കൊച്ചി: സില്‍വര്‍ ലൈന്‍ പദ്ധതിയെക്കുറിച്ച് സംശയങ്ങള്‍ ഉന്നയിച്ച് എഴുതിയ കവിതയുടെ പേരില്‍ സൈബര്‍ ആക്രമണം നേരിടുന്ന കവി റഫീഖ് അഹമ്മദിനെ പിന്തുണച്ച് കഥാകൃത്ത് ഉണ്ണി. ആര്. ഹേ..കെ എന്ന കവിതയിലൂടെയാണ് റഫീഖ് അഹമ്മദ് സില്‍വര്‍ ലൈന്‍ പദ്ധതിയെ വിമര്‍ശിച്ചത്. തുടര്‍ന്ന് സിപിഎമ്മിന്റെ സൈബര്‍ സഖാക്കള്‍ തെറിവാക്കുകള്‍ വരെ ഉപയോഗിച്ചാണ് കവിയെ ആക്രമിച്ചത്. തെറിയാല്‍ തടുക്കാന്‍ കഴിയില്ല എന്ന നാലുവരി കുറിപ്പോടെയാണ് റഫീഖ് അഹമ്മദ് ഈ ആക്രമണങ്ങളോടു പ്രതികരിച്ചത്.
ഈ ഘട്ടത്തിലെല്ലാം കവിക്കു വേണ്ടി രംഗത്തു വരാതെ മൗനം പാലിച്ച ഇടത് അനുഭാവികളായ എഴുത്തുകാരെ വിമര്‍ശിച്ചാണ് ഉണ്ണി. ആര് രംഗത്തു വന്നത്. ഇടതുപക്ഷ സ്ഥാനാര്‍ഥികള്‍ക്കായി നാടുനീളെ പ്രചാരണം നടത്തിയ എന്റെ സഹ എഴുത്തുകാരേ, നിങ്ങള്‍ക്ക് റഫീക്ക് അഹമ്മദ് എന്ന കവിയെ അറിയില്ല എന്നുണ്ടോ? അതോ നിങ്ങള്‍ സൗകര്യപൂര്‍വ്വമായ മൗനത്തിലാണോ?. ഉണ്ണി. ആര് ചോദിക്കുന്നു.
ഓണ്‍ലൈന്‍ മാധ്യമത്തിലെഴുതിയ കുറിപ്പിലാണ് ഉണ്ണി. ആര് നിലപാടു വ്യക്തമാക്കിയത്. കവി റഫീഖ് അഹമ്മദിനെതിരെ സൈബര്‍ സ്ഥലങ്ങളില്‍ വാക്കുകള്‍ കൊണ്ടുള്ള ദ്രോഹങ്ങള്‍ നടക്കുന്നു എന്ന് വാര്‍ത്തയില്‍ നിന്നറിഞ്ഞു. ഒരാള്‍ക്ക് ചില കാര്യങ്ങളോട് സംശയം തോന്നിയാല്‍ അത് ചോദിക്കുവാനുള്ള അവകാശം ഒരു ജനാധിപത്യ രാജ്യത്തുണ്ടെന്ന് വിശ്വസിക്കുന്നു. റഫീഖ് അഹമ്മദ് ഇടതുപക്ഷ ചിന്തകളോട് ചേര്‍ന്ന് നില്ക്കുന്ന വ്യക്തിയാണ്. മാറി വരുന്ന ഭരണങ്ങള്ക്കനുസരിച്ച് ചുവടു വെക്കാത്ത വ്യക്തിയാണ്. തീവ്ര ഇസ്ലാം മത അടയലുകളോട് ഒരു തുറവിനായി നിരന്തരം കലഹിക്കുകയും ചെയ്യുന്നു. അങ്ങനെയൊരാള്‍ ചില ചോദ്യങ്ങള്‍ ചോദിക്കുമ്പോള്‍ സഹിഷ്ണുതയോടെ അതിനെ കേള്‍ക്കുകയും അതിനോട് പ്രതികരിക്കുകയും ചെയ്യുക എന്നതല്ലേ ജനാധിപത്യപരമായ ശരി? ഉണ്ണി. ആര് ചോദിക്കുന്നു.
ഇടതുപക്ഷത്തോട് നിരന്തരമായി ചോദ്യങ്ങള്‍ ചോദിച്ച ഒ.വി. വിജയന്. വിജയന് ഇഎംഎസ് മറുപടി നല്‍കിയത് ഉണ്ണി ഓര്‍മിപ്പിക്കുന്നു. സംവാദാത്മകതയിലാണ് ആരോഗ്യപരമായ ഒരു സമൂഹം വേരുകള്‍ പടര്‍ത്തുക. എവിടെ അധികാരത്തിന്റെ നെറുകയില്‍ നിന്ന് ശാസനകള്‍ പുറപ്പെടുന്നുവോ അവിടെ ഒരു സമൂഹം വേരറ്റ് നിപതിക്കുകയാണ് ചെയ്യുക. എന്തുകൊണ്ട് ശാസ്ത്രസാഹിത്യ പരിഷത്ത് കെ- റെയിലിനെതിരായി സംശയിച്ചു? എന്തുകൊണ്ട് മേധാ പട്ക്കര്‍ തൊഴു കൈയ്യോടെ യാചിച്ചു? എന്തുകൊണ്ട് ഒരു കവി തന്റെ സംശയങ്ങള്‍ കുറിച്ചു? അല്‍പ്പം ക്ഷമയോടെ ഇതെല്ലാം ചര്‍ച്ച ചെയ്യാന്‍ നമുക്കാവില്ലേ? ഉണ്ണി ചോദിച്ചു.
അഹിതമായത് പറയുന്നവരെ ഉന്മൂലനം ചെയ്യുകയാണ് വേണ്ടതെങ്കില്‍ അത് ഫാസിസത്തില്‍ നിന്ന് വ്യത്യസ്തമാവില്ല.
ഒരാളും ഒന്നിനേയും സംശയിക്കാതെ, ഭയത്തോടെ, നിശ്ശബ്ദമായി ഇരിക്കുന്നിടത്ത്, ഒരു കവി ഈ ദേശത്തിനായി സങ്കടപ്പെടുമ്പോള്‍ അത് കേള്‍ക്കാന്‍ നമുക്കൊരു കാതില്ലെങ്കില്‍ അത് കഷ്ടമാണ്. സുഗതകുമാരിയും അയ്യപ്പപ്പണിക്കരും കടമ്മനിട്ടയും വിഷ്ണുനാരായണന്‍ നമ്പൂതിരിയുമെല്ലാം പാടിയും പറഞ്ഞും സമരം ചെയ്താണ് സൈലന്റ് വാലിയെ തിരിച്ചെടുത്തത്. അവര്‍ കൊണ്ട വെയിലാണ് നമ്മുടെ തണലെന്നു മറക്കരുതെന്നും ഉണ്ണി കുറിക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: