കൊച്ചി: കോഴിക്കോട് ഇരട്ട സ്ഫോടനക്കേസില്‍ എന്‍ഐഎ കോടതി ശിക്ഷിച്ചതിനെതിരെ സ്വയം വാദിക്കാനുള്ള തീരുമാനത്തില്‍ നിന്നു പിന്‍വാങ്ങിയ ഭീകരന് തടിയന്റവിട നസീറിനു വേണ്ടി വാദിക്കാന്‍ എത്തിയത് സിപിഎം അഭിഭാഷകന്. കഴിഞ്ഞ പിണറായി വിജയന് സര്‍ക്കാരിലെ അഡീഷണല്‍ അഡ്വ.ജനറല്‍ ഓഫ് പ്രോസിക്യൂഷന് സുരേഷ് ബാബു തോമസാണ് നസീറിനു വേണ്ടി ഹാജരായത്. ഇന്നലെ കോടതിയില്‍ ഹാജരാക്കിയപ്പോള്‍ അഭിഭാഷകനുമായാണു പ്രതി എത്തിയത്. സ്വയം വാദിക്കുകയാണോ അഭിഭാഷകനുണ്ടോ എന്നു കോടതി ഇന്നലെ ചോദിച്ചപ്പോള്‍ അഭിഭാഷകനുമായാണ് എത്തിയിരിക്കുന്നതെന്നു മറുപടി നല്കി. തുടര്‍ന്നാണ് അഭിഭാഷകനു വക്കാലത്തു നല്കാന് കോടതി അനുവാദം നല്കയത്.
അതേസമയം, സ്ഫോടനക്കേസിലെ മറ്റൊരു പ്രതിയും ഇരട്ട ജീവപര്യന്തം ലഭിച്ചയാളുമായ ഷഫാസിന് വേണ്ടി മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം.ശിവശങ്കരന് വേണ്ടി സ്വര്‍ണ്ണക്കടത്ത് കേസ് നടത്തുന്ന എസ്.രാജീവാണ് ഹാജരായി. ഇരട്ട സ്ഫോടനക്കേസില്‍ ഇസ്ലാമിക ഭീകരര്‍ക്ക് വേണ്ടി സിപിഎം അഭിഭാഷകര്‍ ഹാജരായതില്‍ വലിയ പ്രതിഷേധം ഉയരുന്നുണ്ട്. സിപിഎം ഭരണത്തില്‍ സുപ്രധാന നിയമപദവിയില് ഇരുന്ന ആള് രാജ്യസുരക്ഷയെ പോലും ബാധിക്കുന്ന ഭീകരപ്രവര്‍ത്തനത്തില്‍ ഏര്‍പ്പെട്ട വ്യക്തിക്കു വേണ്ടി ഹാജരായാതിന്റെ ഔചിത്യമാണ് ചോദ്യം ചെയ്യപ്പെടുന്നത്. 2006ല്‍ കോഴിക്കോട് ബസ് സ്റ്റാന്‍ഡില്‍ രണ്ടിടത്തായി സ്ഫോടനം നടത്തിയ കേസിലാണ് എന്‍ഐഎ കോടതി ഇയാളെ ശിക്ഷിച്ചത്. കേരളത്തില്‍ എന്‍ഐഎ അന്വേഷിച്ചു കുറ്റപത്രം നല്കിയ ആദ്യ തീവ്രവാദ കേസ് എന്ന പ്രത്യേകതയുണ്ട് ഇതിന്. രാജ്യദ്രോഹം, ഗൂഢാലോചന, വധശ്രമം തുടങ്ങിയ വകുപ്പുകള്‍ ചുമത്തിയാണു പ്രതിക്കെതിരെ കുറ്റപത്രം നല്‍കിയിരുന്നത്.
അതേസമയം, അപ്പീലില്‍ വാദം കേള്‍ക്കുന്നത് ഓണ്‍ലൈനായി കാണാന്‍ തടിയന്റവിടെ നസീറിന് സൗകര്യമൊരുക്കണമെന്ന് ഹൈക്കോടതി നിര്‍ദേശം നല്‍കിയിട്ടുണ്ട്. ഇതിനായി ജയിലില്‍ വീഡിയോ കോണ്‍ഫറന്‍സിങ് സൗകര്യം ഒരുക്കി നല്‍കണമെന്നു ബംഗളുരു ജയിലധികൃതര്‍ക്കു കോടതി നിര്‍ദേശം നല്കി. നസീറിനെ ജയിലിലേക്കു തിരികെ കൊണ്ടുപോകാനും കോടതി നിര്‍ദേശിച്ചു. അപ്പീല്‍ ഹര്‍ജിയില്‍ നേരിട്ടു വാദിക്കണമെന്ന തടിയന്റവിട നസീറിന്റെ ആവശ്യം നേരത്തേ കോടതി അംഗീകരിച്ചിരുന്നു. തുടര്‍ന്നാണ് നസീറിനെ ഇന്നലെ ഹൈക്കോടതിയില്‍ ഹാജരാക്കിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: