അധികാരത്തുടര്‍ച്ച ലഭിച്ച ഇടതു സര്‍ക്കാരിനു കീഴില്‍ സംസ്ഥാനത്തിന്റെ ആരോഗ്യമേഖലയ്ക്കു തന്നെ ഗുരുതരമായ രോഗം ബാധിച്ചിരിക്കുകയാണ്. കൊവിഡ് ബാധിച്ച് ഗുരുതരാവസ്ഥയിലായവരെ പ്രവേശിപ്പിക്കാന്‍ ആശുപത്രികള്‍ തയ്യാറാവാത്തതും, ഐസിയുവിന്റെയും വെന്റിലേറ്ററിന്റെയും സൗകര്യം ലഭിക്കുന്നതിനായി രോഗികളുടെ ബന്ധുക്കള്‍ക്ക് നെട്ടോട്ടമോടേണ്ടിവരുന്നതും സര്‍ക്കാരിന്റെ അവകാശവാദങ്ങള്‍ പൊള്ളയാണെന്ന് തെളിയിക്കുന്നു. കൊവിഡ് രോഗികളുമായി ചെല്ലുന്നവരോട് മനുഷ്യത്വരഹിതമായാണ് പല ആശുപത്രി അധികൃതരും പെരുമാറുന്നത്. കൊവിഡ് രോഗികള്‍ക്ക് പ്രത്യേകം കിടക്കകളും പരിചരിക്കാന്‍ ആളുകളും വേണ്ടിവരുമെന്നതിനാല്‍ ചെലവ് വര്‍ധിക്കുമെന്നാണ് ആശുപത്രിക്കാര് പറയുന്നത്. കൊവിഡ് രോഗിയെ ഐസിയുവില്‍ പ്രവേശിപ്പിക്കാന്‍ മടിക്കുന്നതിനു പുറമെ ഇവരെ ചികിത്സിക്കുന്ന ആശുപത്രികളിലേക്ക് മറ്റ് രോഗികള്‍ വരില്ലെന്ന കാരണവും മുന്നോട്ടുവയ്ക്കുന്നു. ഇതുമൂലം യഥാസമയം ചികിത്സ കിട്ടാതെ കൊവിഡ് രോഗികളുടെ ജീവന് തന്നെ അപകടത്തിലാവുന്ന സ്ഥിതിയാണുള്ളത്. കൊവിഡ് സ്ഥിതിവിശേഷം നേരിടാനും
ചികിത്സ ലഭ്യമാക്കുന്നതിനുമായി ഏര്‍പ്പെടുത്തിയിട്ടുള്ള ജാഗ്രത പോര്‍ട്ടല്‍, ദിശ ഹെല്‍പ്പ് ലൈന്‍ എന്നിവ അവതാളത്തിലാണ്. സര്‍ക്കാര്‍ ആശുപത്രികളിലെ ഡോക്ടര്‍മാര്‍ക്ക് ആവശ്യത്തിന് എന്‍-95 മാസ്ക് ഇല്ല എന്നതുതന്നെ എത്ര പരിതാപകരമാണ്. കൊവിഡ് മൂലം മരിക്കുന്നവരുടെ ലിസ്റ്റിന്റെ ദൈര്‍ഘ്യം വര്‍ധിക്കുമ്പോഴും ആരോഗ്യവകുപ്പ് നിസ്സംഗത പുലര്‍ത്തുന്നു.
കൊവിഡ് കാലത്തെ ആശുപത്രി സംവിധാനങ്ങളുടെ അപര്യാപ്തതകളും വീഴ്ചകളും ആരോഗ്യമന്ത്രിയുടെ വാക്കും പ്രവൃത്തിയും തെളിയിക്കുന്നുണ്ട്. തന്റെ വകുപ്പ് വളരെ കാര്യക്ഷമമായാണ് പ്രവര്‍ത്തിക്കുന്നതെന്ന് മാധ്യമങ്ങള്‍ക്കു മുന്നില്‍ വാചാലയാകുന്ന മന്ത്രിയുടെ പ്രവൃത്തി ഇതിന് കടകവിരുദ്ധമാണെന്ന് പറയാതെ വയ്യ. കൊവിഡ് രോഗിക്ക് ആശുപത്രിയില്‍ പ്രവേശനം കിട്ടാതെ വന്നപ്പോള്‍ രാത്രിയില്‍ മന്ത്രിയെ വിളിച്ചിട്ടും പ്രതികരിക്കാതിരുന്ന ദുരനുഭവം കഴിഞ്ഞ ദിവസം ഒരാള്‍ ഫേസ്ബുക്കില്‍ പങ്കുവയ്ക്കുകയുണ്ടായി. മറ്റൊരു മന്ത്രിയുടെ ഇടപെടലിലൂടെയാണ് രോഗിക്ക് ചികിത്സ ലഭിച്ചത്. അവശയായ ഒരു രോഗിക്ക് ആശുപത്രിയില്‍ പ്രവേശനം കിട്ടാന്‍ മന്ത്രിമാരുടെ ശിപാര്‍ശ വേണമെന്നു വരുന്നതു തന്നെ ഒരു സംവിധാനത്തിന്റെ തകര്ച്ചയല്ലേ കാണിക്കുന്നത്? ഉന്നതങ്ങളില്‍ ബന്ധവും പിടിപാടുമില്ലാത്ത എത്ര സാധാരണക്കാര്‍ക്ക് ചികിത്സ നിഷേധിക്കപ്പെട്ടു കാണും, ജീവന് നഷ്ടപ്പെട്ടു കാണും എന്നൊക്കെ ആര്‍ക്കും ഊഹിക്കാവുന്നതാണല്ലോ. അധികാരത്തിന്റെ ശീതളഛായയില്‍ കഴിഞ്ഞുകൂടിയാല്‍ പോരാ, സ്വന്തം വകുപ്പ് കാര്യക്ഷമമായി പ്രവര്‍ത്തിപ്പിക്കാനും കഴിയണം. ഇതിനുവേണ്ടത് ആത്മാര്‍ത്ഥതയും താല്പര്യവുമാണ്. കാര്യപ്രാപ്തിയില്ലെങ്കില്‍ അത് സ്വയം വളര്‍ത്തിയെടുക്കണം. വിമര്‍ശനങ്ങള്‍ക്ക് ചെവികൊടുക്കണം. തിരുത്തേണ്ടത് തിരുത്താനുള്ള ആര്‍ജവം കാണിക്കണം. ലോട്ടറി അടിച്ചതുപോലെ എംഎല്‍എ സ്ഥാനവും ബംബറടിച്ചതുപോലെ മന്ത്രി പദവിയും ലഭിച്ചവര്‍ക്ക് ഇതിനൊന്നും മനസ്സും നേരവുമുണ്ടാവില്ല. പല കാര്യങ്ങളിലും മുന്‍ഗാമിയായ ശൈലജയെ അനുകരിക്കുന്നതാണ് വീണാ ജോര്‍ജില്‍ കണ്ടുവരുന്നത്. ഇതു മാറ്റി സ്വന്തം നിലയ്ക്ക് പ്രവര്‍ത്തിക്കാന്‍ തുടങ്ങണം.
അസാധാരണകാലത്ത് അസാധാരണമായ ഉള്‍ക്കാഴ്ചയും പ്രാഗത്ഭ്യവും പ്രകടിപ്പിക്കാന്‍ ഭരണാധികാരികള്‍ക്ക് കഴിയണം. മരുന്നു കണ്ടുപിടിച്ചിട്ടില്ലാത്ത ഒരു മഹാമാരി അവസാനമില്ലാതെ പടരുമ്പോള്‍ ആരോഗ്യ വകുപ്പ് കൈകാര്യം ചെയ്യുന്ന മന്ത്രിക്ക് ഭാരിച്ച ഉത്തരവാദിത്വമാണുള്ളത്. ഈ രംഗത്തെക്കുറിച്ച് ശരിയായ അറിവും അനുഭവസമ്പത്തുമുള്ള ആളുകളില്‍നിന്ന് ഉപദേശ നിര്‍ദേശങ്ങള്‍ സ്വീകരിച്ച് സംവിധാനത്തെ ഫലപ്രദമായി ചലിപ്പിക്കാന്‍ കഴിയണം. പൊതുതാല്പര്യത്തിന് വഴങ്ങാത്തവരെ നേരിടണം. അതിനാണ് അധികാരം. കൊവിഡിനെ നേരിടുന്ന കേരളത്തില്‍ ഇതൊന്നും കാണുന്നില്ല. ഈ മഹാമാരിയുടെ മൂന്നാംതരംഗത്തെ രാജ്യം വിജയകരമായി അഭിമുഖീകരിക്കുമ്പോള്‍ കേരളം വളരെ പിന്നിലാണ്. മൂന്നാം തരംഗത്തില്‍ രാജ്യത്തു തന്നെ ഏറ്റവും കൂടുതല്‍ മരണങ്ങളുണ്ടായിട്ടുള്ളത് കേരളത്തിലാണെന്നത് മറച്ചുവയ്ക്കാന്‍ കഴിയില്ല. രോഗബാധിതരുടെ എണ്ണം ഇരട്ടിയായ കാലയളവില്‍ മഹാരാഷ്ട്രയില്‍പ്പോലും കേരളത്തിലേതിനെക്കാള്‍ മരണസംഖ്യ കുറവാണ്. മൂന്നാം ലോക രാജ്യങ്ങള്‍ക്ക് മാതൃകയാണ് എന്നൊക്കെയുള്ള രാഷ്ട്രീയപ്രേരിതമായ അവകാശവാദങ്ങളില്‍നിന്ന് മോചനം നേടി ആരോഗ്യമേഖലയിലെ യാഥാര്‍ത്ഥ്യങ്ങളിലേക്ക് കേരളത്തിലെ ഭരണാധികാരികള്‍ ഇറങ്ങി വരേണ്ടിയിരിക്കുന്നു. കൊവിഡിനെ നേരിടാന്‍ ആരോഗ്യ-ആശുപത്രി സംവിധാനങ്ങള്‍ ഒരുക്കുന്നതിനായി കേന്ദ്ര സര്‍ക്കാര്‍ അനുവദിച്ച തുക പൂര്‍ണമായും സമയബന്ധിതമായും ചെലവഴിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ തയ്യാറാവണം. വീഴ്ചകള്‍ തിരുത്തി മുന്നോട്ടുപോകണം. മഹാമാരിക്കാലത്ത് മനുഷ്യരുടെ ജീവന് ഡോക്ടര്‍മാരുടെ കയ്യില്‍ മാത്രമല്ല ഇരിക്കുന്നത്. ഭരണാധികാരികളുടെ കാര്യക്ഷമതയിലുമാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: