മാവേലിക്കര: മാവേലിക്കര ഗ്രൂപ്പില്‍പ്പെട്ട കണ്ടിയൂര്‍ ക്ഷേത്രത്തിലെ വഴിപാടുകളുമായി ബന്ധപ്പെട്ട് ഓഡിറ്റും വിജിലന്‍സും കണ്ടെത്തിയ ക്രമക്കേടുകളില്‍ ഉത്തരവാദികള്‍ക്കെതിരെ നടപടികള്‍ എടുക്കുവാനാകാതെ ദേവസ്വം ബോര്‍ഡ് ഇരുട്ടില്‍ തപ്പുന്നു. ഇതിനു പിന്നില്‍ ആരോപണ വിധേയരുടെ സ്വാധീനവും രാഷ്ട്രീയ ഇടപെടലുകളുമാണെന്ന് ആരോപണമുണ്ട്.
ക്ഷേത്ര വഴിപാടുകളുമായി ബന്ധപ്പെട്ട് ഹോമദ്രവ്യങ്ങള്‍ ഉള്‍പ്പടെയുള്ള സാധനങ്ങള്‍ അതതു ക്ഷേത്രങ്ങളിലെ സബ് ഗ്രൂപ്പ് ഓഫീസര്‍മാര്‍ വാങ്ങുകയും രസീതുപ്രകാരമുള്ള ബാക്കി തുക ദേവസ്വത്തിലേക്ക് ഒടുക്കുകയുമായിരുന്നു പതിവ്. എന്നാല്‍ ദേവസ്വത്തിന് വരുമാന നഷ്ടമുണ്ടാക്കുന്ന ഈ രീതി പിന്നീട് തിരുത്തി ഉത്തരവിറക്കിയിരുന്നു. രസീതുപ്രകാരമുള്ള മുഴുവന്‍ വഴിപാടുകളുടെയും തുക ഒടുക്കണമെന്നതായിരുന്നു പുതിയ ഉത്തരവ്. ഈ ഉത്തരവ് കാറ്റില്‍ പറത്തി ഹോമങ്ങളുമായി ബന്ധപ്പെട്ട വഴിപാടുകളുടെ തുകയില്‍ ക്രമക്കേട് കാണിക്കുകയും ദശലക്ഷക്കണക്കിന് രൂപ ദേവസ്വത്തില്‍ അടക്കാതെ ഉദ്യോഗസ്ഥര്‍ വീഴ്ച വരുത്തിയെന്നുമായിരുന്നു ഓഡിറ്റില്‍ കണ്ടെത്തിയിരുന്നത്. ഇക്കാര്യത്തില്‍ വിജിലന്‍സ് അന്വേഷണം നടത്തുകയും ഓഡിറ്റിന്റെ കണ്ടെത്തലുകള്‍ ശരിവെക്കുകയും ചെയ്തിരുന്നു.
ഇതിനിടെ മാവേലിക്കര ദേവസ്വം മരാമത്ത് ഡിവിഷനു കീഴില്‍ കഴിഞ്ഞ കാലങ്ങളില്‍ നടന്ന പല മരാമത്തു പണികള്ക്കെതിരെയും വിജിലന്‍സ് റിപ്പോര്‍ട്ട് നല്‍കിയിട്ടുണ്ട്. ക്ഷേത്രങ്ങളിലെ ഉത്സവങ്ങള്‍ക്കു മുന്നോടിയായി മരാമത്ത് പണികള്‍ ചെയ്തുവെന്ന് വരുത്തി വന്‍ തുക തട്ടുന്നതായി റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നു. എന്നാല്‍ ഈ കണ്ടെത്തലുകളില്‍ തുടര്‍ നടപടികളെടുക്കാതെ ദേവസ്വം ബോര്‍ഡ് ഒളിച്ചുകളിക്കുന്നതായാണ് പരാതി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: