മങ്കൊമ്പ്: എസി റോഡ് വികസനത്തിന്റെ ഭാഗമായി നിര്‍മാണത്തിനു പദ്ധതിയിട്ടിരിക്കുന്ന ഏഴു സെമി എലിവേറ്റഡ് പാലങ്ങള്‍ നിര്‍മിക്കാനുള്ള തീരുമാനം കെഎസ്ടിപി അംഗീകരിച്ചിട്ടുണ്ടെങ്കിലും അവയുടെ രൂപകല്പന സംബന്ധിച്ച് അനിശ്ചിതത്വം തുടരുന്നു. ഒന്നാംകരയ്ക്കും മങ്കൊമ്പ് ജങ്ഷനുമിടയില്‍ 370 മീറ്റര്‍, മങ്കൊമ്പ കള്‍വര്‍ട്ടിനു സമീപം 440 മീറ്റര്‍, തെക്കേക്കരയില്‍ 240 മീറ്റര്‍, ജ്യോതി ജങ്ഷനും പാറശേരിക്കുമിടയില് 260 മീറ്റര്‍, പൊങ്ങയ്ക്കും പണ്ടാരക്കളത്തിനുമിടയില്‍ 485 മീറ്ററും ഉള്‍പ്പെടെ 1.785 കിലോമീറ്റര്‍ ദൂരത്തില്‍ സെമി എലിവേറ്റഡ് പാലങ്ങള്‍ നിര്‍മിക്കാനാണ് കരാര്‍ കമ്പനിയും കെഎസ്ടിപിയും തീരുമാനമെടുത്തിട്ടുള്ളത്.
കഴിഞ്ഞ വര്‍ഷങ്ങളില്‍ കനത്ത വെള്ളക്കെട്ടുണ്ടായ പള്ളിക്കൂട്ടുമ്മയ്ക്കും ഒന്നാംകരയ്ക്കുമിടയിലും സെമിഎലിവേറ്റഡ് പാലം പരിഗണനയിലുണ്ട്. ഈ മേല്‍പാലങ്ങള്‍ക്കു സമീപം ആവശ്യമായ വീതിയില്‍ സര്‍വീസ് റോഡുകള്‍ നല്‍കിയിട്ടില്ലെന്നും അംഗീകൃത മേല്‍പ്പാലങ്ങള്‍ക്കുള്ള ഗ്രൗണ്ട് ക്ലിയറന്‍സ് ഇല്ലെന്നും ഭാവിയില്‍ എലിവേറ്റഡ് ഹൈവേ നിര്‍മിക്കേണ്ടി വരുമ്പോള്‍ സെമി എലിവേറ്റഡ് മേല്പാലങ്ങള് പൊളിച്ചുമാറ്റേണ്ടി വരുമെന്നുമുള്ള വാദങ്ങള്‍ പരാതിക്കാര്‍ ഹൈക്കോടതിയില്‍ ഉന്നയിച്ചിരുന്നു. ഈ പാലങ്ങള്‍ സംബന്ധിച്ച രൂപരേഖയായിട്ടില്ലെന്നാണ് നിര്‍മാണ കരാര്‍ കമ്പനി ഹൈക്കോടതിയില്‍ നല്‍കിയിട്ടുള്ള സത്യവാങ്മൂലത്തില്‍ പറയുന്നത്.
സെമി എലിവേറ്റഡ് മേല്പ്പാലങ്ങള്ക്കടിയില് നാലര മീറ്റര്‍ ഗ്രൗണ്ട് ക്ലിയറന്‍സ് നല്കാന് കരാറുകാര്‍ ആലോചന നടത്തുന്നുണ്ട്. എന്നാല്‍ ആറുമീറ്റര്‍ ക്ലിയറന്‍സ് എങ്കിലും ഉണ്ടെങ്കിലേ ഈ പാലത്തിനടിയിലൂടെ വാഹനങ്ങള്‍ക്ക് സഞ്ചരിക്കാനാകൂ എന്നാണ് നിര്‍മാണ രംഗത്തെ വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നത്.
അതേസമയം പക്കി, പൊങ്ങ, പാറശേരി, മാധവശേരി പാലങ്ങള്‍ നിര്‍മാണം പൂര്‍ത്തിയാക്കി വാഹന സഞ്ചാരത്തിനായി തുറന്നുകൊടുത്തിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: