കൂറ്റനാട്: സന്നിധാനത്ത് അയ്യപ്പസേവാ സംഘത്തിന്റെ നേതൃത്വത്തില്‍ ലക്ഷക്കണക്കിന് ഭക്തര്‍ക്ക് നല്‍കുന്ന പാചകപ്പുരയുടെ നേതൃത്വം കൊല്ലങ്കോട് സ്വദേശികള്‍ക്ക്. പുലര്‍ച്ചെ മൂന്നുമണിക്ക് എഴുന്നേറ്റ് അടുക്കളയിലേക്ക് കടക്കുന്ന കൊല്ലങ്കോട്ടുകാര്‍ക്ക് പിന്നെ രാത്രി ഹരിവരാസനം വരെ തുടരുന്ന ഇടമുറിയാത്ത ഭക്ഷണക്രമമാണ്.
രാവിലെ ഏഴിന് ഉപ്പുമാവും ഇഡ്ഡലിയും, ചില ദിവസങ്ങളില്‍ പൊങ്കല്‍, കൂടെ സാമ്പാറും ചട്ണിയും. പ്രാതലോടെയാണ് ആരംഭം. ഉച്ചക്ക് 12ഓടെ ഊണ്. സാമ്പാര്‍, രസം, ഒരു ഉപ്പേരിയും. ചില ദിവസങ്ങളില്‍ പായസവും കേസരിയോടെ മധുരവും. ഇത് ഏകദേശം നാലുമണിവരെ നീളും. വൈകിട്ട് ഏഴ് മുതല്‍ ഉപ്പുമാവ് അല്ലെങ്കില്‍ കഞ്ഞി. ഇതിലേക്ക് അച്ചാറും സാമ്പാറും. കഞ്ഞിക്ക് പയറും. രാത്രി പതിനൊന്നുവരെ ഇതു നല്‍കും. സൗജന്യമായാണ് ഭക്ഷണവിതരണം.
നിരവധി ഭക്തരുടെ അകമഴിഞ്ഞ സഹായ സഹകരണങ്ങളാണ് ഇതിനുപിന്നില്‍. ഇങ്ങനെ ലക്ഷക്കണക്കിന് ഭക്തര്‍ക്ക് വയറുനിറയെ ഭക്ഷണം നല്‍കുന്ന രുചിക്കൂട്ടിന് ചുക്കാന്‍ പിടിക്കുന്നത് കൊല്ലങ്കോട് ഊട്ടറ സ്വദേശികളായ പരമേശ്വരന്‍, ശിവദാസന്‍, രാജീവ് എന്നിവരാണ്. ഇവര്‍ക്ക് സഹായികളായി സേവാ സംഘത്തിന്റെ ഗോവ, കര്‍ണാടക, ആന്ധ്ര, തമിഴ്നാട് എവിടങ്ങളില്‍ നിന്നുള്ള സൗജന്യ സേവകന്‍മാരും എത്താറുണ്ട്.
കഴിഞ്ഞ പതിമൂന്ന് വര്‍ഷമായി കൊല്ലങ്കോട്ടുകാരുടെ കൈപ്പുണ്യത്തിന്റെ രുചിയറിഞ്ഞവര്‍ സാധാരണക്കാര്‍ മുതല്‍ വിഐപികള്‍ വരെ… വിവിധ ദേശങ്ങളിലുള്ളവര്‍ സന്തോഷത്തോടെ അയ്യപ്പ സേവാസംഘം ക്യാമ്പില്‍ നിന്നും ഭക്ഷണം കഴിച്ച് നാട്ടിലേക്ക് മടങ്ങുമ്പോള്‍ ഇവര്‍ക്കുണ്ടാകുന്ന സന്തോഷം വേറെ.
പ്രതികരിക്കാൻ ഇവിടെ എഴുതുക: