കോഴിക്കോട് : സില്‍വര്‍ ലൈന്‍ പദ്ധതിക്കായി സ്ഥലം ഏറ്റെടുക്കുന്നതില്‍ സംസ്ഥാന സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനവുമായി സിപിഎം കോഴിക്കോട് ജില്ലാ സമ്മേളനം. ദേശീയപാതയ്ക്ക് വേണ്ടി സ്ഥലം ഏറ്റെടുക്കുന്നതില്‍ തന്നെ സംസ്ഥാനത്ത് പല പ്രശ്നങ്ങളും നിലനില്‍ക്കുന്നുണ്ട്. ഈ സാഹചര്യങ്ങളില്‍ കെ റെയിലിനായി സംസ്ഥാനത്ത് സ്ഥലം ഏറ്റെടുക്കേണ്ടി വരുന്നതിലാണ് വിമര്‍ശനം ഉയര്‍ന്നിരിക്കുന്നത്.
ഇത് കൂടാതെ അലന് ശുഹൈബ്, താഹ എന്നിവര്‍ക്കെതിരെ യുഎപിഎ കുറ്റം ചുമത്തിയ സംഭവത്തിലും ജില്ലാ കമ്മിറ്റി വിമര്‍ശനങ്ങള്‍ ഉയര്‍ത്തി. പാര്‍ട്ടി പ്രവര്‍ത്തകരെ ചെയ്യാത്ത കുറ്റത്തിന് പ്രതി ചേര്‍ക്കുന്ന സാഹചര്യമുണ്ട്. സഖാക്കള്‍ ഉന്നയിക്കുന്ന ന്യായമായ വിഷയങ്ങളില്‍ പോലും പോലീസ് അനീതിയാണ് കാണിക്കുന്നത്.
യുഎപിഎ ചുമത്തുന്നതില്‍ സംസ്ഥാനത്തിന്റേത് ദേശീയ നയം തന്നെയാണോയെന്നും കോഴിക്കോട് നോര്‍ത്തില്‍ നിന്നുള്ള പ്രതിനിധി വിമര്‍ശനം ഉയര്‍ത്തി. അലനും താഹയ്ക്കുമെതിരെ യുഎപിഎ ചുമത്താനും മറ്റും എന്ത് കുറ്റമാണ് അവര്‍ ചെയ്തിട്ടുള്ളതെന്നും പാര്‍ട്ടി കമ്മിറ്റിയില്‍ ചോദ്യം ഉയര്‍ന്നു.
2016-ല്‍ കുറ്റ്യാടിയില്‍ പാര്‍ട്ടി പരാജയപ്പെട്ടതില്‍ അന്ന് ശക്തമായ നടപടി എടുക്കാതിരുന്നത് പിന്നീട് അവിടെയുണ്ടായ പ്രതിഷേധങ്ങള്‍ക്ക് കാരണമായി. കുറ്റ്യാടിയിലും വടകരയിലും പാര്‍ട്ടിയില്‍ ഗുരുതരപ്രശ്നങ്ങളുണ്ടെന്ന് സമ്മേളനത്തില്‍ വിമശനം ഉയര്‍ന്നു. തെരഞ്ഞെടുപ്പില്‍ വടകരയിലെ പാര്‍ട്ടി നല്കിയ വോട്ടുകണക്കുകള്‍ എല്ലാം തെറ്റിയെന്നും വിമര്‍ശനം ഉയര്‍ന്നിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: