കാഞ്ഞങ്ങാട്: പുതുതായി നിലവില്‍വന്ന ജില്ലാകമ്മറ്റിയില്‍ ജനസ്വാധീനമുള്ള നേതാക്കളെ പുറത്താക്കിയതില്‍ അണികളില്‍ നിരാശയ്ക്കും ചര്‍ച്ചയ്ക്കും വഴിയൊരുക്കി. കാഞ്ഞങ്ങാട്, അജാനൂര്‍ മേഖലയില്‍ സിപിഎമ്മിനെ കെട്ടിപ്പടുക്കുന്നതില്‍ ഏറെ കഠിനാധ്വാനം ചെയ്ത പൊക്ലന്‍ ഇക്കുറി ജില്ലാ കമ്മറ്റിയില്‍ നിന്നും പുറത്താണ്. നേരത്തെ തന്നെ പൊക്ലനെ ഒഴിവാക്കാനുള്ള ചരട് വലിയുണ്ടായിരുന്നു. അതിനുപകരം അജാനൂരില്നിന്നും ആരെയും എടുത്തിട്ടില്ല. അജാനൂര്‍ പോലുള്ള പാര്‍ട്ടി ശക്തികേന്ദ്രത്തില്‍ നിന്നും ആരുമില്ലാത്തതുകൊണ്ട് തന്നെ ചര്‍ച്ചയായി മാറിയിട്ടുണ്ട്.
അതേസമയം കാഞ്ഞങ്ങാട് നഗരസഭയില്‍ നിന്നും നാലു നേതാക്കള്‍ സിപിഎം ജില്ലാകമ്മറ്റിയില്‍ എത്തുകയും ചെയ്തു. വി.വി. രമേശന്, അഡ്വ. അപ്പുക്കുട്ടന്, പി.കെ. നിഷാന്ത്, അഡ്വ. രാജ്മോഹന്‍ എന്നിവരാണ് വന്നത്. ജനകീയരായ നേതാക്കളെ ഒഴിവാക്കുമ്പോള്‍ പകരംവരുന്ന നേതാക്കളുടെ ജനസ്വാധീനം സിപിഎം ഇക്കുറി നോക്കിയില്ല. പുതിയതായി ജില്ലാ കമ്മറ്റിയിലെത്തിയത് ഡിവൈഎഫ്ഐ ജില്ലാ പ്രസിഡന്റ് പി.കെ. നിഷാന്താണ്. കഴിഞ്ഞ കാഞ്ഞങ്ങാട് നഗരസഭാ തിരഞ്ഞടുപ്പില്‍ മത്സരിക്കാന്‍ കച്ചകെട്ടിയിറങ്ങിയ നിഷാന്തിന് പാര്‍ട്ടിയിലെ എതിര്‍പ്പ് കാരണം മത്സരത്തില്‍ നിന്ന് പിന്മാറേണ്ടിവന്നു. അത്തരക്കാരെ ജില്ലാ കമ്മറ്റിയില്‍ എടുത്തിരിക്കുന്നതിനെതിരെ അണികളില്‍ പ്രതിഷേധം ഉയരുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: