ലഖ്‌നോ: വീണ്ടും സമാജ് വാദി പാര്‍ട്ടിക്കും അഖിലേഷ് യാദവിനും എതിരെ ‘ജിന്ന’ ആരോപണവുമായി യോഗി ആദിത്യനാഥ്. അഖിലേഷ് യാദവും സമാജ് വാദി പാര്‍ട്ടിയും പാകിസ്ഥാനോടാണ് അടുപ്പം കാണിക്കുന്നതെങ്കില്‍ തങ്ങള്‍ ഭാരതാംബയ്‌ക്ക് വേണ്ടി ജീവന്‍ ബലിയര്‍പ്പിച്ചവരാണെന്നും യോഗി ആദിത്യനാഥ് ട്വിറ്ററില്‍ കുറിച്ചു.
പാകിസ്ഥാന്റെ സൃഷ്ടിക്ക് കാരണമായ മുഹമ്മദി ജിന്നയെ പൂജിക്കുന്നവരാണ് അഖിലേഷ് യാദവെന്നും തങ്ങള്‍ സര്‍ദാര്‍ പട്ടേലിനെയാണ് ആരാധിക്കുന്നതെന്നും വെള്ളിയാഴ്ച മറ്റൊരു ട്വീറ്റില്‍ യോഗി ആദിത്യനാഥ് കുറിച്ചു.
ഇക്കഴിഞ്ഞ നവമ്പര്‍ മുതലേ ജിന്നയെച്ചൊല്ലി അഖിലേഷ് യാദവും യോഗിയും കൊമ്പു കോര്‍ക്കുകയാണ്. നവമ്പറില്‍ നടന്ന ഒരു പൊതുയോഗത്തിലാണ് അഖിലേഷ് യാദവ് വിവാദം തുടങ്ങിവെച്ചത്. ഹര്‍ദോയില്‍ നടന്ന പൊതുയോഗത്തില്‍ അഖിലേഷ് യാദവ് പറഞ്ഞത് ‘മുഹമ്മദ് അലി ജിന്ന ഇന്ത്യയുടെ സ്വാതന്ത്ര്യത്തിന് വേണ്ടി പൊരുതി’ എന്നാണ്. മാത്രമല്ല, സര്‍ദാര്‍ വല്ലാഭായ് പട്ടേലും മഹാത്മാഗാന്ധിയും നെഹ്രുവും ജിന്നയും എല്ലാം ബാരിസ്റ്റര്‍മാര്‍ (അഭിഭാഷകര്‍)ആയത് യുകെയില്‍ പഠിച്ചിട്ടാണെന്നും അഖിലേഷ് യാദവ് അഭിപ്രായപ്പെട്ടിരുന്നു.മുസ്ലിം വോട്ടുകളില്‍ കണ്ണു നട്ടാണ് ഈ തെരഞ്ഞെടുപ്പില്‍ അഖിലേഷിന്റെ നീക്കം.
എങ്ങിനെയാണ് ഇന്ത്യയുടെ ഉരുക്കുമനുഷ്യനെ ഇന്ത്യയെ വിഭജിച്ച ജിന്നയുമായി താരതമ്യം ചെയ്യാന്‍ കഴിയുന്നതെന്നായിരുന്നു യോഗി ആദിത്യനാഥിന്റെ ചോദ്യം. എന്നാല്‍ ബിജെപി തന്റെ പ്രസ്താവനയെ വളച്ചൊടിച്ചു എന്ന് പറഞ്ഞ് മുഖം രക്ഷിക്കുകയായിരുന്നു അഖിലേഷ് യാദവ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: