കൊച്ചി : എന്‍ഐഎ കോടതി ജീവപര്യന്തം ശിക്ഷ വിധിച്ച കോഴിക്കോട് ഇരട്ട സ്ഫോടനക്കേസിലെ പ്രതികളെ ഹൈക്കോടതി വെറുതെവിട്ടു. കേസിലെ ഒന്നാം പ്രതിയായ തടിയന്റവിട നസീറിനേയും കൂട്ടുപ്രതി ഷഫാസിനേയുമാണ് കോടതി വെറുതെ വിട്ടത്. തടിയന്റവിട നസീറിനെ മൂന്ന് ജീവപര്യന്തം തടവിനും ഷഫാസിനെ ഇരട്ട ജീവപര്യന്തം തടവിനുമാണ് എന്‍ഐഎ കോടതി ശിക്ഷിച്ചിരുന്നത്.
എന്‍ഐഎ കോടതി ശിക്ഷാവിധിക്കെതിരേ പ്രതികള്‍ നല്കിയ അപ്പീലിലാണ് കോടതി വിധി പറഞ്ഞിരിക്കുന്നത്. കേസില്‍ നിരപരാധികളാണെന്നും യുഎപിഎ അടക്കമുള്ള കുറ്റങ്ങള്‍ നിലനില്‍ക്കില്ലെന്നുമാണ് പ്രതികളുടെ വാദം. ഇത് പരിഗണിച്ച ഡിവിഷന് ബെഞ്ച്
പ്രതികള്‍ക്കെതിരേ മതിയായ തെളിവുകളില്ലെന്ന് ചൂണ്ടിക്കാട്ടി ഇവരെ വെറുത വിടുകയായിരുന്നു. അബ്ദുള്‍ ഹാലിം, അബുബക്കര്‍ യൂസഫ് എന്നീ രണ്ട് പ്രതികളെ വിചാരണ കോടതി നേരത്തെ വെറുതെവിട്ടിരുന്നു. ഇതിനെതിരെ എന്‍ഐഎ നല്കിയ അപ്പീലും കോടതി തള്ളി.
കേസില്‍ ആകെ ഒമ്പത് പ്രതികളാണ് ഉള്ളത്. ഇതില്‍ ഒളിവിലുള്ള രണ്ട് പ്രതികളടക്കം മൂന്ന് പേരുടെ വിചാരണ ഇനിയും പൂര്‍ത്തിയായിട്ടില്ല.2006 മാര്‍ച്ച് മൂന്നിന് ആണ് കോഴിക്കോട് മൊഫ്യൂസല്‍ ബസ് സ്റ്റാന്‍ഡിലും കെഎസ്ആര്‍ടിസി സ്റ്റാന്‍ഡിലും സ്ഫോടനം നടന്നത്. 2009ലാണ് കേസ് എന്‍ഐഎ ഏറ്റെടുത്തത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: