മക്കളേ,
നമുക്ക് ഓരോരുത്തര്‍ക്കും അനേകം കഴിവുകള്‍ ഉണ്ട്. അതേസമയം അനേകം പോരായ്മകളും ഉണ്ട്. പക്ഷെ പലപ്പോഴും സ്വന്തം പോരായ്മകളെക്കുറിച്ചാണ് നമ്മള് അധികം ബോധവാന്മാരാകുന്നത്. ചിലര്‍ തങ്ങള്‍ക്കു ലഭിക്കാതെപോയ കഴിവുകളെ ഓര്‍ത്ത് നിരാശയില്‍ മുഴുകുന്നു. അതുകാരണം അവരുടെ ഉള്ള കഴിവുകള്‍ കൂടി തുരുമ്പെടുത്ത് പോകുന്നു. അവര്‍ തങ്ങളുടെ ഉള്ളിലിരിക്കുന്ന മഹത്തായ നിധിയെ പ്രയോജനപ്പെടുത്താതെ പാഴാക്കിക്കളയുന്നു.
വിവാഹം നടക്കുന്ന ഒരു വീട്ടില്‍ നൂറു പേര്‍ക്കുള്ള സദ്യ അധികം വെച്ചിട്ടുണ്ട് എന്നു കരുതുക. ആവശ്യക്കാര്‍ക്ക് നല്കാന് മെനക്കെടാതെ അതു മുഴുവന്‍ പാഴാക്കുന്നതിനു തുല്യമാണ് നമ്മളിലുള്ള കഴിവ് പ്രകടിപ്പിക്കാതെയും പ്രയോജനപ്പെടുത്താതെയും ഇരിക്കുന്നത്.
സത്യത്തില്‍ ഈശ്വരന് തന്നിരിക്കുന്ന കഴിവുകള്‍, നമുക്കും മറ്റുള്ളവര്‍ക്കും വേണ്ടിയുള്ള സമ്പത്താണ്. ജീവിതത്തിലെ ഏറ്റവും വലിയ ദുരന്തം മരണമല്ല; ജീവിച്ചിരിക്കുമ്പോള്‍ നമ്മുടെ കഴിവുകള്‍ വേണ്ട വിധത്തില്‍ ഉപയോഗപ്പെടുത്താതെ തുരുമ്പെടുത്ത് പോകുന്നതാണ്.
സ്വന്തം കഴിവുകളെ തിരിച്ചറിയുകയും അവയെ വേണ്ട വിധം പ്രയോജനപ്പെടുത്തുകയും ചെയ്യുക എന്നത് അത്ര എളുപ്പമുള്ള കാര്യമല്ല. ഒട്ടുമിക്ക ആളുകളും സ്വന്തം കഴിവുകളെക്കുറിച്ചും ആന്തരികശക്തിയെക്കുറിച്ചും വേണ്ടത്ര ബോധവാന്മാരല്ല. അതിനാല്‍ പ്രതികൂല സാഹചര്യങ്ങളില്‍ അവര്‍ പതറിപ്പോകുന്നു. എന്നാല്‍ ധൈര്യം കൈവിടാതെ, വിവേകപൂര്‍വ്വം പ്രയത്നിച്ചാല്‍ ഏതു സാഹചര്യത്തെയും വിജയകരമായി തരണം ചെയ്യാന്‍ അവര്‍ക്കു സാധിക്കും. അതിനുള്ള കഴിവ് നമ്മളില്‍ ഓരോരുത്തരിലുമുണ്ട്.
പണ്ടുകാലത്ത് നമ്മുടെ നാട്ടില്‍ സ്ത്രീകള്‍ പൊതുവെ സാമ്പത്തികമായി ഭര്ത്താക്കന്മാരെ ആശ്രയിച്ചാണ് കഴിഞ്ഞിരുന്നത്. ഇന്നും പല കുടുംബങ്ങളിലും നല്ല വിദ്യാഭ്യാസവും കഴിവുമുള്ള സ്ത്രീകള്‍ പോലും ജോലിയ്ക്കൊന്നും പോകാതെ വീട്ടുകാര്യങ്ങള്‍ നോക്കി കഴിയുന്നവരുണ്ട്. അത്തരത്തിലുള്ള ഒരു കുടുംബത്തിലെ കുടുംബനാഥന് മരിച്ചുപോയി. അതോടെ ആ കുടുംബത്തിന്റെ സാമ്പത്തികസ്രോതസ്സ് നിലച്ചു. ഭര്‍ത്താവ് ജീവിച്ചിരുന്ന സമയത്ത് ഭാര്യ അധികമൊന്നും
പുറത്തുപോകുകയോ, ആരോടും ഇടപഴകുകയോ ചെയ്യാറില്ലായിരുന്നു. എങ്കിലും ഭര്‍ത്താവിന്റെ മരണശേഷം അവര്‍ ഒരു ജോലി കണ്ടെത്താന്‍ നിര്‍ബ്ബന്ധിതയായി. കഠിനമായി പ്രയത്നിച്ച് പണം സമ്പാദിച്ചു തന്റെ മക്കളെ വളര്‍ത്തി. കുടുംബം നോക്കാന്‍ മറ്റാരുമില്ല എന്ന തിരിച്ചറിവുണ്ടായപ്പോള്‍ തന്റെയുള്ളില്‍ ശക്തി കണ്ടെത്താനും ജീവിതം വിജയകരമായി മുന്നോട്ടുകൊണ്ടുപോകാനും അവര്‍ക്കു സാധിച്ചു. അതുപോലെ എല്ലാവരുടെയും ഉള്ളില്‍ അനന്തമായ ശക്തിയുണ്ട്. അതിനെ നമ്മള് വേണ്ടവിധം പ്രയോജനപ്പെടുത്തണമെന്നു മാത്രം.
പരാജയത്തിനെ ഭയപ്പെടുന്നവരാണ് നമ്മളില്‍ കൂടുതല്‍ പേരും. എന്നാല്‍ ജീവിതത്തില്‍ വിജയം മാത്രം പ്രതീക്ഷിക്കുന്നത് ശരിയല്ല. പരാജയത്തെയും വിജയത്തിലേയ്ക്കുള്ള ചവിട്ടുപടിയായി കാണുന്നവര്‍ക്കാണ് ജീവിതത്തില്‍ യഥാര്‍ത്ഥ വിജയം കൈവരിക്കാന്‍ സാധിക്കുന്നത്.
നമുക്ക് എന്തൊക്കെ കഴിവുകള്‍ ഇല്ല എന്നല്ല, ഉള്ള കഴിവുകള്‍ എന്തൊക്കെയാണ്, അവ പരമാവധി എങ്ങനെ പ്രയോജനപ്പെടുത്താം എന്നാണ് നമ്മള് ചിന്തിക്കേണ്ടത്. വിവേകബുദ്ധിയും കഴിവുകളും വളര്‍ത്തിയെടുത്താല്‍ ക്രമേണ നമ്മുടെ ദൗര്‍ബല്യങ്ങളെ ഇല്ലാതാക്കാനും, നമ്മുടെ ജീവിതത്തില്‍ വന്നുചേരുന്ന പ്രതികൂല സാഹചര്യങ്ങളെ വിജയപൂര്‍വ്വം തരണം ചെയ്യാനും നമുക്കു സാധിക്കും.
നമ്മള് പറയാറുണ്ടല്ലോ, ‘ഞാനൊരു മനുഷ്യനാണ്, കുറ്റവും കുറവുകളും കാണും’ എന്ന്. മനുഷ്യന് എന്നു പറയുമ്പോള്‍ തന്നെ പരിമിതമായ ഒരു വ്യക്തിത്വത്തെ മാത്രമാണു നമ്മള് കാണുന്നത്. നമ്മുടെയുള്ളിലെ അനന്തമായ ശക്തിയെ തിരിച്ചറിയാത്തതാണ് ഇതിനു കാരണം. സൂപ്പര്‍മാര്‍ക്കറ്റില്‍ കയറി ഒരു ചെറിയ സാധനം വാങ്ങുന്ന സ്ത്രീ ആദ്യം തിരയുന്നത് അതു വെച്ചുകൊണ്ടുപോകാനുള്ള ഉന്തുവണ്ടിയാണ്. എന്നാല്‍ ഇതേ സ്ത്രീ ഒരു കുഞ്ഞിനെ പത്തു മാസം സന്തോഷപൂര്‍വ്വം ചുമക്കുകയും പ്രസവക്ലേശങ്ങള്‍ സഹിക്കുകയും ചെയ്യുന്നില്ലേ. അതുപോലെ പ്രതികൂലസാഹചര്യങ്ങളെ നേരിടേണ്ടിവരുമ്പോള്‍ നമ്മള് അതുവരെ കണ്ടെത്തിയിട്ടില്ലാത്ത കഴിവുകള്‍കൂടി പ്രകടമാകുന്നതു കാണാം.
ഏതു പരീക്ഷണഘട്ടത്തിലും ധൈര്യം കൈവിടാതെ, ഉള്ളിലേയ്ക്കു തിരിഞ്ഞുനോക്കിയാല്‍, നമ്മളില്‍ അന്തര്‍ലീനമായിരിക്കുന്ന ശക്തിയെ കണ്ടെത്താന്‍ കഴിയും. കിണര്‍ കുഴിക്കുമ്പോള്‍ മണ്ണില്‍ നനവ് കണ്ടാല്‍ ഇനി വെള്ളം കാണാന്‍ താമസമില്ലെന്നു മനസ്സിലാക്കാം. അതുപോലെ നമ്മള് ഉള്ളിലേയ്ക്ക് തിരിഞ്ഞുനോക്കാന്‍ പഠിച്ചുകഴിഞ്ഞാല്‍ നമ്മുടെ ദുര്‍ബലതകള്‍ മറയാനും കഴിവുകള്‍ തെളിയാനും പിന്നെ താമസമില്ല. ജീവിതത്തിലെ ഓരോ വെല്ലുവിളിയും ഓരോ പ്രതിസന്ധിയും നമ്മുടെ ഉള്ളിലെ ശക്തിയെ കണ്ടെത്താനും ഉണര്‍ത്താനുമുള്ള അവസരമായി മാറും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: