ഡിസംബര്‍ മാസം രാജ്യത്ത് ഏറ്റവും കൂടുതല്‍ വാഹനങ്ങള്‍ വിറ്റ രണ്ടാമത്തെ കമ്പനിയായി ടാറ്റ. നവംബര്‍ മാസത്തില്‍ രണ്ടാം സ്ഥാനത്തായിരുന്ന ഹ്യുണ്ടായിയെ പിന്നിലാക്കിയാണ് ടാറ്റയുടെ നേട്ടം. രാജ്യത്തെ വാഹനവില്‍പ്പനയില്‍ മാരുതി തന്നെയാണ് ഒന്നാമത്.
2021 ഡിസംബറില്‍ ടാറ്റ മോട്ടോര്‍സ് 35,300 വാഹനങ്ങള്‍ വിറ്റപ്പോള്‍ 32,312 വാഹനങ്ങളാണ് ഹ്യുണ്ടായി വിറ്റത്. ഒക്ടോബര്‍ മുതല്‍ ഡിസംബര്‍ വരെ 99,000 വാഹനങ്ങള്‍ വിറ്റതോടെ കഴിഞ്ഞ വര്‍ഷം 3.31 ലക്ഷം വാഹനങ്ങള്‍ ടാറ്റയ്ക്ക് വില്‍ക്കാനായി. ടാറ്റയുടെ എസ്യുവി വാഹനങ്ങള്‍ക്ക് ജനപ്രീതി കൂടിയതാണ് അവരുടെ വില്‍പ്പനയെ ശക്തിപ്പെടുത്തിയത്. കോവിഡ് തീര്‍ത്ത പ്രതിസന്ധിയില്‍ നിന്ന് പതുക്കെയാണെങ്കിലും വാഹനലോകം ഉയരുന്നതിന്റെ തെളിവാണ് ടാറ്റയുടെ മുന്നേറ്റം. സെമികണ്ടക്ടറുകളുടെ ലഭ്യത അലട്ടുന്നുണ്ടെങ്കിലും വരും വര്‍ഷം അത് മറികടക്കാന്‍ സാധിക്കുമെന്ന പ്രതീക്ഷയിലാണ് വാഹനനിര്‍മ്മാതാക്കള്‍.
ടാറ്റ മോട്ടോഴ്സ് പുതുതായി പുറത്തിറക്കിയ പഞ്ച് മൈക്രോ എസ്യുവിക്ക് വാങ്ങുന്നവരില്‍ നിന്ന് മികച്ച പ്രതികരണമാണ് ലഭിക്കുന്നതെന്നും അതികൃതര്‍ പറഞ്ഞു. അതോടൊപ്പം, കമ്പനിയുടെ ഇലക്ട്രിക് വാഹന മോഡലുകള്‍ക്കും വന്‍ ഡിമാന്‍ഡ് രേഖപ്പെടുത്തി. 2021 സാമ്പത്തിക വര്‍ഷത്തിന്റെ കഴിഞ്ഞ 9 മാസങ്ങളില്‍ 10,000 യൂണിറ്റുകളുമാണ് കമ്പനി വിറ്റഴിച്ചത്. അതില്‍ 2,255 ഇലക്ട്രിക് വാഹനങ്ങളും കമ്പനി വിറ്റഴിച്ചു. എന്നാല്‍ ഹ്യുണ്ടായ് ഇന്ത്യ അര്‍ദ്ധചാലക ചിപ്പുകളുടെ വലിയ ക്ഷാമം നേരിടുന്നുണ്ട്. ഇക്കാരണങ്ങള്‍ കൊണ്ടുതന്നെ കഴിഞ്ഞ കുറച്ച് മാസങ്ങളായി ‘നോ പ്രൊഡക്ഷന്‍ ഡേ’ ആചരിക്കാന്‍ ബ്രാന്‍ഡിനെ നിര്‍ബന്ധിതരാക്കി. അതേസമയം 2020 വര്‍ഷത്തെ വില്‍പ്പന പ്രകടനത്തേക്കാള്‍ ആഭ്യന്തര വിപണിയില്‍ 2021 സിവൈയില്‍ 19.2 ശതമാനം വളര്‍ച്ചയാണ് എച്ച്എംഐഎല്‍ രേഖപ്പെടുത്തിയതെന്ന് ഹ്യുണ്ടായ് മോട്ടോര്‍ ഇന്ത്യയുടെ സെയില്‍സ് ആന്‍ഡ് മാര്‍ക്കറ്റിംഗ് ഡയറക്ടര്‍ തരുണ്‍ ഗാര്‍ഗ് പറഞ്ഞു.
എന്നാല്‍ 2021 നവംബറിലും ടാറ്റ മോട്ടോഴ്സിന് വമ്പന്‍ നേട്ടം സ്വന്തമാക്കാന്‍ സാധിച്ചു. 2020 നവംബറിലെ 21,228 യൂണിറ്റുകളില്‍ നിന്ന് 2021 നവംബറില്‍ കമ്പനി 28,027 വാഹനങ്ങളും വിറ്റു. അങ്ങനെ 38 ശതമാനം വില്‍പ്പന വളര്‍ച്ചയാണ് നവംബറില്‍ ടാറ്റയ്ക്ക് ലഭിച്ചത്. അതിനുശേഷം 32 ശതമാനം വാര്‍ഷിക വളര്‍ച്ചയും കമ്പനി രേഖപ്പെടുത്തി. കമ്പനിയുടെ ഇ.വി വില്‍പ്പനയിലും 324% വര്‍ദ്ധനവ് രേഖപ്പെടുത്തി. കഴിഞ്ഞ വര്‍ഷം ഇതേ കാലയളവിലെ 413 യൂണിറ്റുകളില്‍ നിന്ന് കഴിഞ്ഞ മാസം 1,751 ഇവികള്‍ ടാറ്റ വിതരണം ചെയ്തു.
പാസഞ്ചര്‍ വാഹന വിഭാഗത്തില്‍ മാത്രമല്ല, വാണിജ്യ, പാസഞ്ചര്‍ വാഹനങ്ങള്‍ ഉള്‍പ്പെടെ ടാറ്റ മോട്ടോഴ്സിന്റെ ആഭ്യന്തര വില്‍പ്പനയില്‍ 21% വാര്‍ഷിക വളര്‍ച്ചയും 2021 നവംബറില്‍ രേഖപ്പെടുത്തിയിരുന്നു. ടാറ്റയുടെ വാണിജ്യ വിഭാഗം പ്രതിവര്‍ഷം 15% വളര്‍ച്ച രേഖപ്പെടുത്തി. 2021 നവംബറില്‍ കമ്പനി 32,254 വാണിജ്യ വാഹനങ്ങള്‍ വിറ്റഴിച്ചു, കഴിഞ്ഞ വര്‍ഷം ഇതേ മാസം 27,982 യൂണിറ്റുകള്‍ വിറ്റു. അതേസമയം ഹ്യുണ്ടായ് മോട്ടോര്‍ കമ്പനിക്ക് 2021 നവംബറില്‍ 24.18 ശതമാനം നെഗറ്റീവ് വളര്‍ച്ചയാണ് ലഭിച്ചത്. 2021 നവംബറില്‍ കമ്പനി 37,001 യൂണിറ്റുകള്‍ വിറ്റു. 2020ല്‍ ഇതേ മാസത്തില്‍ 48,800 യൂണിറ്റുകള്‍ ആണ് ഹ്യുണ്ടായി വിറ്റത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: