ഒറ്റപ്പാലം: നിരവധി കുടുംബങ്ങളെ പെരുവഴിയിലേക്ക് ഇറക്കിവിടുന്ന നിര്‍ദ്ദിഷ്ട ഒറ്റപ്പാലം ബൈപ്പാസ് പദ്ധതി നിര്‍ത്തിവെയ്ക്കണമെന്ന് ബൈപ്പാസ് സംയുക്ത സമരസമിതിയായ ഒറ്റപ്പാലം ജനകീയ സമിതി ഭാരവാഹികള്‍ പത്രസമ്മേളനത്തില്‍ ആവശ്യപ്പെട്ടു.
ചെറിയ വാഹനങ്ങള്‍ സഞ്ചരിക്കുന്ന വിധത്തില്‍ പാലാട്ട് റോഡ് മുതല്‍ കിഴക്കേ ഒറ്റപ്പാലം വരെയുള്ള നിലവിലെ സ്ഥലം ഉപയോഗപ്പെടുത്തി കാക്കത്തോട് പാലം നിര്‍മിക്കുന്നതിന് പ്രദേശവാസികള്‍ക്ക് അനുകൂല നിലപാടാണുള്ളത്. സെന്‍ഗുപ്ത റോഡിലെ 25ഉം പാലാട്ട് റോഡിലെ 45ഉം ഈസ്റ്റ് ഒറ്റപ്പാലം വടക്കേപാതയിലെ 70ഉം കുടുംബങ്ങളടക്കം 140 കുടുംബങ്ങളെയാണ് പദ്ധതി നേരിട്ട് ബാധിക്കുന്നത്. കൂടാതെ നിരവധി കുടുംബങ്ങളെ ഭാഗികമായും ബാധിക്കും.
പദ്ധതിക്ക് 80 കോടി രൂപയാണ് ചെലവ് കണക്കാക്കിയിട്ടുള്ളത്. നിര്‍ദ്ദിഷ്ട പദ്ധതി സര്‍ക്കാറിന് ഭീമമായ സാമ്പത്തിക നഷ്ടം ഉണ്ടാക്കുന്നതും നാടിനും ജനങ്ങള്‍ക്കും ഉപകാരപ്രദമല്ലാത്തതുമാണ്.
റെയില്‍വേ സ്റ്റേഷന് വഴി മാര്‍ക്കറ്റിങ് ഷോപ്പിങ് കോംപ്ലക്സിന് സമീപത്തെത്തുന്ന വിധത്തില്‍ 2019ല്‍ സബ് കളക്ടര്‍ ബൈപാസിനായി റിപ്പോര്‍ട്ട് നല്‍കിയിരുന്നു. ഇതിന് ഏകദേശം 12 കോടിയോളം ചെലവ് വരും. പാലക്കാട് – കുളപ്പുള്ളി പാതയില്‍ കിഴക്കേ ഒറ്റപ്പാലം മുതല്‍ കണ്ണിയംപുറം പാലം വരെയുള്ള സര്‍ക്കാര്‍ കണ്ടെത്തിയ കൈയേറ്റങ്ങള്‍ ഒഴിപ്പിച്ച് ആ സ്ഥലങ്ങള്‍ ഉപയോഗപ്പെടുത്തുകയും ചെയ്താല്‍ ബൈപാസിനേക്കാള്‍ ഉപയോഗപ്രദമാകും.
പദ്ധതി നിര്‍ത്തിവെക്കണമെന്നാവശ്യപ്പെട്ട് ഇന്ന് നഗരത്തില്‍ ടിബി റോഡ് കവലയില്‍ പ്രതിഷേധ സമരം നടക്കുമെന്ന് ഭാരവാഹികള്‍ വാര്‍ത്ത സമ്മേളനത്തില്‍ അറിയിച്ചു. പരിസ്ഥിതി പ്രവര്ത്തകന് സി.ആര്. നീലകണ്ഠന് ഉദ്ഘാടനം ചെയ്തു. ചെയര്മാന് കേണല്‍ ടി. രാംകുമാര്‍, കണ്‍വീനര്‍ പി.എം.എ. ജലീല്‍, എസ്. സോമന് പിള്ള, പി.എന്‍. ജയശങ്കര്‍ പത്രസമ്മേളനത്തില്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: