുനില്ക്കുന്നത്. വികസനം വിമാനം വിളിച്ചുവരുമെന്ന പാട്ടും നൃത്തവും അനുസാരികളും അരങ്ങ് വാഴുമ്പോള്‍ നാടിന്റെ നോവും നേരും അറിയുന്ന മഹാഭൂരിപക്ഷവും നിതാന്ത മൗനത്തിലാണ്. എന്നാല്‍ നേരുചികയുന്ന ചിലര്‍ രംഗത്തുവന്നിട്ടുണ്ട്. അവരെ അക്ഷരങ്ങള്‍ വഴി(തുടക്കം അങ്ങനെയാണ്) വെട്ടിത്തറയ്ക്കാന്‍ കാലാള്‍പ്പട സജീവമായിരിക്കുന്നു.
രാഷ്ട്രീയ വിശ്വാസത്തെ അരക്കിട്ടുറപ്പിക്കാത്തതൊന്നും കലയോ സാഹിത്യമോ ആവില്ല എന്ന മാര്‍ക്സിയന്‍ കലാസിദ്ധാന്തത്തിന്റെ വൈതാളികര്‍ രഹസ്യമായും പരസ്യമായും അജണ്ടകളുമായി നടമാടുകയാണ്. അവരുടെ വാള്‍ത്തല തല്ക്കാലം സാമൂഹിക മാധ്യമത്തിലൂടെ ഉയര്‍ന്നുവരുന്നൂ എന്നേയുള്ളൂ.
സാംസ്കാരിക കേരളത്തിന്റെ തുടിപ്പുകളില്‍ ഒന്നായി മഹാഭൂരിപക്ഷം ചൂണ്ടിക്കാട്ടുന്ന ഒരു കവിയ്ക്കെതിരെയാണ് അങ്കക്കോഴികള്‍ കൂവിയാര്‍ക്കുന്നത്. ആത്യന്തികമായി ആ വൈതാളിക രാഷ്ടീയ നിലപാടിന്റെ ഓരം ചേര്‍ന്നു പോകുന്ന കവിയെയാണ് കെ – റെയിലിനെതിരു നില്ക്കുന്നു എന്ന സംശയത്തില്‍ വെട്ടിനിരത്താന്‍ തയാറായിരിക്കുന്നത്.
പുരോഗതിയിലേക്ക് ചൂളം വിളിച്ച് പായുമെന്ന് പലരെയും വിശ്വസിപ്പിക്കുന്ന സില്‍വര്‍ ലൈന്‍ പദ്ധതിയെ റഫീക്ക് അഹമ്മദ് എന്ന കവി ചോദ്യം ചെയ്തു എന്ന കുറ്റമാണ് ഭരണകൂട ഒത്താശക്കാര്‍ ആരോപിക്കുന്നത്. അരിശം പൂണ്ട അവര്‍ അക്ഷരവധം നടത്തുകയാണ്. ഭാവനാവിലാസത്തിന്റെ രഥമേറിപ്പോകവേ സൗന്ദര്യാസ്വാദനം നടത്താനാവില്ല എന്നല്ല കവി പറഞ്ഞത്. കോടികള്‍ ചെലവിട്ട്, പലതും തച്ചുടച്ച്, ചവിട്ടിമെതിച്ച് നാടിനെ കുട്ടിച്ചോറാക്കരുത് എന്നു പറയുന്നവരുടെ വികാരം കാണാതെ പോകരുതെന്നേ അദ്ദേഹം വിലപിക്കുന്നുള്ളൂ. വെള്ളിവെളിച്ച വികസനത്തിനായി തനിപ്പാവങ്ങളെ പെരുവഴിയിലാക്കുന്ന പദ്ധതിയെക്കുറിച്ച് അല്പം ആലോചിച്ചു കൂടേ എന്നേ ചോദിക്കുന്നുള്ളൂ. എന്തിനിത്ര തിടുക്കം, പരവേശം എന്ന ന്യായമായ കാവ്യാവിഷ്കാരം പോലും അനുവദിച്ചു തരില്ലെന്ന മൃഗീയ രാഷ്ട്രീയ ദുശ്ശാഠ്യമാണുള്ളത്. കെ-റെയില്‍ വിരുദ്ധ നിലപാടുകാരുടെ ചോദ്യങ്ങളില്‍ വസ്തുതകള്‍ ഉറവ പൊട്ടുന്നുണ്ടെന്ന് റഫീക്ക് കവിതയില്‍ കുറിയ്ക്കുന്നു. വസ്തുതാപരമായ വിലയിരുത്തലിനെ ഗളഹസ്തം ചെയ്യാനാണ് സൈബര്‍ഗുണ്ടകള്‍ തയ്യാറായിരിക്കുന്നത്. രാഷ്ട്രീയ വേതാള ആവേശിതരായ സൈബര്‍ പോരാളികളുടെ ഭീഷണിക്ക് വശംവദരായില്ലെങ്കില് എന്തു സംഭവിക്കുമെന്നതിന് നമുക്കു മുമ്പില്‍ ഉദാഹരണങ്ങള്‍ എമ്പാടുണ്ട്. ഭരണം തന്നെ അശ്ലീലമായിരിക്കുന്ന കാലത്ത് ഭരണകൂട വേതാളങ്ങളുടെ സ്ഥിതിയെക്കുറിച്ച് പ്രത്യേകിച്ച് പറയേണ്ടതില്ലല്ലോ.
പുല്ലും നെല്ലും പറമ്പും പാമ്പും കാടും മേടും ചേര്‍ന്ന ആവാസ വ്യവസ്ഥയെ പുരോഗതിയുടെ രാജദ്രാവകം കോരിയൊഴിച്ച് വികൃതമാക്കി ഇല്ലായ്മ ചെയ്യുന്ന രാഷ്ട്രീയ അവിവേകത്തെയാണ് കവി ചോദ്യം ചെയ്യുന്നത്. ആരുടെ മനസ്സിലും പൊള്ളുന്ന,വിങ്ങുന്ന, വിതുമ്പുന്ന ഇമേജുകള്‍ പതിപ്പിച്ചു കൊണ്ടാണ് ഈ ഭീകരത നമുക്കു വേണോ എന്ന് റഫീക്ക് ചോദിക്കുന്നത്. പദ്ധതിയിലെ രാഷ്ട്രീയത്തെയല്ല, അതിലെ മഹാപാതകത്തെയാണ് കവി വേദനയോടെ ചൂണ്ടിക്കാട്ടുന്നത്. ക്രൗഞ്ചമിഥുനങ്ങളുടെ സ്നേഹക്കൂടാരം തകര്‍ത്ത് അവിടം വെട്ടിവെളുപ്പിക്കാന്‍ ഒരുങ്ങിയ വേടനോട് ‘മാ നിഷാദ’ എന്നു പറഞ്ഞ ആദികവിയും കെ – റെയിലിനോട് ‘ഹേ… കേ എന്താണിത്ര തിടുക്കം’ എന്നു പറയുന്ന ആധുനിക കവിയും ആത്യന്തികമായി മാനവികതയെ, മനുഷ്യത്വത്തെ ഉയര്‍ത്തിപ്പിടിക്കുകയാണ്. നേരുകീറി നെഞ്ചുകാട്ടി ചോരച്ചുവപ്പിലെ ഇഴയടുപ്പവും പാരസ്പര്യവും കാട്ടിത്തരികയാണ്. അതില്‍ രാഷ്ട്രീയത്തിന്റെ ലാഞ്ഛന പോലുമില്ല. ഉള്ളത് സ്നേഹപൂര്‍വമായ ചില സംശയങ്ങള്‍ മാത്രം. ഇത്ര തിടുക്കപ്പെട്ട് കോടികള്‍ വാരിയെറിഞ്ഞൊരു ഗതാഗത സംവിധാനം ഈ നാട്ടുകാര്‍ക്ക് ഇപ്പോള്‍ ആവശ്യമുണ്ടോ എന്ന ലളിതമായ ചോദ്യമാണ് കവി ഉയര്‍ത്തിയിരിക്കുന്നത്. അതുപോലും പറ്റില്ലെന്ന ധാര്‍ഷ്ട്യം സ്വാഭാവികമായും ഒളിയജണ്ടകള്‍ ഉണ്ടാവുമെന്ന സംശയത്തിനാണ് വഴിവെക്കുന്നത്. ‘ഞങ്ങള്ക്കെതിരു നില്ക്കാന് നീയാര്?’എന്നാണ് സൈബര്‍ വൈതാളികര്‍ ആക്രോശിക്കുന്നത്. സാമൂഹിക മാധ്യമങ്ങളിലൂടെ 56 ഉം 75ഉം അക്ഷര വെട്ടുകള്‍ നടത്തുന്ന അവര്‍ യഥാര്‍ത്ഥത്തില്‍ നിഷാദന്മാര് തന്നെ. പലതും കടന്നു കാണുന്നതിലാണ് ചിലര്‍ കവികളായത് എന്നവര്‍ക്കറിയില്ല. കവികള്‍ ഋഷിമാരാണെന്നും അവരുടെ വാക്കുകള്‍ പ്രവചന സ്വഭാവമുള്ളവയാണെന്നും അറിയില്ല. രാഷ്ട്രീയ നേട്ടത്തിന്റെ കുറുക്കുപാതകള് മാത്രം പരിചയമുള്ള അത്തരക്കാര്ക്കെങ്ങനെ കാവ്യഭാഷ മനസ്സിലാവും. കനിവുള്ളവര്ക്കുള്ളതാണല്ലോ കാവ്യ ഭാഷ. വെള്ളിത്തുട്ടുകളുടെയും പിങ്ക്നോട്ടുകളുടെയും സമ്മോഹിത വഴിയിലേക്ക് യഥാര്‍ത്ഥ കവികളെയും കലാകാരന്മാരെയും ആട്ടിത്തെളിച്ച് കൊണ്ടുപോകാനാവില്ല. അങ്ങനെ പോകാന്‍ കാത്തു നില്‍ക്കുന്നവരെ കലാ-സാംസ്കാരിക ഗണത്തില്‍ പെടുത്താനും കഴിയില്ല.
നാടിന്റെ നാവായ കവികളെ ഭീഷണമായ അവസ്ഥയിലേക്ക് തള്ളിവിടുന്നവര്‍ അക്ഷരാര്‍ത്ഥത്തില്‍ നാടിന്റെ പ്രാണന് പങ്കുവെക്കുന്നവരാണ്. അവര്‍ക്കെതിരെ സാക്ഷര കേരളത്തിന്റെ നാവുകള്‍ ഉയരണം. ഇപ്പോള്‍ ഉയര്‍ന്നില്ലെങ്കില്‍ പിന്നെയൊരിക്കലും അതിന് കഴിഞ്ഞെന്നു വരില്ല.
റഫീക്ക്, നിനക്ക്
കാര്യം പറഞ്ഞു നീ കടന്നു കാണുമീകാര്യങ്ങ ളെല്ലാമാരുടെ ചങ്കില്ത്തറയ്ക്കുമെന്നറിയുമോ
കാണാത്തതൊക്കെയും
കാണുന്ന കണ്ണുമായ്
കാതങ്ങളോളം ചുറ്റിത്തിരി
യുമെങ്കിലും ദൂരത്തില്‍
പായുന്ന പാളവും പാളം
കൊടുക്കുന്ന പാതാളക്കൈ
നീട്ടവും കാത്തിരിപ്പുണ്ടു
കന്മഷംമാത്രം വിളയും മനസ്സുകള്‍
വാരിക്കൂട്ടുന്ന നോട്ടിലും നെറ്റിലും മാത്രമാം കണ്ണുകള്‍ കാളിമ മാത്രം കൂട്ടുകള്‍
കരയാതെ കാര്യം പറഞ്ഞീ
പെരുംപാമ്പിനെത്തടയാം
അക്ഷരങ്ങളാല്‍ നീ തീര്‍ക്കും
അക്ഷൗഹിണിയിലാണെന്
പ്രാണന് പിടയ്ക്കുന്ന സത്യം
ശാന്തി തേടുന്നു സത്യം!
റഫീക്ക് അഹമ്മദിനോട് മാനവികതയുള്ള മലയാളനാട് ഇങ്ങനെയെങ്കിലും സംവദിച്ചില്ലെങ്കില്‍ ദൈവനാട്ടില്‍ ജീവിച്ചിട്ടെന്തു കാര്യം?
*നേര്‍മുറി*
സില്‍വര്‍ ലൈന്‍: ക്രിയാത്മക വിമര്‍ശനങ്ങള്‍ കേള്‍ക്കാന്‍ തയാര്‍-മുഖ്യമന്ത്രി അല്ലെങ്കില്‍ കൈക്രിയ ഉറപ്പ്
പ്രതികരിക്കാൻ ഇവിടെ എഴുതുക: