കൊല്ലം: രാഷ്ട്രീയ പാര്‍ട്ടിയുടെ പ്രവര്ത്തകന് ചോദിച്ച സംഭാവന നല്‍കാത്തതിന് തന്നെ മാനസികമായി ബുദ്ധിമുട്ടിക്കുകയാണെന്ന സ്ത്രീ സംരംഭകയുടെ പരാതിയില്‍ നടപടി സ്വീകരിക്കണമെന്ന് സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്.
പൂയപ്പള്ളി പോലീസ് സ്റ്റേഷന് ഹൗസ് ഓഫീസര്‍ക്കാണ് കമ്മീഷന് അംഗം വി.കെ. ബീനാകുമാരി നിര്‍ദ്ദേശം നല്‍കിയത്. പരാതിയുണ്ടെങ്കില്‍ പരാതിക്കാരിക്ക് വീണ്ടും കമ്മീഷനെ സമീപിക്കാമെന്ന് ഉത്തരവില്‍ പയുന്നു. തേവനൂര്‍ സ്വദേശിനി സമര്‍പ്പിച്ച പരാതിയിലാണ് നടപടി. കേബിള്‍ ടിവി സംരംഭകയാണ്.
കൊല്ലം റൂറല്‍ ജില്ലാപോലീസ് മേധാവിയില്‍ നിന്നും കമ്മീഷന് റിപ്പോര്‍ട്ട് വാങ്ങി. പരാതിയില്‍ പറയുന്ന കാര്യങ്ങള്‍ സത്യമാണെന്നും പൂയപ്പള്ളി പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. തുടര്‍ന്ന് കൊട്ടാരക്കരയില്‍ നടന്ന കമ്മീഷന് സിറ്റിംഗില്‍ ഹാജരായ പരാതിക്കാരി തനിക്കെതിരെ എതിര്‍കക്ഷി സമൂഹമാധ്യമങ്ങളില്‍ വ്യാജ പ്രചാരണം നടത്തുകയും ഉപദ്രവങ്ങള്‍ തുടരുകയും ചെയ്യുന്നതായി അറിയിച്ചു. ഇതിന്റെ അടിസ്ഥാനത്തില്‍ പൂയപ്പള്ളി പോലീസ് ഇന്‍സ്പെക്ടറില്‍ നിന്നും കമ്മീഷന് റിപ്പോര്‍ട്ട് ആവശ്യപ്പെട്ടു.
കോടതിയില്‍ സിസി 551/21 നമ്പറായി ചാര്‍ജ്ജ് ഷീറ്റ് സമര്‍പ്പിച്ചിട്ടുണ്ടെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. കോടതിയില്‍ വിചാരണയിലിരിക്കുന്ന വിഷയമായതിനാല്‍ കമ്മീഷന് ഇടപെടാന്‍ പരിമിതിയുണ്ടെന്ന് ഉത്തരവില്‍ പറയുന്നു. സ്ത്രീ എന്ന നിലയിലും സംരംഭക എന്ന നിലയിലും പരാതിക്കാരിക്ക് ബുദ്ധിമുട്ടുണ്ടാകരുതെന്ന് കമ്മീഷന് ആവശ്യപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: