ന്യൂദല്‍ഹി: ഇന്ത്യയില്‍ ആണ്‍കുട്ടികളെയും പെണ്‍കുട്ടികളെയും തുല്യരായാണ് കണക്കാക്കുന്നതെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. അതുകൊണ്ടാണ് പെണ്‍കുട്ടികളുടെ വിവാഹപ്രായം 18 ല്‍ നിന്ന് 21 ആക്കി ഉയര്‍ത്താന്‍ തീരുമാനിച്ചതെന്ന് അദ്ദേഹം പറഞ്ഞു. സ്വാമി വിവേകാനന്ദന്റെ ജന്മദിനത്തില് പുതുച്ചേരിയില്‍ നടന്ന 25-ാമത് ദേശീയ യുവജന ഉത്സവം വീഡിയോ കോണ്‍ഫറന്‍സ് വഴി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
വിവാഹപ്രായം ഉയര്‍ത്തുന്നതിലൂടെ അവര്‍ക്ക് സ്വയംപര്യാപ്തരാകാനും സ്വതന്ത്രമായി ജീവിക്കാനും അവസരം ലഭിക്കും. അത് ആഗ്രഹത്തിന് അനുസരിച്ച് പഠിക്കാന്‍ അവര്‍ക്ക് അവസരമൊരുക്കും. പതിനഞ്ച് വയസ്സില്‍ത്തന്നെ പെണ്‍കുട്ടികളെ വിവാഹം കഴിപ്പിക്കാന്‍ മുസ്ലിം വ്യക്തിനിയമപ്രകാരം അനുവദനീയമാണ്. 1995 ലെ ഹിന്ദു വിവാഹ നിയമപ്രകാരം ആണ്‍കുട്ടിക്ക് 21 വയസും പെണ്‍കുട്ടിക്ക് 18 വയസും പൂര്‍ത്തിയായിരിക്കണം. ക്രിസ്ത്യന്‍ വിവാഹ നിയമ പ്രകാരവും ഇതു തന്നെയാണ് നിയമം. അതുകൊണ്ട് തന്നെ പെണ്‍കുട്ടികളുടെ വിവാഹപ്രായം 21 വയസ് ആക്കി ഉയര്‍ത്തുന്നതിലൂടെ സമൂഹത്തില്‍ കൂടുതല്‍ അവസരങ്ങള്‍ അവര്‍ക്ക് വന്നു ചേരുമെന്ന് പ്രധാനമന്ത്രി കൂട്ടിച്ചേര്‍ത്തു.
ഇന്ത്യ ചെറുപ്പമാണ്, ഇന്ത്യയുടെ മനസ്സും ചെറുപ്പമാണ്. ഈ യുവതയ്ക്ക് കഠിനാദ്ധ്വാനത്തിനുള്ള കഴിവുണ്ട്, ഭാവിയെക്കുറിച്ച് വ്യക്തതയുമുണ്ട്. അതുകൊണ്ടാണ് ഇന്ത്യ ഇന്ന് പറയുന്നത് നാളെയുടെ ശബ്ദമായി ലോകം കണക്കാക്കുന്നത്. ഇന്നത്തെ യുവതലമുറയ്ക്ക് ‘ചെയ്യാന്‍ കഴിയും’ എന്ന ആത്മവിശ്വാസമുണ്ട്. ആവശ്യമായ സമയത്തെല്ലാം രാജ്യത്തെ നയിക്കാന്‍ യുവാക്കള്‍ മുന്നോട്ടുവന്നിട്ടുണ്ട്. ആദിശങ്കരാചാര്യര്‍, സ്വാമി വിവേകാനന്ദന്, ഭഗത് സിങ്, ചന്ദ്രശേഖര്‍ ആസാദ്, നേതാജി സുഭാഷ് ചന്ദ്രബോസ്, അരബിന്ദോ, സുബ്രഹ്മണ്യഭാരതി എന്നിവരെല്ലാം രാജ്യത്തെ നയിക്കാനുദിച്ച യുവാക്കളാണ്.
ഇന്ത്യന്‍ യുവത ആഗോള സമൃദ്ധിയുടെ നിയമാവലി രചിക്കുകയാണ്. ഒളിമ്പിക്സിലും പാരാലിമ്പിക്സിലും വാക്സിനേഷന് ഡ്രൈവിലും യുവാക്കളുടെ പങ്കാളിത്തവും പ്രകടനവും വിജയിക്കാനുള്ള ഇച്ഛയുടെയും ഉത്തരവാദിത്തബോധത്തിന്റെയും തെളിവാണ്. മത്സരിക്കുക കീഴടക്കുക. ഇടപെടുക വിജയിക്കുക. ഒന്നിക്കുക യുദ്ധം ജയിക്കു ക എന്നതാണ് നവ ഇന്ത്യയുടെ മന്ത്രമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
എന്റെ സ്വപ്നത്തിലെ ഇന്ത്യ, ഇന്ത്യന്‍ സ്വാതന്ത്ര്യസമരത്തിലെ അറിയപ്പെടാത്ത നായകന്മാര് എന്നീ വിഷയങ്ങളില്‍ തെരഞ്ഞെടുത്ത ഉപന്യാസങ്ങളുടെ പ്രകാശനം അദ്ദേഹം നിര്‍വ്വഹിച്ചു. എംഎസ്എംഇ ടെക്നോളജി സെന്റര്‍, പെരുന്തലൈവര്‍ കാമരാജര്‍ മണിമണ്ഡപം എന്നിവ അദ്ദേഹം ഉദ്ഘാടനം ചെയ്തു. കേന്ദ്രമന്ത്രിമാരായ അനുരാഗ് സിങ് താക്കൂര്‍, നാരായണ്‍ റാണെ, ഭാനുപ്രതാപ് സിങ് വര്‍മ്മ, നിസിത് പ്രമാണിക്, ഗവര്‍ണര്‍ ഡോ. തമിഴിസൈ സൗന്ദരരാജന്, പുതുച്ചേരി മുഖ്യമന്ത്രി എന്‍. രംഗസ്വാമി, സംസ്ഥാന മന്ത്രിമാര്‍, പാര്‍ലമെന്റംഗങ്ങള്‍ എന്നിവരും ചടങ്ങില്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: