ഈരാറ്റുപേട്ട: തലനാട്ടിലും വിളയും ഉരുളക്കിഴങ്ങ്. നൂറുമേനി വിളവോടെ. നമ്മുടെ നാട്ടിലും ഉരുളക്കിഴങ്ങ് കൃഷിയെന്ന് കേള്‍ക്കുമ്പോള്‍ ഒരു പക്ഷേ ആര്‍ക്കും അത്ഭുതം തോന്നിയേക്കാം. എന്നാല്‍ സംഗതി സത്യം തന്നെ. തലനാട് ഗ്രാമപഞ്ചായത്തിലാണ് കൃഷിയിടം. കൃഷിവകുപ്പില്‍ നിന്നും ജോയിന്റ് ഡയറക്ടറായി വിരമിച്ച അരുവിത്തുറ വടക്കേചിറയാത്ത് ജോര്‍ജ് ജോസഫാണ് കര്‍ഷകന്‍.
തമിഴ്‌നാട്, കര്‍ണ്ണാടക തുടങ്ങിയ സംസ്ഥാനങ്ങളിലും കേരളത്തില്‍ ഇടുക്കി ജില്ലയിലെ മഴ മറ പ്രദേശങ്ങളെന്നറിയപ്പെടുന്ന വട്ടവട, കാന്തലൂര്‍ എന്നിവിടങ്ങില്‍ മാത്രമല്ല കോട്ടയം ജില്ലയിലും ശീതകാല പച്ചക്കറി കൃഷിക്ക് അനുയോജ്യ ഇടങ്ങളുണ്ടെന്നതിന്റെ തെളിവാണ് ജോര്‍ജിന്റെ ഉരുളക്കിഴങ്ങ് കൃഷി.
തലനാട് പഞ്ചായത്തിന്റെ അതിര്‍ത്തി പ്രദേശത്താണ് കൃഷി. പുള്ളിക്കാനം മേഖലയുമായി ബന്ധപ്പെട്ട് കിടക്കുന്ന ഈ ഭാഗം സമുദ്രനിരപ്പില്‍ നിന്നും 3400 ഓളം അടി ഉയരത്തിലാണ്. 20 മുതല്‍ 30 ഡിഗ്രി സെല്‍ഷ്യസ് വരെ ചൂടാണ് ഉരുളകിഴങ്ങ് കൃഷിക്ക് അനുയോജ്യം. സെപ്റ്റംബര്‍ മാസമാണ് ജില്ലയില്‍ കൃഷിക്ക് യോജിച്ചത്. 120 ദിവസം കൊണ്ട് വിളവെടുപ്പിന് പാകമാകുന്ന കുഫ്രി ജ്യോതി ഇനത്തില്‍ പെട്ട കിഴങ്ങുകളാണ് കൃഷി ചെയ്തത്.
ഒരു ചുവടില്‍ നിന്ന് ഒരു കിലോയോളം കിഴങ്ങ് വീതം ലഭിച്ചു. മുന്‍പും ജോര്‍ജ് ഉരുളക്കിഴങ്ങ് കൃഷി ചെയ്തിരുന്നു. ഗുണകരമെന്ന് തോന്നിയതിനാലാണ് ഇത്തവണ വിപുലമായ രീതിയില്‍ കൃഷി ചെയ്തത്. എന്നാല്‍ അമിത മഴ വിളവിനെ സാരമായി ബാധിച്ചു. വാഗമണ്‍, ഈരാറ്റുപേട്ട മേഖലയില്‍ തന്നെയാണ് ഉരുളക്കിഴങ്ങിന് വിപണി കണ്ടെത്തിയതും. കൃത്യമായ അകലത്തില്‍ തടമെടുത്താണ് കിഴങ്ങ് നടുന്നത്. ജൈവവളങ്ങളാണ് പ്രധാനമായും ഉപയോഗിക്കുന്നത്.
അമിത വളപ്രയോഗമില്ലാത്തത് കൊണ്ട് തന്നെ പുറത്ത് നിന്നെത്തുന്ന കിഴങ്ങുകളെക്കാള്‍ രുചികരമാണിത്. തലനാട്ടിലെ കിഴങ്ങ് കൃഷിയെ കുറിച്ച് കേട്ടറിഞ്ഞ നിരവധിയാളുകള്‍ കൃഷി കാണുന്നതിനും കൃഷിരീതികളെക്കുറിച്ച് മനസിലാക്കുന്നതിനുമായി ഇവിടെ എത്താറുണ്ട്. അടുത്ത തവണ കൂടുതല്‍ സ്ഥലത്ത് ഉരുളക്കിഴങ്ങ് കൃഷി ചെയ്യാനുള്ള തയ്യാറെടുപ്പിലാണ് ജോര്‍ജ് ജോസഫ്.
ഇതിന് മുന്‍പ് വീട്ടുമുറ്റത്ത് കോളി ഫ്‌ളവര്‍ വിജയകരമായി കൃഷി ചെയ്ത് ശ്രദ്ധ നേടിയിരുന്നു. കാര്‍ഷിക രംഗത്തെ അറിവുകളും സര്‍വ്വീസ് കാലത്തെ അനുഭവങ്ങളുമാണ് വ്യത്യസ്ത കൃഷികള്‍ക്ക് പ്രചോദനമാകുന്നതെന്നാണ് ജോസഫിന്റെ നിലപട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: