കൊച്ചി: മാളുകള്‍ പാര്‍ക്കിംഗ് ഫീസ് ഈടാക്കുന്നത് തെറ്റാണെന്ന് കേരള ഹൈക്കോടതി. മാളുകള്‍ പാര്‍ക്കിംഗ് ഫീസ് ഈടാക്കുന്നത് ശരിയല്ലെന്ന് തന്നെയാണ് എനിക്ക് തോന്നുന്നത്. ഇന്ന് പാര്‍ക്കിംഗ് ഫീ അനുവദിച്ചാല്‍ നാളെ ലിഫ്റ്റുകള്‍ക്കും അവര്‍ ചാര്‍ജ് ഈടാക്കാന്‍ സാധ്യതയുണ്ടെന്ന് ജസ്റ്റിസ് പി.വി കുഞ്ഞികൃഷ്ണന് പറഞ്ഞു.
ലുലു മാള്‍ പാര്‍ക്കിംഗ് ഫീസ് ഈടാക്കുന്നതുമായി ബന്ധപ്പെട്ട പരാതി പരിഗണിക്കുന്നതിനിടെയാണ് ജസ്റ്റിസ് ഇക്കാര്യം സൂചിപ്പിച്ചത്. അനധികൃത പാര്‍ക്കിംഗ് ഫീസ് ഇടാക്കിയെന്ന് ആരോപിച്ച് ചലച്ചിത്ര സംവിധായകന് പോളി വടക്കനാണ് ഹൈക്കോടതില്‍ ഹര്‍ജി ഫയല്‍ ചെയ്തത്. 2021 നവംബര്‍ മാസം ലുലുവില്‍ ഷോപ്പിങ്ങിനായി എത്തിയപ്പോള്‍ 20 രൂപ വാഹനത്തിന്റെ പാര്‍ക്കിംഗ് ഫീസായി ഈടാക്കിയെന്ന് അദേഹം ഹര്‍ജിയില്‍ പറയുന്നു.
ഹര്‍ജി ഫയലില്‍ സ്വീകരിച്ച ജസ്റ്റിസ് എന്‍. നാഗേഷ് സംസ്ഥാന സര്‍ക്കാരിനും ലുലു മാളിനും മാള്‍ സ്ഥിതി ചെയ്യുന്ന കളമശ്ശേരി മുനിസിപ്പാലിറ്റിക്കും നോട്ടീസ് അയച്ചു. ലുലു മാളിന്റെ പ്രവൃത്തി കേരള മുനിസിപ്പാലിറ്റി നിയമത്തിന്റെയും 1994ലെ കേരള മുനിസിപ്പാലിറ്റി ബില്‍ഡിംഗ് റൂളുകളുടെയും നഗ്നമായ ലംഘനമാണ്. ചട്ടപ്രകാരം മാള്‍ വാണിജ്യ സമുച്ചയമാണ്. അംഗീകൃത ബില്‍ഡിംഗ് പ്ലാനില്‍ പാര്‍ക്കിങ്ങിനായി സ്ഥലവും നീക്കിവക്കണം. ഇവിടെ എങ്ങനെയാണ് പണം വാങ്ങി വാഹനങ്ങള്‍ പാര്‍ക്കിംഗ് അനുവദിക്കുന്നതെന്നും ഹര്‍ജിയില്‍ പറയുന്നു.
കേസ് വീണ്ടും പരിഗണിച്ചപ്പോള്‍ വിഷയത്തില്‍ നിലപാട് അറിയിക്കാന്‍ കൂടുതല്‍ സമയം വേണമെന്ന് മുന്‍സിപ്പാലിറ്റി ആവശ്യപ്പെട്ടു. കേസ് പരിഗണിക്കുന്നത് കോടതി ഫെബ്രുവരി 21ലേക്ക് മാറ്റി. ലുലുമാളിന് വേണ്ടി ഹാജരായ അഭിഭാഷകന് കേരള മുന്‍സിപ്പാലിറ്റി ആക്ട് 447 പ്രകാരം തങ്ങള്‍ക്ക് ലൈസന്‍സ് ഉണ്ടെന്നും വാദിച്ചു.
ലുലു മാള്‍ പോലുള്ള വാണിജ്യ സമുച്ചയങ്ങള്‍ സന്ദര്‍ശിക്കുന്നവര്‍ക്ക് സൗജന്യ പാര്‍ക്കിംഗ് സ്ഥലം നല്‍കേണ്ടത് സ്ഥാപന മാനേജ്മെന്റിന്റെ ഉത്തരവാദിത്തമാണെന്നും ഹര്ജിക്കാരന് പറയുന്നു. എന്നാല്‍, തുടക്കം മുതല്‍ തന്നെ ലുലു പാര്‍ക്കിംഗ് ഫീസ് ഉപഭോക്താക്കളില്‍ നിന്ന് ഈടാക്കുന്നുണ്ട്. ഇതിനെതിരെ കളമശ്ശേരി നഗരസഭ ഒരു നടപടിയും സ്വീകരിച്ചില്ലന്നും ഹര്ജിക്കാരന് പറയുന്നു.
ലുലു മാളിലെ പാര്‍ക്കിംഗ് ഫീസ് ഈടാക്കല്‍ നിയമവിരുദ്ധമാണെന്ന് ഹൈക്കോടതി പ്രഖ്യാപിക്കണമെന്നും തന്നില്‍ നിന്ന് മാള്‍ അധികൃതര്‍ 20 രൂപ തിരികെ നല്കാന് ഉത്തരവിടനമെന്നും പോളി വടക്കന്‍ ഹര്‍ജിയില്‍ പറയുന്നു. ഹര്ജിക്കാരന് വേണ്ടി അഭിഭാഷകന് ജോമി കെ ജോസും ലുലു ഇന്റര്‍നാഷണല്‍ ഗ്രൂപ്പിന് വേണ്ടി എസ് ശ്രീകുമാറും ഹാജരായയി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: