ലഖ്നൗ: ഇത്തിഹാദെ മില്ലത്ത് കൗണ്‍സില്‍ സ്ഥാപകനേതാവ് തൗഖീര്‍ റാസ ഖാന്റെ മരുമകളായിരുന്ന നിദാ ഖാന് ബിജെപിയില്‍ ചേര്‍ന്നു. ഉത്തര്‍ പ്രദേശിലെ മുസ്ലിം രാഷ്ട്രീയ പാര്‍ട്ടിയാണ് ഇത്തിഹാദെ മില്ലത്ത് കൗണ്‍സില്‍. യുപിയില്‍ ബിജെപി ഭരണത്തിന് കീഴില്‍ മാത്രമാണ് മുസ്ലിം സ്ത്രീകള്‍ക്ക് സുരക്ഷയുള്ളുവെന്ന് അംഗത്വം സ്വീകരിച്ചുകൊണ്ട് നിദാ ഖാന് പറഞ്ഞു.
മുത്തലാഖിനെതിരായ ബിജെപിയുടെ പോരാട്ടമാണ് പാര്‍ട്ടിയെ പിന്തുണയ്ക്കാന്‍ കാരണമായത്. സ്ത്രീ ശാക്തീകരണത്തിന് വേണ്ടി പ്രവര്‍ത്തിക്കുന്ന പാര്‍ട്ടിയാണ് ബിജെപിയെന്നും നിദാ ഖാന് പറഞ്ഞു. തൗഖീര്‍ റാസ ഖാന്റെ മകന് ഷീറാന്‍ റാസ ഖാനാണ് നിദയുടെ മുന്‍ ഭര്‍ത്താവ്. 2015ലെ വിവാഹത്തെ തുടര്‍ന്ന് ഭര്‍തൃ വീട്ടില്‍ നിന്നുണ്ടായ ഗാര്‍ഹിക പീഡനത്തെ തുടര്‍ന്ന് നിദാ വിവാഹമോചനം നേടുകയായിരുന്നു. ഒരു വര്‍ഷം മാത്രം നീണ്ടുനിന്ന് ദാമ്പത്യവും അതിലെ പ്രശ്നങ്ങളും ഉത്തര്‍ പ്രദേശില്‍ ഏറെ ചര്‍ച്ചയായിരുന്നു.
വിവാഹമോചനത്തിനു ശേഷം മുസ്ലിം സ്ത്രീകളുടെ അവകാശങ്ങള്‍ക്കായുള്ള പോരാട്ടത്തില്‍ നിദ സജീവമായി. യുപി തെരഞ്ഞെടുപ്പ് അടുത്തതിനെ തുടര്‍ന്ന് രണ്ടാഴ്ച്ച മുമ്പ് തൗഖീര്‍ റാസ ഖാന് കോണ്‍ഗ്രസില്‍ ചേര്‍ന്നിരുന്നു. ഇതിന് പിന്നാലെയാണ് നിദയുടെ ബിജെപി പ്രവേശനം. 2001ലാണ് തൗഖീര്‍ ഖാന്റെ നേതൃത്വത്തില്‍ ഇത്തിഹാദെ മില്ലത്ത് കൗണ്‍സില്‍ രൂപീകൃതമായത്. നിയമസഭാ തിരഞ്ഞെടുപ്പുകളില്‍ ഉള്‍പ്പെടെ ഇത്തിഹാദെ മില്ലത്ത് സ്ഥാനാര്‍ഥികളെ രംഗത്തിറക്കിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: