പി.ഐ. ശങ്കരനാരായണന്
ശാന്തമായ കാട്. അവിടെ ഒരു കുറ്റിക്കാട്ടിലിരുന്നു തന്റെ കുഞ്ഞിനെ മുലയൂട്ടുകയായിരുന്നു മാന്‍പേട.
പെട്ടെന്നൊരു ശബ്ദം അവളുടെ കാതുകള്‍ പിടിച്ചെടുത്തു മുന്നില്‍ നിന്നാണ്. അകലെയല്ലാതെ ഒരു ശത്രു എത്തിയിട്ടുണ്ട്. എന്തു ചെയ്യും?
രണ്ടും കല്പ്പിച്ചു അവള് ശബ്ദം കേട്ട സ്ഥലത്തേക്ക് കുതിച്ചു. കണ്ണില്‍ കൊതിയുരുട്ടി നില്ക്കുന്നു സിംഹം!
വലതുവശം തിരിഞ്ഞു അവള് പിന്നെ കുതികുതിച്ചു. സിംഹം പിന്നാലെയും.
കുറേ ദൂരം ചെന്നപ്പോള്‍ മാന്‍ ഓട്ടം നിര്‍ത്തി. തിരിഞ്ഞു നിവര്‍ന്നുനിന്നു സിംഹത്തിനെ ഒന്നു നോക്കി.
ആ നോട്ടത്തില്‍ അത്ഭുതപ്പെട്ട് സിംഹവും അവിടെ നിന്നു. ഒരു പേടമാനിനു സിംഹത്തിന്റെ മുന്നില്‍ ഇത്ര ധൈര്യത്തോടെ നില്ക്കാന് കഴിയുമോ എന്നായിരുന്നു ചിന്ത.
അപ്പോഴേക്കും വന്നു മാനിന്റെ വാക്കുകള്‍.
”ഞാന്‍ ഇനി ഓടുന്നില്ല; നീ എന്നെ ഭക്ഷിച്ചോളൂ!”
ഇതെന്തു കഥ? ഇവളുടെ പിന്നില്‍ ആരെങ്കിലും കാണുമോ? അപകടം പിണയുമോ? ആശയക്കുഴപ്പത്തിലായ സിംഹം ചോദിച്ചു:
”നീ എന്താ ഇങ്ങനെ പറയുന്നത്?”
”വേറൊന്നുമല്ല, ഞാന്‍ കുഞ്ഞുങ്ങളെ മുലയൂട്ടുകയായിരുന്നു. ഭയന്നിട്ടല്ല ഓടിയത്. എന്നെ നീ കടിച്ചു കീറുന്നതു കുഞ്ഞുങ്ങള്‍ കാണേണ്ട എന്നു കരുതിയിട്ടാണ്. ചിലപ്പോള്‍ അര്‍ദ്ധജീവനോടെ ഞാന്‍ നോക്കിനില്‍ക്കേ, എന്റെ കുഞ്ഞുങ്ങളേയും നീ തിന്നുന്നതു ഞാന്‍ കാണേണ്ടിവന്നേനേ! ഒരമ്മയ്ക്ക് അതില്‍പ്പരം ദുര്വിധിയുണ്ടോ? ഇപ്പോള്‍ അതു ഒഴിവായിരിക്കുന്നു!”
സിംഹത്തിനു പേടമാനിന്റെ വാക്കുകള്‍ വിശ്വസിക്കാന്‍ കഴിയുമായിരുന്നില്ല. തുറിച്ചു നോക്കിനില്ക്കുന്ന മരണത്തിന്റെ മുഖത്തുനോക്കി പേടമാന് തുടര്‍ന്നു.
”മടിക്കേണ്ട; എന്നെ ഭക്ഷിച്ചോളൂ. മാത്രമല്ല, തിരിച്ചു പോയി എന്റെ കുഞ്ഞുങ്ങളെക്കൂടി നീ ഭക്ഷിക്കണമെന്ന അപേക്ഷയുണ്ട്. കാരണം മുലകുടി മാറാത്ത, പുല്ലു തിന്നാറായിട്ടില്ലാത്ത ആ കുട്ടികള്‍ വിശന്നുപൊരിഞ്ഞു മരിക്കേണ്ടല്ലോ. നിന്റെ വിശപ്പെങ്കിലും മാറട്ടേ!”
താന്‍ എന്താണീ കേള്‍ക്കുന്നത്? മരണത്തിന്റെ വായില്‍ എത്തിയിരിക്കയാണെന്നറിഞ്ഞിട്ടും, മരണത്തിനേക്കാള്‍ ഭീകരമായ ഒരു കാഴ്ച കണ്ടു മരിക്കാന്‍ ഇടയാക്കല്ലെ എന്ന പ്രാര്‍ത്ഥനയല്ലേ ഇത്?
മക്കളുടെ കണ്മുന്നില് വച്ചു അമ്മ നശിപ്പിക്കപ്പെടാതിരിക്കണം, അമ്മയുടെ കണ്മുന്നില് വച്ച് മക്കള്‍ നശിപ്പിക്കപ്പെടുന്നതും കാണാതിരിക്കണം എന്ന കരുതലോടെയുള്ള ഈ പ്രാര്‍ത്ഥനയും ശ്രമവും ശ്രേഷ്ഠമായിരിക്കുന്നു.
സിംഹത്തിന്റെ മനസ്സും ആര്‍ദ്രമായി. അതു പറഞ്ഞു: ”പേടമാനേ! ഞാന്‍ നിന്നെ ഭക്ഷിക്കുന്നില്ല. എനിക്കു ഇപ്പോള്‍ വിശപ്പില്ലാഞ്ഞിട്ടാണ്. എന്നെ നീ അധികദൂരം ഓടിച്ചില്ലല്ലൊ. ഞാന്‍ ഓടിയോടി വിശക്കുകയും, ഓടിയോടി നീ തളരുകയും ചെയ്യുന്ന ഒരു നിമിഷത്തില്‍ ചാടിപ്പിടിച്ചു കടിച്ചുകീറി തിന്നുന്നതിന്റെ സുഖമാണ് ഞാന്‍ ഇഷ്ടപ്പെടുന്നത്. അതു നീ കളഞ്ഞില്ലേ? പോയ്ക്കോളൂ. വിശക്കുമ്പോള്‍ ഞാന്‍ വേറെ ഇര അന്വേഷിച്ചോളാം.”
ഇത്രയും പറഞ്ഞു സിംഹം തന്റെ വഴിക്കുപോയി. ആ മൃഗരാജന്റെ നീതിബോധത്തെ മനസാ വാഴ്ത്തിക്കൊണ്ടു പേടമാന് തെല്ലിട അവിടെ നോക്കിനിന്നു.
പെട്ടെന്നാണ് അവളുടെ നെഞ്ചത്തു ഒരു കൂരമ്പുവന്നു തറച്ചത്! വേദനയില്‍ പിടഞ്ഞു വീഴുന്നതിന് മുമ്പു, ശരം വന്ന ദിക്കിലേക്കു പേടമാനിന്റെ കണ്ണുകള്‍ ഓടി!
ഒരു മനുഷ്യന്! ഒരു നിഷാദന്!
അവന്റെ തോളില്‍ കാണുന്നതു ചലനമറ്റ തന്റെ പൊന്നോമനകളാണല്ലോ!
”ഹാ! ഭുവനമേ, ഗഗനമേ!
ഈ വനത്തിലെ മൃഗമനസ്സുപോലും ദയാപരം. പക്ഷേ മനുഷ്യരോ? സര്വ്വവിനാശകാരികള്! ഇവര്‍ക്കില്ലല്ലോ ലോകമര്യാദകള്‍! ഇവരുടെ മനസ്സു മാറ്റേണമേ!”
തന്റെ ചോരപ്പൂക്കളും കണ്ണീരും ഭൂമിയിലര്പ്പിച്ചുകൊണ്ടു ആ പേടമാന് കണ്ണുകളടച്ചു!
പ്രതികരിക്കാൻ ഇവിടെ എഴുതുക: