കാഞ്ഞാണി: തൃശൂർ വിയ്യൂർ സെൻട്രൽ ജയിലിലെ തടവുകാരനായ സജീവൻ തനിക്ക് ലഭിച്ച കൂലിയിൽ നിന്ന് 1500 രൂപ മാറ്റി വച്ച് അഞ്ച് പുസ്തകം വാങ്ങാനായി പ്രസീദ്ധീകരണ സ്ഥാപനത്തിന് എഴുതിയ കത്തിന് വമ്പിച്ച പ്രതികരണം. കത്ത് ലഭിച്ച പ്രസിദ്ധീകരണ സ്ഥാപനത്തിന്റെ തൃശൂർ മേധാവി കവി ഡോ.സി രാവുണ്ണിയുടെ നേതൃത്വത്തിൽ തന്റെ സുഹൃദ് വലയത്തിൽ നിന്നും സമാഹരിച്ച് ജയിൽ ലൈബ്രറിയിലേക്ക് സൗജന്യമായി എത്തിച്ച് നൽകിയത് അറുപത്തി ആറായിരം രൂപയുടെ 568 പുസ്കങ്ങൾ.
തടവുകാരനായ സജീവൻ പുസ്തക പ്രസാദകരായ നാഷണൽ ബുക്ക് സ്റ്റാളിലേക്ക് (എൻ.ബി.എസ് )തനിക്ക് ഏതാനും പുസ്തകങ്ങൾ വില കൊടുത്തു വാങ്ങാൻ താല്പര്യം പ്രകടിപ്പിച്ച് കത്തെഴുതിയിരുന്നു. ജയിലിൽ കൂലിയായി പ്രതിദിനം ലഭിക്കുന്ന 127 രൂപ വരുമാനത്തിൽ നിന്ന് മിച്ചം വെക്കുന്ന സംഖ്യ കൊണ്ടാണ് അദ്ദേഹം പുസ്തകങ്ങൾ വാങ്ങുന്നത്. വിയ്യൂർ സെൻട്രൽ ജയിലിൽ കേരള ഗ്രന്ഥശാലാ സംഘത്തിന്റെ അംഗീകാരത്തോടെ പ്രവർത്തിക്കുന്ന ലൈബ്രറിയുടെ ചുമതലക്കാരനാണ് സജീവൻ. സ്വന്തം പണം കൊണ്ട് വാങ്ങുന്ന പുസ്തകങ്ങൾ വായിച്ചു കഴിഞ്ഞാൽ സജീവൻ ലൈബ്രറിക്ക് സമ്മാനിക്കും. ഡിസ്ക്കൗണ്ട് വല്ലതും കിട്ടാനിടയുണ്ടോ എന്ന് ആരാഞ്ഞു കൊണ്ടായിരുന്നു സജീവന്റെ കത്ത്. ഡിസ്ക്കൗണ്ട് ഇല്ലെങ്കിലും പുസ്തകങ്ങൾ വാങ്ങുമെന്ന് കത്തിലുണ്ട്.
കത്ത് വായിച്ച എൻ.ബി.എസ് ന്റെ ഡയറക്ടർ ബോർഡ് അംഗമായ കവി ഡോ.സി. രാവുണ്ണി സെൻട്രൽ ജയിലിലെ ലൈബ്രറിയിലേക്ക് കുറച്ചു പുസ്തകങ്ങൾ ശേഖരിച്ചു നല്കാൻ ശ്രമം തുടങ്ങി. എല്ലാ സുഹൃത്തുക്കൾക്കും കത്തയച്ചു. പതിനായിരം രൂപയുടെ പുസ്തകങ്ങളെങ്കിലും സജീവന് കൊടുക്കണം എന്നായിരുന്നു ലക്ഷ്യം.
സാറാ ജോസഫ് 7759 രൂപയുടെ 50 പുസ്തകങ്ങൾ നൽകി. നോവലിസ്റ്റ് കെ.ഉണ്ണികൃഷ്ൻ 10,373 രൂപ വിലയുള്ള 81 പുസ്തകളും, രംഗചേതന 6600 രൂപയുടെ 62 പുസ്തകങ്ങളും കൈമാറി. കവി രാവുണ്ണി 11,228 രൂപയുടെ 116 പുസ്തകങ്ങളും ഇതിലേക്ക് ചേർത്തു. സജീവൻ ആവശ്യപ്പെട്ട 1555 രൂപയുടെ 5 പുസ്തകങ്ങളും ഒപ്പം വച്ചു. മറ്റുള്ളവുടെ സഹായമായി ലഭിച്ചതടക്കം 66,809 രൂപ വിലവരുന്ന 568 പുസ്തകൾ ജയിലിലെ ലൈബ്രറിയിലേക്ക് കൊടുക്കാനായി തയ്യാറാക്കി. ഇംഗ്ലീഷും ഹിന്ദിയും കന്നടവും തമിഴും ഭാഷയിലെ പുസ്തകങ്ങളും കൂട്ടത്തിലുണ്ട്.
ഇ.ടി.വർഗ്ഗീസ് ( രംഗചേതന ), നടൻ സുനിൽ സുഖദ, സംവിധായകൻ കെ.വി.ഗണേശ്, പത്രപ്രവർത്തകൻ രാമവർമ്മൻ, സുമേഷ് എന്നിവരുടെ സാന്നിദ്ധ്യത്തിൽ പുസ്തകങ്ങൾ സെൻട്രൽ പ്രിസൺ സൂപ്രണ്ട് രാജൻ സാജന് കൈമാറി. വെൽഫെയർ ഓഫീസർമാരായ ബിപിൻ, ബേസിൽ, അന്തേവാസിയായ സജീവൻ എന്നിവരും ചടങ്ങിൽ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: