പത്തനംതിട്ട: ജില്ലയിലെ ഏറെ സാധ്യതകളുള്ള ടൂറിസം കേന്ദ്രങ്ങളിലൊന്നായി വികസിപ്പിക്കാന്‍ പദ്ധതിയിട്ട അരുവിക്കുഴിയില്‍ മുടക്കിയ ലക്ഷങ്ങള്‍ പാഴായി. തോട്ടപ്പുഴശേരി ഗ്രാമപഞ്ചായത്തിലെ അരുവിക്കുഴി വെള്ളച്ചാട്ടവും പരിസരപ്രദേശവും ചേര്‍ത്ത് നടപ്പിലാക്കിയ നിരവധി പദ്ധതികളാണ് ഇന്നിപ്പോള്‍ കാടുമൂടിയിരിക്കുന്നത്.
ജില്ലാ ടൂറിസം പ്രമോഷന്‍ കൗണ്‍സിലിന്റെ അഭിമാനപദ്ധതികളായിരുന്നു ഇവയെല്ലാം. പദ്ധതി പ്രദേശത്തു 20 ലക്ഷം രൂപയോളം ചെലവഴിച്ചു പൂര്‍ത്തീകരിച്ച ടൂറിസം അമിനിറ്റി സെന്റര്‍ കെട്ടിടം മദ്യപരുടെ താവളമായി മാറി. 2006ല്‍ അന്ന് ടൂറിസം വകുപ്പിന്റെ ചുമതല കൂടി ഉണ്ടായിരുന്ന മന്ത്രി കോടിയേരി ബാലകൃഷ്ണനാണ് കെട്ടിടം ഉദ്ഘാടനം ചെയ്തത്. വ്യൂ പോയിന്റ് അടക്കമുള്ള അമിനിറ്റി സെന്ററില്‍ ഓഫീസ് സൗകര്യം, മുറികള്‍ എന്നിവയെല്ലാം ഉണ്ടായിരുന്നു. ഉദ്ഘാടനത്തിനുശേഷം ഇവിടേക്ക് ടൂറിസം വകുപ്പില്‍ നിന്നാരും തിരിഞ്ഞു നോക്കിയില്ലെന്ന് നാട്ടുകാര്‍ പറയുന്നു. കെട്ടിടത്തിന്റെ ജനലുകളും കതകുകളും വയറിംഗ്, പ്ലംബിംഗ് സാമഗ്രികളുമല്ലാം നഷ്ടപ്പെട്ടു.ആര്‍ക്കും എപ്പോഴും കയറിയിറങ്ങാവുന്ന സ്ഥിതിയിലാണ് കെട്ടിടം.
ഗ്രാമപഞ്ചായത്തിനുകൂടി ഉത്തരവാദിത്തമുള്ള പ്രാദേശിക ടൂറിസം പദ്ധതിയാണ് അരുവിക്കുഴിയില്‍ ആസൂത്രണം ചെയ്തിരുന്നത്. അമിനിറ്റി സെന്റര്‍ പൂര്‍ത്തീകരിച്ചതിനു പിന്നാലെ ഇത് കരാര്‍ നല്‍്കിയിരുന്നു. എന്നാല്‍ പഞ്ചായത്തിനു തുടര്‍ പദ്ധതിയുണ്ടായില്ല. അരുവിക്കുഴി തോട്ടില്‍ വര്‍ഷത്തിലേറെ ഏറെക്കാലത്തും നല്ല ഒഴുക്കാണ്. പാറക്കെട്ടുകളില്‍ തട്ടിയുള്ള വെള്ളത്തിന്റെ ഒഴുക്ക്് അതിമനോഹരമാണ്. ഇത് ആസ്വദിക്കാന്‍ ആളുകള്‍ ഏറെ എത്താറുണ്ട്. സൗകര്യങ്ങളില്ലെങ്കിലും സഞ്ചാരികള്‍ ഇപ്പോഴും അരുവിക്കുഴിയില്‍ എത്തുന്നുണ്ട്. ഇക്കഴിഞ്ഞ വര്‍ഷം ശക്തമായ മഴയുണ്ടായിരുന്നതിനാല്‍ കഴിഞ്ഞമാസം വരെയും സഞ്ചാരികളുടെ ഒഴുക്കായിരുന്നുവെന്ന് നാട്ടുകാര്‍ പറഞ്ഞു. എന്നാല്‍ ഇന്നിപ്പോള്‍ അരുവിക്കുഴി തോട്ടിലേക്ക് ഇറങ്ങുന്നത് സാഹസികമാണ്.
വഴികള്‍ കാടുകയറി കിടക്കുകയാണ്. ഇഴജന്തുക്കളുടെ ശല്യവുമുണ്ട്. തോട്ടിലേക്ക് ഇറങ്ങാനുള്ള സൗകര്യങ്ങളില്ല. ഇതുകാരണം പുറമേനിന്നുള്ളവര്‍ സ്വയം വെട്ടിത്തെളിക്കുന്ന വഴിയിലൂടെ ഇറങ്ങുന്നത് അപകട സാധ്യതയും ഉയര്‍ത്തുന്നു. പാറക്കെട്ടിലൂടെ ഇറങ്ങുമ്പോള്‍ തെന്നിവീഴാനുള്ള സാധ്യതയുണ്ട്. അടിസ്ഥാന സൗകര്യങ്ങള്‍ നല്‍കി നിലവിലെ അമിനിറ്റി സെന്റര്‍ പുനരുദ്ധരിച്ചാല്‍ അരുവിക്കുഴി ടൂറിസം കേന്ദ്രമായി മാറ്റാനാകുമെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: