കൊല്ലം: നടപ്പാത പുതുക്കിപ്പണിയാനായി ഇളക്കി മാറ്റിയ പഴയ സിമന്റ് സ്ലാബുകള്‍ കാല്‍നടക്കാര്‍ക്കും വാഹനയാത്രികര്‍ക്കും ബുദ്ധിമുട്ടാകുന്നു. തിരക്കേറിയ ഹൈസ്കൂള്‍ ജങ്ഷന്-അഞ്ചാലുമൂട് റൂട്ടില്‍ തേവള്ളിപ്പാലത്തിന് ഇരുവശത്തായിട്ടാണ് സ്ളാബുകള്‍ തലങ്ങും വിലങ്ങും കൂട്ടി വച്ചിരിക്കുന്നത്.
2019 മാര്‍ച്ച് അവസാന ആഴ്ചയാണ് നടപ്പാതയില്‍ ഇന്റര്‍ലോക്ക് കട്ടകള്‍ പാകാനായി വലിയ സിമന്റ് സ്ലാബുകള്‍ ഇളക്കി മാറ്റിയത്. പൊട്ടിയതുള്‍പ്പെടെയുള്ള സ്ലാബുകള്‍ കടവൂര്‍ പള്ളിക്കടുത്തും എന്‍സിസി കാന്റീനടുത്തും റോഡിനിരുവശത്തായി മാറ്റിവച്ചെങ്കിലും തിരക്കേറിയതും ഇടുങ്ങിയതുമായ സ്ഥലത്തുനിന്ന് അവ മാറ്റാന്‍ ബന്ധപ്പെട്ടവര്‍ തയ്യാറായില്ല.
വാഹനങ്ങള്‍ പാഞ്ഞുവരുന്നത് കണ്ടു ഓടിമാറിയ കാല്‍നടക്കാരില്‍ പലര്‍ക്കും സ്ലാബുകളില്‍ തട്ടി പരിക്കേറ്റതായി സമീപവാസികള്‍ പറഞ്ഞു. വള്ളിച്ചെടികള്‍ പടര്‍ന്നു കയറിയ സ്ലാബുകള്‍ക്കിടയില്‍ ഇഴജന്തുക്കളും തെരുവ്നായ്ക്കളും താവളമാക്കിയിട്ടുണ്ട്. തൊട്ടടുത്തുള്ള കടവൂര്‍ പള്ളി, എന്‍സിസി കാന്റീന്, തേവള്ളി ഹോമിയോ ആശുപത്രി, ബോട്ടുജെട്ടി, സര്‍ക്കാര്‍ ഓഫീസുകള്‍, തേവള്ളി മാര്‍ക്കറ്റ് എന്നിവിടങ്ങളിലേക്കുള്ള കാല്‍നടക്കാര്‍ പ്രാണഭയത്താലാണ് ദിവസേന പാലത്തിന് ഇരുവശത്തുമുള്ള സ്ലാബുകള്ക്കരികിലൂടെ സഞ്ചരിക്കുന്നത്.
രാവിലെയും വൈകിട്ടും വ്യായാമത്തിനും കായല്‍ക്കാഴ്ചകള്‍ ആസ്വദിക്കാനുമായി സ്ത്രീകളും കുട്ടികളുമുള്‍പ്പെടെയുള്ളവര്‍ പേടിച്ചാണ് പാലത്തിലെത്തുന്നത്. പാര്‍ശ്വഭിത്തികളില്ലാത്ത പാലത്തിനടുത്തുള്ള ഇടുങ്ങിയ റോഡരികില്‍ വച്ചിട്ടുള്ള സ്ലാബുകള്‍ വന്‍ ഭീഷണിയാണ് ഉയര്‍ത്തുന്നത്.
ഇവിടെ പലപ്പോഴും തെരുവ് വിളക്കുകളും കത്താറില്ല. ഇക്കാരണത്താല്‍ രാത്രികാല യാത്ര പലര്‍ക്കും ഭീതിയുണ്ടാക്കുന്നതാണ്. ഈ ഭാഗത്തെ അനധികൃത കൈയേറ്റങ്ങള്‍ അടുത്തിടെ ഒഴിപ്പിച്ചെങ്കിലും മൂന്നുവര്‍ഷത്തോളമായി റോഡരുകില്‍ ജനങ്ങളുടെ ജീവന് ഭീഷണിയായി കൂട്ടിവച്ചിട്ടുള്ള ഈ സ്ലാബുകള്‍ നീക്കം ചെയ്യാന്‍ തയ്യാറായിട്ടില്ലെന്നാണ് ആക്ഷേപം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: