തിരുവനന്തപുരം: യുജിസി ചട്ടം ലംഘിച്ച് പ്രൊഫസര്‍ പദവി നേടിയെടുക്കാന്‍ മന്ത്രി ആര്‍. ബിന്ദു ശ്രമിക്കുന്നതായി ആരോപിച്ച് സേവ് യൂണിവേഴ്‌സിറ്റി ക്യാമ്പെയിന്‍ കമ്മിറ്റി ഗവര്‍ണര്‍ക്ക് പരാതി നല്‍കി. യുജിസി ചട്ടം ലംഘിച്ച് വിരമിച്ച കോളെജ് അധ്യാപകര്‍ ഉള്‍പ്പെടെ 200 പേര്‍ക്ക് പ്രൊഫസര്‍ പദവി നല്‍കാന്‍ കലിക്കറ്റ് സര്‍വ്വകലാശാല തീരുമാനിച്ചിരിക്കുകയാണ്.
ഇക്കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പ് പ്രചാരണക്കാലത്ത് ആര്‍.ബിന്ദു പ്രൊഫസര്‍ എന്ന പദവി കൂടി ഉപയോഗിച്ചാണ് തെരഞ്ഞെടുപ്പിനെ നേരിട്ടത്. എന്നാല്‍ ബിന്ദു പ്രൊഫസറല്ല, ഡോക്ടറേറ്റ് മാത്രം ലഭിച്ച കോളെജ് അധ്യാപികയാണെന്ന് പരാതി ഉയര്‍ന്നുവന്നിരുന്നു. പരാതി ശരിയാണെന്ന് വന്നതോടെ ഇനി മുതല്‍ ഡോക്ടര്‍ ആര്‍. ബിന്ദു എന്നാണ് ഇവര്‍ അറിയപ്പെടുകയെന്ന് ചീഫ് സെക്രട്ടറി വി.പി. ജോയ് വിജ്ഞാപനം വഴി അറിയിച്ചിരുന്നു. ഇതോടെ ഇരിങ്ങാലക്കുടയില്‍ ബിന്ദുവിന്റെ എതിര്‍സ്ഥാനാര്‍ത്ഥിയായ തോമസ് ഉണ്ണിയാടന്‍ ബിന്ദുവിന്റെ തെരഞ്ഞെടുപ്പ് വിജയം ചോദ്യം ചെയ്ത് ഹൈക്കോടതിയെ സമീപിച്ചിരുന്നു. തെരഞ്ഞെടുപ്പ് സമയത്ത് പ്രൊഫസര്‍ പദവി കാട്ടി പ്രചാരണം നടത്തിയെന്നായിരുന്നു ആരോപണം. ഇതോടെയാണ് ബിന്ദു പ്രൊഫസര്‍ പദവി തിരിച്ചുപിടിക്കാന്‍ ശ്രമം നടത്തിയതെന്നാണ് ആരോപണമുയരുന്നത്. പ്രൊഫസര്‍ പദവി ലഭിച്ചാല്‍ ഉണ്ണിയാടന്റെ പരാതി ദുര്‍ബ്ബലമാകും.
ഇതിനായി യുജിസി ചട്ടം മറികടന്നാണ് വിരമിച്ച അധ്യാപകര്‍ക്ക് ഉള്‍പ്പെടെ 200 പേര്‍ക്ക് പ്രൊഫസര്‍ പദവി നല്‍കാന്‍ തീരുമാനിച്ചത്. കേരള സര്‍വ്വകലാശാല പോലും വിരമിച്ച അധ്യാപകര്‍ക്ക് പ്രൊഫസര്‍ പദവി നല്‍കേണ്ടെന്ന് തീരുമാനിച്ചിട്ടുണ്ട്. അതിനിടയിലാണ് കാലിക്കറ്റ് സര്‍വ്വകലാശാലയുടെ ഈ വിവാദ നടപടി.
ഇപ്പോള്‍ കെപിസിസി പ്രസിഡന്‍റ് കെ. സുധാകരനും ബിന്ദുവിനെതിരെ ശക്തമായി രംഗത്തെത്തിയിട്ടുണ്ട്. 200 വിരമിച്ച അധ്യാപകര്‍ക്ക് പ്രൊഫസര്‍ പദവി നല്‍കുമ്പോള്‍ ഒരാള്‍ക്ക് അഞ്ച് ലക്ഷം വീതം ശമ്പള കുടിശ്ശിക നല്‍കേണ്ടി വരുമെന്നും അതുവഴി 10 കോടി രൂപയുടെ അധികച്ചെലവ് ഖജനാവിനുണ്ടാകുമെന്നുമാണ് സുധാകരന്റെ വാദം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: