ഹൈദരാബാദ്: മൂന്ന് ദിവസം മുന്‍പ് കരിംനഗറിലുള്ള തന്റെ ഓഫീസില്‍ നിന്നും അറസ്റ്റ് ചെയ്യപ്പെട്ട തെലുങ്കാന ബിജെപി സംസ്ഥാനപ്രസിഡന്റ് ബണ്ടി സഞ്ജയ്കുമാറിന് ജാമ്യം നല്കാന് തെലുങ്കാന ഹൈക്കോടതി ബുധനാഴ്ച ഉത്തരവായി. തെലുങ്കാനയിലുടനീളം ബിജെപി പ്രവര്‍ത്തകരുടെ ശക്തമായ പ്രതിഷേധം നടക്കുന്നതിനിടെയാണ് ഹൈക്കോടതി ജാമ്യം നല്‍കിയത്.
നേരത്തെ തെലുങ്കാന പൊലീസില്‍ 14 ദിവസം ബണ്ടി സഞ്ജയ് കുമാറിനെ കസ്റ്റഡിയില്‍ വെയ്ക്കാന്‍ ഉത്തരവിട്ടിരുന്നു. കഴിഞ്ഞ ദിവസം പ്രതിഷേധത്തിന്റെ ഭാഗമായി തെലുങ്കാനയിലെത്തിയ ബിജെപി ദേശീയ പ്രസിഡന്റ് ജെ.പി. നദ്ദ കെ. ചന്ദ്രശേഖരറാവു സര്‍ക്കാരിനെ താഴെയിറക്കുമെന്ന് പ്രഖ്യാപിച്ചിരുന്നു.
മുഖ്യമന്ത്രി കെ. ചന്ദ്രശേഖരറാവുവിന്റെ നിര്‍ദേശപ്രകാരമാണ് ബിജെപി സംസ്ഥാന പ്രസിഡന്റ് ബണ്ടി സഞ്ജയ്കുമാറിനെ ഞായറാഴ്ച അര്‍ദ്ധരാത്രി അദ്ദേഹത്തിന്റെ കരിംനഗറിലുള്ള ആഫീസില്‍ നിന്നും പൊലീസ് ബലംപ്രയോഗിച്ച് അറസ്റ്റ് ചെയ്തത്. കെസിആര്‍ സര്‍ക്കാര്‍ കൊണ്ടുവന്ന സ്ഥലംമാറ്റം സംബന്ധിച്ച പുതിയ തീരുമാനത്തിനെതിരെ അധ്യാപകരും സംസ്ഥാന ജീവനക്കാരും നടത്തുന്ന സമരത്തിന് ബണ്ടി സഞ്ജയ്കുമാര്‍ ഐക്യദാര്‍ഡ്യം പ്രഖ്യാപിച്ചതോടെയാണ് അദ്ദേഹംത്തെ അറസ്റ്റ് ചെയ്തത്.
ബണ്ടി സഞ്ജയ്കുമാറിനെ കാണാനായി പുറപ്പെടാനിരുന്ന ബിജെപിയുടെ ഹുസൂറബാദ് എംഎല്‍എ എടേല രാജേന്ദറിനെയും മറ്റ് രണ്ട് എംഎല്‍എമാരെയും തെലുങ്കാന പൊലീസ് തൊട്ടുപിന്നാലെ വീട്ടുതടങ്കലിലാക്കി. എന്നാല്‍ പിന്നീട് തെലുങ്കാന കണ്ടത് ബിജെപിയുടെ ശക്തമായ പ്രതിഷേധക്കൊടുങ്കാറ്റായിരുന്നു.
കേന്ദ്ര ടൂറിസം മന്ത്രി ജി. കിഷന് റെഡ്ഡി കരിംനഗറിലെ ജയിലില്‍ കഴിഞ്ഞ ദിവസം ബണ്ടി സഞ്ജയ്കുമാറിനെ സന്ദര്‍ശിച്ചിരുന്നു. എന്തായാലും അധ്യാപകരും സംസ്ഥാനജീവനക്കാരും മുന്നോട്ട് വെച്ച മുഴുവന്‍ ആവശ്യങ്ങളും കെസിആര്‍ അംഗീകരിക്കണമെന്ന ശക്തമായ നിലപാടിലാണ് ഇപ്പോള്‍ ബിജെപി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: