ഹൈദരാബാദ്: തെലുങ്കാനയിലെ ബിജെപി സംസ്ഥാനപ്രസിഡന്റ് ബണ്ടി സഞ്ജയ്കുമാറിനെ രാത്രി ബിജെപി ഓഫീസില്‍ നിന്നും ബലംപ്രയോഗിച്ച് അറസ്റ്റ് ചെയ്ത സംഭവം ജനാധിപത്യത്തിന്റെ മരണമെന്ന് ബിജെപി ദേശീയ പ്രസിഡന്റ് ജെ.പി. നദ്ദ.
കെ.സി. ചന്ദ്രശേഖരറാവുവിന്റെ നിര്‍ദേശപ്രകാരം ബിജെപി സംസ്ഥാന പ്രസിഡന്റ് ബണ്ടി സഞ്ജയ്കുമാറിന്റെ ആഫീസില്‍ നിന്നും പൊലീസ് ബലംപ്രയോഗിച്ചാണ് അദ്ദേഹത്തെ അറസ്റ്റ് ചെയ്തത്. മുതിര്‍ന്ന ബിജെപി നേതാക്കള്‍ക്കും പ്രവര്‍ത്തകര്‍ക്കും നേരെ ലാത്തിച്ചാര്‍ജ്ജ് നടത്തി. ഇത് അങ്ങേയറ്റം അപലപനീയമാണ്. ജനാധിപത്യത്തിന്റെ മരണത്തിന് മറ്റൊരു ഉദാഹരണം കൂടിയാണ് പൊലീസിന്റെ ഈ അഴിഞ്ഞാട്ടമെന്നും ജെപി നദ്ദ കുറ്റപ്പെടുത്തി.
കാര്യകര്ത്തമാരും അധ്യാപകരും സംസ്ഥാന സര്‍ക്കാര്‍ ജീവനക്കാരും ബണ്ടി സഞ്ജ്കുമാറിന്റെ കരിംനഗറിലുള്ള ഓഫീസില്‍ എത്തിയിരുന്നു. കെ.സി.ആര് സര്‍ക്കാരിന്റെ കരിനിയമങ്ങള്‍ക്കെതിരെ പരാതി പറയാനാണ് അവര്‍എത്തിയത്. ഇതേ തുടര്‍ന്ന് ബണ്ടി സഞ്ജയ് കുമാറും ബിജെപി നേതാക്കളും സമാധാനപരമായി, കോവിഡ് പ്രൊട്ടോക്കോള്‍ പാലിച്ച് രാത്രി ധര്‍ണ്ണ നടത്തുകയായിരുന്നു. എന്നാല്‍ ഈ ധര്‍ണ്ണയെ ഭയന്നാണ് സമാധാനപമായ സമരത്തിനെതിരെ പൊലീസിനെ അയച്ച് ആക്രമണം നടത്തിയത്. ഇത് തെലുങ്കാനയില്‍ നിലനില്‍ക്കുന്ന രാഷ്ട്രീയ അരാജകത്വത്തിനും പ്രതികാരരാഷ്ട്രീയത്തിനും ഉദാഹരണമാണ്.- ജെ.പി. നദ്ദ കുറ്റപ്പെടുത്തി.
സ്ത്രീകള്‍ ഉള്‍പ്പെടെയുള്ള ബിജെപി നേതാക്കള്‍ക്കെതിരെ പൊലീസ് ലാത്തി വീശി. പിന്നീട് അവരെ അറസ്റ്റ് ചെയ്തു. സംസ്ഥാനത്ത് ബിജെപിയുടെ വളര്‍ച്ചയിലും സ്വീകാര്യതയിലും അങ്ങേയറ്റം ആശങ്കാകുലനാണ് കെ.സി.ആര്. ബിജെപി നേതാക്കളെയും പ്രവര്‍ത്തകരെയും ലക്ഷ്യമാക്കി ഭരണഘടനാവിരുദ്ധമായി ഇടപെടുകയാണ് കെസിആര്‍ സര്‍ക്കാര്‍.
എന്നാല്‍ തെലുങ്കാന സര്‍ക്കാരിന്റെ ഇത്തരം നിയമവിരുദ്ധ നടപടികളെ ബിജെപി തെല്ലുഭയക്കുന്നില്ലെന്ന കാര്യം കെ.സി.ആര് മനസ്സിലാക്കണം. കെസിആര്‍ സര്‍ക്കാരിന്റെ ജനവിരുദ്ധനയങ്ങളെ ബിജെപി എതിര്‍ക്കും. ജനാധിപത്യരീതിയില്‍ ബിജെപി അവരുടെ പ്രതിഷേധം തുടരും.-ജെപി നദ്ദ പ്രസ്താവനയില്‍ ചൂണ്ടിക്കാട്ടി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: