കല്‍പ്പറ്റ : ടിപി കേസ് പ്രതി കിര്‍മാണി മനോജ് പിടിയിലായ വയനാട് റിസോര്‍ട്ടില്‍ നടത്തിയ ലഹരിമരുന്ന് പാര്‍ട്ടിയുമായി ബന്ധപ്പെട്ട അന്വേഷണം ക്വട്ടേഷന്‍ സംഘങ്ങളിലേക്ക്. കൊച്ചി കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന ക്വട്ടേഷന്‍ സംഘത്തലവനും ലഹരി മരുന്ന പാര്‍ട്ടിയില്‍ പങ്കെടുക്കാനായി റിസോര്‍ട്ടില്‍ വന്നതായി സൂചനയുണ്ട്. ഗുണ്ടാ ക്വട്ടേഷന്‍ സംഘങ്ങള്‍ ലഹരി പാര്‍ട്ടിയില്‍ പങ്കെടുത്തെന്ന സംശയത്തില്‍ അന്വേഷണം കടുപ്പിക്കും.
ഗോവയിലെ ഗുണ്ടാനേതാവ് കമ്പളക്കാട് മുഹ്സിന്റെ വിവാഹ വാര്‍ഷിക ആഘോഷവുമായി ബന്ധപ്പെട്ടാണ് വയനാട് റിസോര്‍ട്ടില്‍ പാര്‍ട്ടി സംഘടിപ്പിച്ചത്. ലഹരി പാര്‍ട്ടിയെ കുറിച്ച് പോലീസിന് രഹസ്യ വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തില്‍ നടത്തിയ തെരച്ചിലിലാണ് സിപിഎം നേതാവ് കിര്‍മാണി മനോജ് ഉള്‍പ്പടെ 16 പേര് പിടിയിലായത്.
പാര്‍ട്ടി സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ക്കായി റിസോര്‍ട്ടിലെ സിസിടിവി ദൃശ്യങ്ങളും പിടിയിലായ പ്രതികളുടെ ഫോണ്‍ കോള്‍ വിവരങ്ങളും പോലീസ് വിശദമായി പരിശോധിക്കും. റിസോര്‍ട്ടിലെത്തിയ ലഹരിമരുന്നിന്റെ ഉറവിടവും കണ്ടെത്തേണ്ടതുണ്ട്. ഇത് കൂടാതെ പോലീസ് തെരച്ചിലിനിടെ കുറച്ചുപേര്‍ ഓടി രക്ഷപ്പെട്ടിരുന്നു. ഇവരെ കുറിച്ചും അന്വേഷിക്കുന്നുണ്ട്.
അതേസമയം കേരളത്തില്‍ സമീപകാലത്ത് നടന്ന ഗുണ്ടാ ആക്രമണ പരാതികളില്‍ പിടിയിലായ പ്രതികള്‍ക്ക് ഇതില്‍ പങ്കെടുത്തിട്ടുണ്ടോയെന്നും അന്വേഷിക്കും. ലഹരിമരുന്ന് പാര്‍ട്ടിക്ക് പിന്നില്‍ മറ്റ് അജന്‍ഡകള്‍ ഉണ്ടോയെന്ന് പരിശോധിക്കും. കൂടാതെ ജില്ലയില്‍ രാത്രികാല പട്രോളിങ്ങ് കര്‍ശനമാക്കാനാണ് ജില്ല പോലീസ് മേധാവി നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: