തിരുവനന്തപുരം: കേരളത്തില്‍ ഒമിക്രോണ്‍ വ്യാപനം കൂടിവരുന്ന സാഹചര്യത്തില്‍ നിയന്ത്രണങ്ങള്‍ വര്‍ധിപ്പിച്ച് സംസ്ഥാന സര്‍ക്കാര്‍. കല്യാണം, മരണാനന്തര ചടങ്ങുകള്‍, മറ്റു സാമൂഹ്യ രാഷ്ട്രീയ സാംസ്കാരിക, സാമുദായിക പൊതുപരിപാടികള്‍ പങ്കെടുക്കാവുന്ന സംഖ്യയിലാണ് നിയന്ത്രണം കൊണ്ടു വന്നത്.
ഇത്തരം പരിപാടികള്‍ നടത്തുമ്പോള്‍ അടച്ചിട്ട മുറികളില്‍ 75 പേരും തുറസ്സായ സ്ഥലങ്ങളില്‍ 150 പേര്‍ക്കും മാത്രമെ പ്രവേശന അനുമതിയുള്ളു. മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന കോവിഡ് അവലോകന യോഗത്തിലാണ് തീരുമാനം. എല്ലാ രാജ്യങ്ങളില്‍ നിന്നും വരുന്ന രോഗ ലക്ഷണങ്ങളുള്ളവരുടെ പരിശോധന എയര്‍പോര്‍ട്ടുകളില്‍ ശക്തിപ്പെടുത്തണമെന്നും മുഖ്യമന്ത്രി നിര്‍ദേശിച്ചു.
ഇതുവരെ കോവിഡ് മരണ ധനസഹായത്തിന് അപേക്ഷിക്കാത്തവര്‍ ഉടന്‍ തന്നെ അപേക്ഷിക്കണമെന്ന് സര്‍ക്കാര്‍ അറിയിച്ചു. നിലവില്‍ ലഭിച്ച അപേക്ഷകളില്‍ നടപടി എത്രയും വേഗം കൈകൊള്ളാനും തീരുമാനിച്ചു. സംസ്ഥാനത്തെ ഒമിക്രോണ്‍ കേസുകള്‍ വര്‍ദ്ധിക്കുകയാണ്. നിലവില്‍ കേരളത്തില്‍ 181 ഒമിക്രോണ്‍ ബാധിതരാണ് ഉള്ളത്.
സംസ്ഥാനത്ത് 80 ശതമാനം പേര്‍ക്ക് രണ്ടാം ഡോസ് വാക്സിന് നല്‍കിയിട്ടുണ്ട്. 15.43 ലക്ഷം കുട്ടികളാണ് വാക്സിന് ലഭിക്കാന്‍ അര്‍ഹരായിട്ടുള്ളവര്‍. ഇതില്‍ രണ്ടു ശതമാനം കുട്ടികള്‍ക്ക് വാക്സിനേഷന് നല്‍കിയതായും സര്‍ക്കര്‍ വ്യക്തമാക്കി. ഒമിക്രോണ്‍ വ്യാപന സാഹചര്യത്തില്‍ വീടുകളില്‍ കോവിഡ് ചികിത്സയില്‍ കഴിയുന്നവര്‍ക്കുള്ള ചികിത്സാ പ്രോട്ടോക്കോള്‍ ആരോഗ്യവകുപ്പ് പുറത്തിറക്കുമെന്നും അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: