പി.എന്‍. രാജേഷ് കുമാര്‍
ഉച്ചമയക്കത്തിനു ശേഷം
ഇനിയൊരു കവിതയെഴുതിയേക്കാമെന്ന ചിന്തയില്‍
അയാള്‍ മൊബൈലുമായി
സിറ്റൗട്ടിലേക്ക് നടന്നു.
കസേരയില്‍ ഇരുന്നതേ
അടുക്കളയില്‍ നിന്ന് ഭാര്യ-
‘അതേയ് ചായയ്ക്ക് പാലില്ലാ ട്ടോ’
അയാള്‍ കവിതയുടെ
ആദ്യവരി ടൈപ്പ് ചെയ്തു-
പാലില്ലാത്ത ചായ
പെട്ടന്നാണ് ഇളയമകന്
ഓടിവന്ന് പറഞ്ഞത്,
‘അച്ഛാ പേനയിലെ മഷി തീര്‍ന്നു. രണ്ട് അസൈന്മെന്റുകള് ഇനിയുമുണ്ട്…’
കുട്ടി തിരിഞ്ഞുനടന്നതേ
അയാളെഴുതി
മഷിയില്ലാത്ത പേന
ഓണ്‍ലൈന്‍ ക്ലാസ്സ് കേട്ടിരുന്ന
മൂത്തമകള്‍ അടുത്തെത്തി
ഒരു ചെവിയില്‍നിന്നും സ്പീക്കര്‍
മാറ്റിക്കൊണ്ട് പറഞ്ഞു,
‘അച്ഛാ ഇന്നെന്റെ ഡേറ്റ തീരും’
അവള് സ്പീക്കര്‍ തിരിച്ച് ചെവിയില്‍
വയ്ക്കുന്നതിനു മുന്‍പേ
അയാളുടെ വിരലുകള്‍ വേഗത്തില്‍ ചലിച്ചു
ഡേറ്റയില്ലാത്ത കുട്ടികള്‍
പിന്നീട്,
നിലവിളക്ക് തുടച്ചുകൊണ്ടിരുന്ന അമ്മ
അയാളോടായി പറഞ്ഞു –
‘രാഘവാ, എണ്ണ തീരാറായി ട്ടോ’
അമ്മയെ ഒന്ന്
ഇരുത്തി നോക്കിക്കൊണ്ട്
അയാള്‍ ടൈപ്പ് ചെയ്തു-
എണ്ണതീര്‍ന്ന വിളക്കുകള്‍
ഭാര്യ കട്ടനുമായി
എത്തിയപ്പോഴേയ്ക്കും
തലക്കെട്ടും ഏറ്റവും താഴെ
തന്റെ പേരും ടൈപ്പ് ചെയ്ത്
അയാളത്
ട പടാന്ന് ഗ്രൂപ്പുകളിലേക്കിട്ടു
കഴിഞ്ഞിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: