രണ്ടാം പിണറായി സര്‍ക്കാര്‍ അധികാരമേറ്റ ശേഷം പോലീസ് അതിക്രമങ്ങളില്ലാത്ത ഒരൊറ്റ ദിവസം പോലും കടന്നുപോയിട്ടില്ലെന്നു പറയുന്നത് ഒട്ടും അതിശയോക്തിയാവില്ല. മാവേലി എക്സ്പ്രസില്‍ ടിക്കറ്റില്ലാതെ യാത്ര ചെയ്തു എന്നതിന്റെ പേരില്‍ ഒരാളെ പോലീസുദ്യോഗസ്ഥന് ക്രൂരമായി മര്‍ദ്ദിച്ച സംഭവവും ആലപ്പുഴ പുന്നപ്രയില്‍ കര്‍ഫ്യൂ ലംഘിച്ചെന്നാരോപിച്ച് മത്സ്യത്തൊഴിലാളിയായ യുവാവിനെ പോലീസ് മര്‍ദ്ദിച്ചതുമാണ് ഏറ്റവും പുതിയ സംഭവങ്ങള്‍. മാവേലി എക്സ്പ്രസ്സില്‍ പരിശോധനയ്ക്കെത്തിയ എഎസ്ഐ, ജനറല്‍ ടിക്കറ്റു മാത്രമുണ്ടായിരുന്ന ആളെ ബൂട്ടുകൊണ്ട് മൃഗീയമായി ചവിട്ടുകയായിരുന്നു. സഹയാത്രികരായ ആരോ ഒരാള്‍ പകര്‍ത്തിയ ഈ മര്‍ദ്ദനത്തിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നതോടെയാണ് സംഭവം വിവാദമായത്. മര്‍ദ്ദനമേറ്റ് അവശനായ ആ വ്യക്തിയെ വടകര സ്റ്റേഷനില്‍ ഇറക്കിവിടുകയായിരുന്നു. എന്നാല്‍ സംഭവത്തെക്കുറിച്ച് ചോദിച്ച വാര്‍ത്താചാനലുകളോട് താന്‍ ആരെയും മര്‍ദിച്ചിട്ടില്ല എന്നായിരുന്നു പോലീസ് ഉദ്യോഗസ്ഥന്റെ പ്രതികരണം!
സഹോദരിയെ ഭര്‍ത്താവിന്റെ വീട്ടിലാക്കി തിരിച്ചുവരുമ്പോഴാണ് പുന്നപ്രയില്‍ യുവാവിന് ക്രൂരമായ മര്‍ദ്ദനമേറ്റത്. ബലമായി പിടിച്ചുകൊണ്ടുപോയ ഇയാളെ ജീപ്പിലിട്ടും മര്‍ദിച്ചു. നടക്കാനോ പ്രാഥമിക കൃത്യങ്ങള്‍ നിര്‍വഹിക്കാനോ കഴിയാത്തവിധം യുവാവ് അവശനായിപ്പോയി. ഭീഷണിപ്പെടുത്തി മൊഴിമാറ്റിച്ച യുവാവിന്റെ മൊബൈല്‍ ഫോണ്‍ പിടിച്ചുവാങ്ങി നിലത്തെറിഞ്ഞ് പൊട്ടിച്ചതായും പരാതിയുണ്ട്. പതിവുപോലെ രണ്ടു സംഭവങ്ങളും മാധ്യമങ്ങള്‍ വലിയ ചര്‍ച്ചയാക്കി. ഇനി പേരിന് ഒരു അന്വേഷണം നടത്തുകയും, എന്തെങ്കിലുമൊക്കെ നടപടികള്‍ പോലീസുകാര്‍ക്കെതിരെ സ്വീകരിക്കുകയും ചെയ്യുമായിരിക്കും.
ഒറ്റപ്പെട്ട സംഭവം എന്നാണ് ട്രെയിനില്‍ വച്ച് ഒരാള്‍ക്ക് ക്രൂരമായ മര്‍ദ്ദനമേറ്റതിനെക്കുറിച്ച് സര്‍ക്കാരിന് പറയാനുള്ളത്. അടുത്തടുത്ത ദിവസങ്ങളില്‍ തന്നെ ഇത്തരം പോലീസ് അതിക്രമങ്ങള്‍ ഉണ്ടായപ്പോഴാണ് ഈ ന്യായീകരണമെന്നത് പ്രത്യേകം ശ്രദ്ധിക്കണം. തിരുവനന്തപുരത്ത് ഫോണ്‍ മോഷ്ടിച്ചു എന്നാരോപിച്ച് ഒരച്ഛനെയും മകളെയും പിങ്ക് പോലീസ് അവഹേളിച്ചത്, പിണറായി സര്‍ക്കാരിന് അധികാരത്തുടര്‍ച്ച ലഭിച്ചതിനുശേഷമാണ്. ഇതിനെത്തുടര്‍ന്നുള്ള ഓരോ മാസത്തിലും വിവിധ ജില്ലകളില്‍ നിരവധി പോലീസ് അതിക്രമങ്ങള്‍ അരങ്ങേറി. അപ്പോഴൊക്കെ ഒറ്റപ്പെട്ട സംഭവങ്ങളെന്നു പറഞ്ഞ് ലളിതവത്കരിക്കുകയാണ് ഭരിക്കുന്നവര്‍ ചെയ്തത്. സാധാരണക്കാര്‍ക്കും സമൂഹത്തിലെ ദുര്‍ബല വിഭാഗങ്ങളില്‍പ്പെടുന്നവര്‍ക്കും ഇങ്ങനെ മര്‍ദ്ദനമേല്‍ക്കേണ്ടിവരുന്നത് പിണറായി ഭരണത്തിലെ പൊതുപ്രവണതയാണ്. പോലീസിന്റെ ഈ അഴിഞ്ഞാട്ടത്തെക്കുറിച്ച് ആഭ്യന്തരവകുപ്പ് കയ്യാളുന്ന മുഖ്യമന്ത്രി പിണറായി വിജയന് പ്രത്യേകിച്ചൊന്നും പറയാനില്ല. അവയൊക്കെ തന്റെ പരിഗണനയില്‍ വരുന്നതോ പ്രതികരണം അര്‍ഹിക്കുന്നതോ ആയ പ്രശ്നങ്ങളല്ലെന്ന മനോഭാവമാണ് മുഖ്യമന്ത്രിക്ക്. തിരുവനന്തപുരത്ത് പിഞ്ചുബാലികയെ പിങ്ക് പോലീസ് അപമാനിച്ചത് വലിയ സംഭവമായി മാറുകയുണ്ടായി. പോലീസിന്റെ ഭീഷണിക്ക് വഴങ്ങാതെ പെണ്‍കുട്ടിയുടെ അച്ഛന് നിയമ നടപടിയുമായി മുന്നോട്ടുപോവുകയും കോടതി പോലീസിനെയും സര്‍ക്കാരിനെയും നിശിതമായി വിമര്‍ശിക്കുകയും ചെയ്തു. ഗത്യന്തരമില്ലാതെ വന്നപ്പോള്‍ പോലീസുകാരി മാപ്പുപറഞ്ഞെങ്കിലും പെണ്‍കുട്ടി അത് സ്വീകരിക്കാന്‍ തയ്യാറായില്ല. ഒടുവില്‍ സര്‍ക്കാര്‍ നഷ്ടപരിഹാരം കൊടുക്കണമെന്ന് കോടതി വിധിച്ചു. എന്നാല്‍ ഈ വിധി മറികടക്കാന്‍ എന്താണ് വഴിയെന്ന ആലോചനയിലാണ് സര്‍ക്കാര്‍.
പിങ്ക് പോലീസ് അവഹേളിച്ച കുട്ടിയോടൊ കുടുംബത്തോടൊ തെല്ലും അനുകമ്പ തോന്നാതിരുന്ന മുഖ്യമന്ത്രി, കോവളത്ത് പോലീസ് വിദേശ പൗരനെ തടഞ്ഞുനിര്‍ത്തി മദ്യം ഒഴുക്കിക്കളഞ്ഞ സംഭവത്തില്‍ ധാര്‍മികരോഷത്തോടെയാണ് പ്രതികരിച്ചത്. വാസ്തവത്തില്‍ ടൂറിസ്റ്റ് കേന്ദ്രങ്ങളിലേക്ക് മദ്യം കൊണ്ടുപോകാന്‍ പാടില്ലെന്ന നിയമം പാലിക്കണമെന്നു മാത്രമാണ് പോലീസ് പറഞ്ഞത്. ഈ പോലീസുകാര്‍ക്കെതിരെ മിന്നല്‍വേഗത്തിലായിരുന്നു അച്ചടക്ക നടപടി. പക്ഷേ പിഞ്ചുകുട്ടിയെ അവഹേളിച്ച പോലീസുകാരിയെ അവസാന നിമിഷം വരെ സംരക്ഷിച്ചു. സാധാരണ മനുഷ്യരോടുള്ള പുച്ഛവും സമ്പന്നരോടും സ്വാധീനമുള്ളവരോടുമുള്ള വിധേയത്വവുമാണ് സര്‍ക്കാരിന്റെയും പോലീസിന്റെയും നയമെന്നാണ് ഇതില്‍നിന്ന് മനസ്സിലാക്കേണ്ടത്. ആഭ്യന്തര വകുപ്പ് കയ്യാളുന്നതില്‍ അമ്പേ പരാജയമാണ് മുഖ്യമന്ത്രി പിണറായി വിജയന്. മോഷണം, ഗുണ്ടാ വിളയാട്ടം, കൊലപാതകങ്ങള്‍, കള്ളക്കടത്ത്, ലഹരിക്കടത്ത്, തട്ടിപ്പുകള്‍, ദേശവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ എന്നിവയൊക്കെ അരങ്ങുതകര്‍ക്കുകയാണ്. സാധാരണ പോലീസുകാര്‍ മുതല്‍ സമുന്നത പോലീസ് ഉദ്യോഗസ്ഥര്‍ വരെ ഇതിനൊക്കെ കൂട്ടുനില്‍ക്കുകയും ചെയ്യുന്നു. യഥാര്‍ത്ഥത്തില്‍ ഇങ്ങനെയൊരു ആഭ്യന്തരമന്ത്രിയെ കിട്ടിയതില്‍ കുറ്റവാളികളും കൊലപാതകികളും സന്തോഷിക്കുകയാണ്. നിയമപാലകരായ പോലീസുകാര്‍ക്ക് എന്ത് നിയമവിരുദ്ധ പ്രവര്‍ത്തനം നടത്താനും മടിയില്ലാതായിരിക്കുന്നു. സിപിഎമ്മിന് വിടുപണി ചെയ്താല്‍ മാത്രം മതി, ഈ ഭരണ സംവിധാനത്തില്‍ തങ്ങള്‍ ശിക്ഷിക്കപ്പെടില്ലെന്ന ഉറപ്പ് അവര്‍ക്കുണ്ട്. പോലീസിന്റെ പെരുമാറ്റത്തില്‍ മുഖ്യമന്ത്രിക്ക് അതൃപ്തിയുണ്ടത്രേ. അതൃപ്തിയുണ്ടായാല്‍ പോരാ, അച്ചടക്കം പാലിക്കാനും പോലീസിനെ പഠിപ്പിക്കണം. അതിന് കഴിയുന്നില്ലെങ്കില്‍ മുഖ്യമന്ത്രി ആഭ്യന്തര വകുപ്പ് ഒഴിയുകയാണു വേണ്ടത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: