കോഴിക്കോട്: മുല്ലപ്പെരിയാര്‍ അണക്കെട്ട് കേരളത്തിന് ഭീഷണിയാണെന്നു പറയുന്ന പിണറായി സര്‍ക്കാരിന്റെ സില്‍വര്‍ലൈന്‍ പദ്ധതി, കേരളത്തിന് നെടുകെ കൂറ്റന്‍ അണക്കെട്ട് നിര്‍മിക്കുന്നതിന് തുല്യമാകും. മൂന്ന് ജില്ലയ്‌ക്കാണ് മുല്ലപ്പെരിയാര്‍ ഭീഷണിയെങ്കില്‍ മുഴുവന്‍ കേരളത്തിനും ദുരിതമാകും സില്‍വര്‍ലൈന്‍ എന്ന് വിമര്‍ശകര്‍ ചൂണ്ടിക്കാണിക്കുന്നു. ഗതാഗതത്തിന് ചെലവു കുറഞ്ഞ ബദല്‍ നിര്‍ദ്ദേശങ്ങളും ഇവര്‍ അവതരിപ്പിക്കുന്നുണ്ട്.
കേരളത്തിനാകെ വെള്ളക്കെട്ടും പ്രതിവര്‍ഷം ഒന്നോ രണ്ടോ പ്രളയക്കെടുതിയും വരുത്തുന്നതാവും പദ്ധതിയെന്ന് മെട്രോമാന്‍ ഇ. ശ്രീധരന്‍ പങ്കുവയ്‌ക്കുന്ന ആശങ്ക പരിസ്ഥിതി പ്രവര്‍ത്തകരും സാമൂഹ്യപ്രവര്‍ത്തകരും ശരിവയ്‌ക്കുന്നു. കുട്ടനാട്ടില്‍ നിര്‍മിച്ച ആലപ്പുഴ-ചങ്ങനാശ്ശേരി റോഡും കുട്ടനാട്ടിലൂടെ കടന്നുപോകുന്ന തീരദേശ റെയില്‍പാതയും കഴിഞ്ഞ രണ്ട് പ്രളയങ്ങള്‍ക്കും കാരണമായതായി സര്‍ക്കാര്‍ തന്നെ സമ്മതിച്ചു. തുടര്‍ന്നാണ് എം-സി റോഡിനിരുവശവും വെള്ളമൊഴുകാന്‍ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ തുടങ്ങിയത്. ഇത് ഒരു പാഠമായി കാണാത്ത സര്‍ക്കാര്‍ നടപടിയെയാണ് പരിസ്ഥിതി പ്രവര്‍ത്തകര്‍ കുറ്റപ്പെടുത്തുന്നത്.
”വെള്ളക്കെട്ട് ഉറപ്പാണ്. പാത നിലത്തൂടെയാണ് പോകുന്നതെങ്കില്‍ ഇരുവശത്തും കൂറ്റന്‍ ഭിത്തി നിര്‍മിക്കേണ്ടിവരും. മനുഷ്യനും മൃഗങ്ങള്‍ക്കും പോലും മുറിച്ചുകടക്കാനാവാത്തവിധം സുരക്ഷാഭിത്തി കെട്ടണം. ഇത് വന്‍തോതില്‍ മഴവെള്ളമൊഴുക്ക് തടയും. മഴവെള്ളം ഒഴുകിപ്പോകാനുള്ള സംവിധാനങ്ങള്‍ അടയും. ഓരോ അരക്കിലോമീറ്ററും അടിപ്പാതയും വെള്ളമൊഴുകാന്‍ സൗകര്യവുമൊരുക്കുമെന്ന മുഖ്യമന്ത്രിയുടെ വാദമൊക്കെ വെറും പറച്ചിലാണ്,” ഇ. ശ്രീധരന്‍ പറയുന്നു.
കൊച്ചി മെട്രോയുടെ നിര്‍മാണം തൂണുകളിലായിട്ടുപോലും റോഡിനിരുവശത്തും വന്ന തടസങ്ങള്‍ വെള്ളക്കെട്ടിനു കാരണമായി. ഓടകളും അഴുക്കുചാലുകളും വലുതാക്കുകയും വൃത്തിയാക്കുകയും ചെയ്യേണ്ട ചുമതല കൊച്ചി കോര്‍പ്പറേഷന്‍ നിര്‍വഹിക്കാഞ്ഞതിനാലാണ് വെള്ളക്കെട്ടുണ്ടായത്. അതിനേക്കാള്‍ വലിയ പ്രശ്നങ്ങളായിരിക്കും സില്‍വര്‍ ലൈന്‍ സംരക്ഷണഭിത്തിയുണ്ടാക്കുക. അണക്കെട്ടുപോലെ അപകടകരമായ സ്ഥിതിയും ഇതുണ്ടാക്കും.
എന്നാല്‍, എലിവേറ്റഡ് (തൂണിലൂടെ) ആയോ തുരങ്കമാര്‍ഗമോ സ്വീകരിച്ചാല്‍ ഈ പ്രശ്നം ഒഴിവാക്കാമെന്നാണ് ഒരു ബദല്‍ നിര്‍ദ്ദേശം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: